ADVERTISEMENT

സീറ്റിൽനിന്ന് എണീറ്റതിനാൽ ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് കണ്ണൂർ സ്വദേശിയും എരിമയൂരിലെ ക്വാറി ജീവനക്കാരനുമായ എ.വി.പ്രജിത്ത്.ആലത്തൂർ എരിമയൂരിൽ ഇറങ്ങേണ്ട പ്രജിത്ത് വടക്കഞ്ചേരി കഴിഞ്ഞ് അപകടം നടക്കുന്നതിന് തൊട്ടുമുൻപാണ് കെഎസ്ആർടിസി ബസിന്റെ പുറകിലെ സീറ്റിൽനിന്ന് എഴുന്നേറ്റ് ബാക്കി പണം വാങ്ങാൻ മുൻവശത്ത് എത്തിയത്.

കണ്ടക്ടറോടു ബാക്കി പണം ചോദിക്കുന്ന സമയത്താണ് പ്രജിത്ത്  ഇരുന്ന ഭാഗത്തേക്ക് ടൂറിസ്റ്റ് ബസ് ഇടിച്ചുകയറിയത്. വലിയ ശബ്ദത്തോടെയുള്ള ഇടിയിൽ ബസ് നിയന്ത്രണംവിട്ടെങ്കിലും താഴെ വീണ ഡ്രൈവർ ചാടിക്കയറി ബസ് നിയന്ത്രിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. പരുക്കേറ്റവരെ എടുത്ത് ആശുപത്രിയിൽ എത്തിക്കാൻ പ്രജിത്തും നാട്ടുകാർക്കൊപ്പം ചേർന്നു.

എങ്ങനെയടങ്ങും ഈ പിതാവിന്റെ വേദന

‘എന്റെ പൊന്നുമോളേ...’ അപകടത്തിൽ മരിച്ച എൽന ജോസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുകൾക്കു കൈമാറിയപ്പോൾ അച്ഛൻ ജോസ് ജോസഫ് അലമുറയിട്ടു കരയുന്നതു കാണാൻ കഴിയാതെ, ആലത്തൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയവരും വിതുമ്പി. 

കെട്ടിപ്പിടിച്ചു നെറ്റിയിൽ ഉമ്മ നൽകി യാത്രയാക്കിയ മകളുടെ ചൂട് ഇപ്പോഴും നെഞ്ചിലുണ്ടെന്നു ജോസ് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു. തണുത്തു വിറങ്ങലിച്ച മകളുടെ ശരീരം അന്ത്യചുംബനം നൽകി യാത്രയാക്കാനായി ജോസ് ഏറ്റുവാങ്ങി. കളിചിരിയില്ലാത്ത മകളെ ഭാര്യ ഷൈനുവിന്റെയും മൂത്ത മകൾ എയ്ഞ്ചലിന്റെയും അടുത്ത് എങ്ങനെ എത്തിക്കുമെന്നു കൂടെയുള്ളവരോട് ജോസ് ചോദിച്ചുകൊണ്ടേയിരുന്നു.

ആദ്യവിനോദയാത്ര മരണത്തിലേക്ക്...

വിവാഹം കഴിഞ്ഞ് 13 വർഷത്തിനു ശേഷം, വിദഗ്ധ ചികിത്സകൾക്കും പ്രാർഥനകൾക്കുമൊടുവിൽ ജനിച്ച ഏകമകന്റെ ആദ്യ വിനോദയാത്ര ദുരന്തത്തിലേക്കെത്തിയെന്നതു വിശ്വസിക്കാതെയാണു പിതാവ് പി.സി.തോമസ് ആലത്തൂർ താലൂക്കാശുപത്രിയിലെത്തിയത്. കേട്ട വാർത്ത സത്യമാണെന്നറിഞ്ഞതോടെ തോമസ് തളർന്ന് ആശുപത്രിയിലെ ബെഞ്ചിൽ ഇരുന്നു. ദുഃഖം സഹിക്കാനാകാതെ കരയുന്ന ആ പിതാവിനെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ കൂടെയുള്ളവരും വിഷമിച്ചു.

പത്താം ക്ലാസിലെത്തിയെങ്കിലും ആദ്യ വിനോദയാത്രയായിരുന്നു ക്രിസ് വിന്റർ ബോൺ തോമസിന്റേത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷം ജനിച്ച ഏകമകനായതിനാൽ ക്രസിനെ എങ്ങോട്ടും ഒറ്റയ്ക്കു വിടാൻ പി.സി.തോമസും ഭാര്യ മേരിയും തയാറായിരുന്നില്ല. കൂട്ടുകാർ മുഴുവൻ പോകുന്നുണ്ടെന്നും തനിക്കും പോകണമെന്നും വാശിപിടിച്ചതിനാലാണു സമ്മതം മൂളിയതെന്നു പി.സി.തോമസ് പറഞ്ഞു.

