ADVERTISEMENT

പാലക്കാട് /കൊച്ചി ∙ വടക്കഞ്ചേരിയിൽ അപകടത്തിൽപെട്ട ടൂറിസ്റ്റ് ബസ് അതിനു തൊട്ടു മുൻപു സഞ്ചരിച്ചത് മണിക്കൂറിൽ 97.7 കിലോമീറ്റർ വേഗത്തിലെന്നു മോട്ടർവാഹന വകുപ്പു കണ്ടെത്തി. ബുധനാഴ്ച രാത്രി 11.30നു ബസിന്റെ ജിപിഎസിൽ രേഖപ്പെടുത്തിയതാണിത്. ഇതിന് ഏതാനും നിമിഷങ്ങൾക്കു ശേഷമാണു ബസ് കെഎസ്ആർടിസി ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറുന്നത്. വിനോദയാത്ര പോകുമ്പോഴത്തെ മാർഗനിർദേശങ്ങൾ ടൂറിസ്റ്റ് ബസ് പാലിച്ചിട്ടില്ലെന്നും കണ്ടെത്തി. 

  1)അധ്യാപകൻ വി.കെ.വിഷ്ണു, വിദ്യാർഥികളായ 2) അഞ്ജന അജിത്, 3) സി.എസ്.ഇമ്മാനുവൽ, 4)ക്രിസ് വിന്റർബോൺ തോമസ്,  5) ദിയ രാജേഷ്, 6) എൽന ജോസ്, ബസ് യാത്രികരായ 7) ദീപു ഭാനു, 8) രോഹിത് രാജ്, 9) ഒ.അനൂപ്.
1)അധ്യാപകൻ വി.കെ.വിഷ്ണു, വിദ്യാർഥികളായ 2) അഞ്ജന അജിത്, 3) സി.എസ്.ഇമ്മാനുവൽ, 4)ക്രിസ് വിന്റർബോൺ തോമസ്, 5) ദിയ രാജേഷ്, 6) എൽന ജോസ്, ബസ് യാത്രികരായ 7) ദീപു ഭാനു, 8) രോഹിത് രാജ്, 9) ഒ.അനൂപ്.

ദേശീയപാതയിൽ വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലത്ത് കൊല്ലത്തറ ബസ് സ്റ്റോപ്പിനു സമീപമുണ്ടായ അപകടത്തിൽ 5 സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ 9 പേരാണ് മരിച്ചത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽനിന്ന് ഊട്ടിയിലേക്കു വിനോദയാത്ര പോയ സംഘത്തിന്റെ ബസ്, മുന്നിലുണ്ടായിരുന്ന കെഎസ്ആർടിസി ബസിൽ ഇടിച്ചു മറിയുകയായിരുന്നു. വിനോദയാത്രാ സംഘത്തിൽ 42 വിദ്യാർഥികളും 5 അധ്യാപകരും കൊട്ടാരക്കരയിൽനിന്നു കോയമ്പത്തൂരിലേക്കുള്ള കെഎസ്ആർടിസി ബസിൽ 40 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. ടൂറിസ്റ്റ് ബസിലെ 5 വിദ്യാർഥികളും ഒരു അധ്യാപകനും കെഎസ്ആർടിസി ബസിലെ 3 യാത്രക്കാരുമാണു മരിച്ചത്. 

പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ എല്ലാ മൃതദേഹങ്ങളും സ്വദേശങ്ങളിലേക്കു കൊണ്ടുപോയി. മരിച്ച സ്കൂൾ വിദ്യാർഥികളായ അഞ്ജന അജിത്ത് (17), ദിയ രാജേഷ് (15), സി.എസ്.ഇമ്മാനുവേൽ (17), ക്രിസ് വിന്റർ ബോൺ തോമസ് (15), എൽന ജോസ് (15), കായികാധ്യാപകൻ വി.കെ.വിഷ്ണു (33) എന്നിവരുടെ മൃതദേഹങ്ങൾ സ്കൂളിൽ പൊതുദർശനത്തിനുവച്ചശേഷമാണു വീടുകളിലേക്കു കൊണ്ടുപോയത്. എൽനയുടെ സംസ്കാരം ഇന്നു നടക്കും. മറ്റുള്ളവരുടെ സംസ്കാരം ഇന്നലെ നടന്നു. 

