ADVERTISEMENT

ഒട്ടേറെ കായികതാരങ്ങളെ സംഭാവന ചെയ്ത ജില്ലയാണെങ്കിലും ചരൽമണ്ണിലും പാറപ്പുറം പോലെയുള്ള ഗ്രൗണ്ടുകളിലും മത്സരിക്കാനും പരിശീലിക്കാനുമാണു ജില്ലയിലെ താരങ്ങളുടെ യോഗം. ഇത്തരം ഗ്രൗണ്ടുകളിൽ നിന്നുണ്ടാക്കുന്ന പരുക്കുകൾ കായികഭാവിയെത്തന്നെ ഇല്ലാതാക്കിയേക്കും. മെഡിക്കൽ കോളജിലെ  സിന്തറ്റിക് ട്രാക്കെങ്കിലും എത്രയും വേഗം പൂർണസജ്ജമായെങ്കിൽ ...

ഓട്ടത്തിലും ചാട്ടത്തിലും പാലക്കാട്ടെ കുട്ടികൾ ഒരു ചുവടു മുന്നിൽത്തന്നെയാണ്.  ദേശീയ, സംസ്ഥാന ചാംപ്യൻഷിപ്പുകളിൽ മാത്രമല്ല, ഒളിംപിക്സ് വരെ എത്തി നമ്മുടെ മികവ്. പൂഴി മണ്ണിലും ചരൽ മണ്ണിലും പരിശീലനം നടത്തിയ ഇവർ മെഡലുകൾ വാരുമ്പോഴും കഴിവു പൂർണമായി പുറത്തെടുക്കാൻ  കഴിയുന്നില്ല. അതു താരങ്ങളുടെ കുഴപ്പമല്ല.  സൗകര്യങ്ങളുടെ കുറവാണ്. ഗ്രൗണ്ടിൽ ചിതറിക്കിടക്കുന്ന ഒരു കരിങ്കൽ കഷണമോ ചെറിയ കുഴിയോ മതി ഒരു കായികതാരത്തിന്റെ ജീവിതം ഇരുട്ടിലാക്കാൻ. ഒരു ചെറിയ പരുക്കു പോലും കരിയറിന് അവസാനമാകും. 

ഈ ദുരവസ്ഥയിൽ നിന്നു താരങ്ങളെ പിടിച്ചുയർത്തണം. അതിനു പരിശീലന മൈതാനങ്ങളും സൗകര്യങ്ങളും വേണം. പരിശീലനത്തിനും മത്സരങ്ങൾക്കുമായി നല്ലൊരു മൈതാനം എന്നു സജ്ജമാകും? കോവിഡ് ഇടവേളയ്ക്കു ശേഷം   ജില്ലാ സ്കൂൾ കായികമേള പുനരാരംഭിക്കുമ്പോൾ ഇത്തവണയും ആതിഥേയത്വം വഹിക്കുന്നതു മുട്ടിക്കുളങ്ങര പൊലീസ് ക്യാംപിലെ ഗ്രൗണ്ടാണ്. മൺട്രാക്കാണ് ഇവിടെ, ചരൽമണ്ണ്. സൗകര്യങ്ങളും കുറവ്. പരുക്കിനു സാധ്യതയേറെ.

ഒളിംപ്യൻ എം.ശ്രീശങ്കർ, പി.യു.ചിത്ര, എം.ഡി. താര, വി.വി. ജിഷ, സി.ആർ. അബ്ദുൽ റസാഖ്, ജെ. വിഷ്ണുപ്രിയ തുടങ്ങി നാൽപതിലേറെ ദേശീയ, രാജ്യാന്തര താരങ്ങൾ ജില്ലയിലുണ്ട്. ഇതു കൂടാതെ അൻപതിലേറെ സംസ്ഥാനതല താരങ്ങളും. ഇവർക്കു നല്ല രീതിയിൽ പരിശീലന സൗകര്യം ഒരുക്കേണ്ടതു നാടിന്റെ ആവശ്യമാണ്. അതിനുള്ള പദ്ധതികൾ കൊണ്ടുവരികയും  പൂർത്തിയാക്കുകയും വേണം.  തുടർച്ചയായി മികവു കാണിക്കുമ്പോഴും  മെഡിക്കൽ കോളജിലെ സിന്തറ്റിക് ട്രാക്ക് പോലും സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയാത്തതു കായിക താരങ്ങളോടുള്ള വഞ്ചനയല്ലേ ?

