ADVERTISEMENT

വടക്കഞ്ചേരി ∙ ദേശീയപാത ചുവട്ടുപാടത്ത് ദമ്പതികളെ ആക്രമിച്ച് ബന്ദികളാക്കി വജ്രാഭരണങ്ങൾ അ‌ടക്കം ഇരുപത്തിയഞ്ചര പവനും 10,000 രൂപയും ഫോണും എടിഎം കാർഡും കവർന്ന കേസിലെ പ്രതികള്‍ പൊലീസ് വലയിലായതായി സൂചന. തമിഴ്നാ‌‌ട് സ്വദേശികളായ രണ്ട് സ്ത്രീകള്‍ അടക്കം 6 പ്രതികളെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. ഇവരുമായി ഇന്ന് പൊലീസ് തെളിവെട‌ുപ്പ് നടത്തും. വട‌ക്കഞ്ചേരി ചുവട്ടുപാട‌ം ദേശീയപാതയോരത്തുള്ള പുതിയേടത്ത് വീട്ടിൽ സാം.പി.ജോൺ (62), ഭാര്യ ജോളി എന്നിവരെ ആക്രമിച്ചാണ് 22 വ്യാഴാഴ്ച രാത്രി 9 മണിയോടെ നാടിനെ നടുക്കിയ മോഷണം നടന്നത്.

ആറോളം പേർ വീടിനു മുന്നിലെ വാതിലിനടുത്ത് ഒളിഞ്ഞുനിന്ന ശേഷം ഒരാൾ ദേശീയപാതയോരത്തെ ഗെയ്റ്റിനു മുന്നിൽ ബൈക്ക് നിർത്തി തുടർച്ചയായി ഹോൺ മുഴക്കുകയായിരുന്നു. കൂട്ടുകാർ അത്യാവശ്യത്തിന് വിളിക്കുന്നതാകുമെന്ന് കരുതി സാം വാതിൽ തുറന്നപ്പോൾ മോഷ്ടാക്കൾ അകത്തുകടക്കുകയായിരുന്നു. സാമിനെ ആക്രമിച്ച് അവശനാക്കി ഉടുതുണി കീറി കൈകാലുകൾ ബന്ധിക്കുകയും മുഖത്ത് ഇരുമ്പുക‌ട്ടകൊണ്ട് അടിക്കുകയും ചെയ്തു. ഭാര്യ കരഞ്ഞപേക്ഷിച്ചതോടെയാണ് മോഷ്ടാക്കള്‍ ആക്രമണത്തില്‍ നിന്ന് പിന്‍മാറിയത്.

മോഷണത്തെ തുടര്‍ന്ന് കാറില്‍ രക്ഷപ്പെട്ട സംഘത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ആലത്തൂർ ഡിവൈഎസ്പി ആർ.അശോകൻ, വടക്കഞ്ചേരി സിഐ എ.ആദംഖാൻ, എസ്ഐ കെ.വി.സുധീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കുറ്റാന്വേഷണ വിഭാഗങ്ങളിലെ വിദഗ്ധരെ ഉൾപ്പെടുത്തി തമിഴ്നാട്ടില്‍ ഉള്‍പ്പെടെ ന‌ടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ കുടുങ്ങിയത്. കവർച്ചാസംഘം എത്തിയ കാറും ബൈക്കും തമിഴ്നാ‌‌ട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി. കാറിൽ വ്യാജ നമ്പർ പതിച്ചാണ് സംഘം മോഷണത്തിന് എത്തിയത്. ഇവരില്‍ സ്ത്രീകളും ഉള്‍പ്പെട്ടതോടെ തിരുട്ടുഗ്രാമത്തിലുള്ളവരാണ് മോഷണം നടത്തിയതെന്നാണ് നിഗമനം. 

മറ്റൊരു കേസില്‍ മധുര പൊലീസിന്റെ പിടിയിലായവരില്‍ വടക്കഞ്ചേരിയില്‍ മോഷണം നടത്തിയവരും ഉള്‍പ്പെട്ടിരുന്നു. ഇവരെ തമിഴ്നാട്ടിലെത്തി ചോദ്യം ചെയ്തതോ‌ടെയാണ് മറ്റ് പ്രതികളെക്കുറിച്ച് പൊലീസിനു സൂചന ലഭിച്ചത്. സേലം കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന വൻ സംഘത്തിലെ കണ്ണികളാണിവരെന്ന് പൊലീസ് സംശയിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com