രക്ഷാപ്രവർത്തനത്തിന് എത്തിയത് 25 ആംബുലൻസ്

അപകടമുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനവുമായി സ്വകാര്യ ആംബുലൻസുകളും 108 ആംബുലൻസുകളുമുൾപ്പെടെ ഇരുപത്തിയഞ്ചോളം വാഹനങ്ങളാണ് എത്തിയതെന്ന് ആംബുലൻസ് ഡ്രൈവർമാരുടെ സംഘടനയായ സിയാദിന്റെ നാഷനൽ കോഓർഡിനേറ്ററായ സുരേഷ് പുളിക്കൽ പറയുന്നു. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറാണ് അഞ്ചുമൂർത്തി മംഗലത്ത് അപകടമുണ്ടായെന്നും വൻ അപകടമാണെന്നുമുള്ള വിവരം സുരേഷിനെ വിളിച്ചുപറയുന്നത്.

ആശുപത്രിയിൽനിന്ന് തന്റെ വാഹനത്തിൽ തൃശൂരിലെ വീട്ടിലേക്കു പോവുകയായിരുന്നു ഇദ്ദേഹം. വിവരം അറിഞ്ഞ ഉടൻ സുരേഷ് വിവരം ഡ്രൈവർമാരുടെ വാട്സാപ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. അരമണിക്കൂറിനുള്ളിൽ തന്നെ വടക്കഞ്ചേരിയിൽനിന്ന് രണ്ട് ആംബുലൻസുകൾ അപകട സ്ഥലത്തെത്തി. തുടർന്ന് ആലത്തൂർ, പാലക്കാട്, കണ്ണമ്പ്ര, പുതുക്കോട് എന്നിവിടങ്ങളിലെ സ്വകാര്യ ആംബുലൻസുകളും എത്തി. പാലക്കാട് നിന്ന് 108 ആംബുലൻസുകളും വന്നു.

ഇതിനിടയിൽ 8 പേരെ കാറിലും പിക്കപ്‌ വാനിലുമായി ആശുപത്രിയിലെത്തിച്ചിരുന്നു. ബാക്കിയുള്ളവരിൽ ഭൂരിഭാഗം പേരെയും അവിടെയെത്തിയ ആംബുലൻസുകളിലാണ് വിവിധ ആശുപത്രികളിലെത്തിച്ചത്. വിദഗ്ധ ചികിത്സകൾക്കായി മറ്റ് ആശുപത്രികളിലെത്തിച്ചതും ആംബുലൻസുകളിലായിരുന്നു.

5 മണിക്കൂർ, 6 പോസ്റ്റ് മോർട്ടം; സഹായമായി ആലത്തൂർ താലൂക്കാശുപത്രി

താലൂക്കാശുപത്രിയിൽ ഇന്നലെ 5 മണിക്കൂറിനുള്ളിൽ 6 മൃതദേഹങ്ങളാണ് പോസ്റ്റ് മോർട്ടം നടത്തിയത്. അപകടത്തിൽ മരിച്ച 5 പേരുടെയും പുഴയിൽ മുങ്ങിമരിച്ച നിലയിൽ കാണപ്പെട്ട ഒരു സ്ത്രീയുടെയും മൃതദേഹങ്ങൾ ഇതിൽ ഉൾപ്പെടെ. ആശുപത്രിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം മൃതദേഹങ്ങൾ വളരെ വേഗം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുനൽകുന്നതെന്നു പറയുന്നു. രാവിലെ എട്ടിനു തന്നെ വടക്കഞ്ചേരി അപകടത്തിൽ മരിച്ചവരുടെ പരിശോധന നടപടികൾ ആരംഭിച്ചു. 

ഡോക്ടർമാരായ അജയ്കുമാർ, രാധിക, രാജീവ്, ജിഷ, നഴ്സിങ് അസിസ്റ്റന്റുമാരായ പി.എ.കൃഷ്ണദാസ്, ജി.കേശവൻ, ശിവൻ, അറ്റൻഡർമാരായ ഗോപാലകൃഷ്ണൻ, കനകദാസ് എന്നിവരടങ്ങിയ സംഘമാണ് നേതൃത്വം നൽകിയത്. പൊലീസ് സംഘവും നടപടികൾ പെട്ടെന്നു പൂർത്തിയാക്കാൻ സഹായവുമായി രംഗത്തുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com