മികവിൽ മുന്നിൽ

സംസ്ഥാന സ്കൂൾ കായിക മേളയിൽ  ആദ്യത്തെ മികച്ച 10 സ്കൂളുകളിൽ ചുരുങ്ങിയതു മൂന്നോ നാലോ എങ്കിലും ജില്ലയിൽ നിന്നുണ്ടാകും. കല്ലടി എച്ച്എസ്എസ് കുമരംപുത്തൂർ, പറളി എച്ച്എസ്, മാത്തൂർ സിഎഫ്ഡി, മുണ്ടൂർ എച്ച്എസ്എസും– എല്ലാം മികവു തെളിയിച്ചിട്ടുള്ളതാണ്. പറളി എച്ച്എസ്എസിൽ മാത്രമേ 200 മീറ്റർ സിന്തറ്റിക് ട്രാക്ക് ഉള്ളൂ.  കല്ലടി, മാത്തൂർ, മുണ്ടൂർ എന്നിവിടങ്ങളിൽ മികച്ച ട്രാക്കിലെങ്കിലും കഠിനാധ്വാനമാണു വിജയം. 400 മീറ്റർ സിന്തറ്റിക് ട്രാക്ക് വേണം മത്സരം നടത്താനെന്നു പരിശീലകർ പറയുന്നു. മണ്ണിലെ മത്സരം സുരക്ഷിതമല്ല. ഒരു ചെറിയ പരുക്കു മതി, കായിക താരത്തിന്റെ കരിയർ നശിപ്പിക്കാൻ. മത്സരത്തിനിടെ കാലുതെറ്റിയാൽ പിന്നെ മത്സരിക്കാൻ കഴിയില്ല. ഭാവിയിലെ രാജ്യാന്തര കായികതാരത്തിന്റെ അസ്തമയമാകും പരുക്കുകൾ.

വിജയം ആത്മവിശ്വാസം

സംസ്ഥാന, ദേശീയ മത്സരങ്ങളിലെ വിജയികളാണെങ്കിലും മൺട്രാക്കിലെ പരിശീലനം പ്രകടനത്തെ ബാധിക്കും. സിന്തറ്റിക് ട്രാക്കിലെ പരിശീലനം ആത്മവിശ്വാസം നൽകുക മാത്രമല്ല പരുക്കിൽ നിന്നുള്ള മോചനം കൂടിയാണ്.  താരങ്ങൾ മണ്ണിൽ മത്സരിക്കുന്നതിന്റെയും സിന്തറ്റിക് ട്രാക്കിൽ മത്സരിക്കുന്നതിന്റെയും ഫലം രണ്ടായിരിക്കുമെന്നു കായിക പരിശീലകർ പറയുന്നു. സാധാരണ മൺ ട്രാക്കിൽ 100 മീറ്റർ ഓടുന്ന കുട്ടി, സിന്തറ്റിക് ട്രാക്കിൽ മത്സരിക്കുമ്പോൾ ശരാശരി .5 സെക്കൻഡ് മുൻപേയെത്തും. ഇതു മതി വിജയം ഉറപ്പിക്കാൻ.  ഇതു മനസ്സിലാക്കണമെങ്കിൽ നല്ല ഗ്രൗണ്ട് വേണം. ജില്ലയിൽ മത്സരം നടത്താൻ സൗകര്യമുള്ള സിന്തറ്റിക് ട്രാക്കില്ല.

മെഡിക്കൽ കോളജ് ട്രാക്ക് 

മികച്ച സൗകര്യം ലക്ഷ്യമാക്കി 2015ൽ നിർമാണം ആരംഭിച്ച പാലക്കാട് ഗവ. മെഡിക്കൽ കോളജ് സിന്തറ്റിക് ട്രാക്ക് ഇനിയും പൂർണമായിട്ടില്ല. സിന്തറ്റിക് ട്രാക്ക് പൂർണമായും ഒരുങ്ങാത്തതിനാൽ ഒട്ടേറെ ദേശീയ മത്സരങ്ങൾക്ക് ആതിഥ്യമരുളാനുള്ള അവസരമാണു പാലക്കാടിനു നഷ്ടമായത്. സംസ്ഥാന കായികമേളകൾ പോലും പാലക്കാട്ടു വരാതെയായി. 8 ട്രാക്കോടുകൂടി 400 മീറ്റർ ട്രാക്കുണ്ടെങ്കിലും ഹാമർ, ഡിസ്കസ് ത്രോ ഇനങ്ങൾ ചെയ്യുന്നതിനു സുരക്ഷിതമായ സൗകര്യമില്ല. ഇവയ്ക്കു പ്രത്യേക സുരക്ഷിത വലയം (കേജ്) ആവശ്യമാണെങ്കിലും നിർമിച്ചിട്ടില്ല. വിശ്രമ മുറികൾ, വസ്ത്രം മാറുന്നതിനുള്ള സൗകര്യം എന്നിവയില്ല.  ശുചിമുറികളും ഇല്ല. അടിസ്ഥാന സൗകര്യ നിർമാണം പുരോഗമിക്കുന്നുണ്ടെങ്കിലും പൂർണമായിട്ടില്ല. എങ്കിലും സംസ്ഥാന ടീമിന്റെ പല പരിശീലന ക്യാംപുകളും ഈ ട്രാക്കിൽ നടക്കുന്നുണ്ട്. 

മുനിസിപ്പൽ സ്റ്റേഡിയം

നഗര ഹൃദയത്തിൽ കായിക മേളകൾക്കായി  നിർമിച്ച ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ സംസ്ഥാന സ്കൂൾ കായിക മേളയടക്കം നടന്നിട്ടുണ്ട്. എന്നാൽ ഇന്നു പരിശീലിക്കാൻ പോലും ട്രാക്കുകളില്ല. ബന്ധപ്പെട്ട അധികൃതർ നന്നാക്കും എന്നു പറയുന്നുണ്ടെങ്കിലും നടപടിയില്ലാത്ത അവസ്ഥയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com