കെഎസ്ആർടിസി ബസിലുണ്ടായിരുന്ന കൊല്ലം പുനലൂർ മണിയാർ എരിച്ചിക്കൽ ചരുവിള കോട്ടത്തല വീട്ടിൽ ദീപു ഭാനു (അപ്പൂസ്–27), തൃശൂർ നടത്തറ മൈനർ റോഡ് സ്വദേശി തെക്കൂട്ട് രവിയുടെ മകൻ രോഹിത് രാജ് (24) എന്നിവരുടെ സംസ്കാരവും നടത്തി. കൊല്ലം കൊട്ടാരക്കര വെളിയം വൈദ്യൻകുന്ന് ശാന്തിമന്ദിരത്തിൽ ഒ.അനൂപിന്റെ (22) സംസ്കാരം ഇന്ന് 12നു നടക്കും. 

അപകടത്തിൽ പരുക്കേറ്റ വിദ്യാർഥികളായ കെ.ബി.അനീറ്റ മേരി (15), അമേയ ഷിബു (17) എന്നിവർ തൃശൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും നേഹ ജയൻ (15), എലിസബത്ത് ബിജു (15) എന്നിവർ കൊച്ചിയിൽ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലുണ്ട്. കൈവിരലുകളിലെ പരുക്കിനെ തുടർന്നു സർജറിക്കു വിധേയയാക്കിയ അധ്യാപിക നാൻസി ജോർജ് (39) പാലക്കാട് ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലാണ്. 

അപകടത്തിനു ശേഷം ഒളിവിൽപോയ ടൂറിസ്റ്റ് ബസ് ഡ്രൈവർ എറണാകുളം ഇലഞ്ഞി അന്ത്യാൽ പൂക്കോട്ടിൽ ജോജോ പത്രോസ് (ജോമോൻ –48) തിരുവനന്തപുരത്തേക്കു കടക്കുന്നതിനിടെ ചവറയിൽ പൊലീസ് പിടിയിലായി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു പ്രധാനമന്ത്രി നരേന്ദ്രമോദി 2 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും. 

ട്രാൻസ്പോർട്ട് കമ്മിഷണർ ഇന്ന് ഹാജരാകണം: ഹൈക്കോടതി

ഡ്രൈവർമാർ കാണിക്കുന്ന കൂസലില്ലായ്മ തുടരാൻ അനുവദിച്ചാൽ റോഡുകൾ കൊലക്കളങ്ങളാകുമെന്നു ഹൈക്കോടതി. വടക്കഞ്ചേരി ബസ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിശദീകരണത്തിനായി ട്രാൻസ്പോർട്ട് കമ്മിഷണർ ഇന്നു ഹൈക്കോടതിയിൽ ഹാജരാകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.റോഡുകൾ ഡ്രൈവർമാർ ഇഷ്ടംപോലെ ഉപയോഗിക്കുകയാണ്. ഇരുചക്ര വാഹനമോടിക്കുന്നവർ ഉൾപ്പെടെ നിയമം പാലിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ വിൻഡ് സ്ക്രീനിന്റെ നടുവിൽ പേരെഴുതിയത് ഉൾപ്പെടെ വടക്കഞ്ചേരി ദുരന്തത്തിലുൾപ്പെട്ട ടൂറിസ്റ്റ് ബസിന്റെ നിയമലംഘനങ്ങളുടെ നിര ചൂണ്ടിക്കാണിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും വിഷയത്തിൽ ഇടപെട്ടു. പലവിധ ശബ്ദമുള്ള ഹോൺ ഘടിപ്പിച്ച ബസിൽ പലനിറത്തിലുള്ള ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

അമിതവേഗം, നിയമലംഘനം

നാലുവരി ദേശീയപാതയിൽ ബസ് ഉൾപ്പെടെയുള്ള ഹെവി പാസഞ്ചർ വാഹനങ്ങൾക്കു മണിക്കൂറിൽ 60 കിലോമീറ്ററാണു വേഗപരിധി. എന്നാൽ, ടൂറിസ്റ്റ് ബസിന്റെ ജിപിഎസിൽ രേഖപ്പെടുത്തിയത് 97.7 കിലോമീറ്റർ. കാതടപ്പിക്കുന്ന ഹോണും ആഡംബര ലൈറ്റുകളും വാഹനത്തിൽ ഉണ്ടായിരുന്നുവെന്നും കുട്ടികൾ എടുത്ത വിഡിയോകളിൽനിന്നു വ്യക്തം. ഗതാഗത വകുപ്പു വിലക്കുപട്ടികയിൽ പെടുത്തിയിട്ടുള്ള ബസാണിത്. ബസിനെതിരെ 5 കേസുകൾ നിലവിലുള്ളതായി ആർടിഒ ഉദ്യോഗസ്ഥർ പറഞ്ഞു. 

രാത്രി യാത്ര ഒഴിവാക്കണം: മന്ത്രി ശിവൻകുട്ടി

സ്കൂളുകളിൽ നിന്നു വിനോദയാത്ര പോകുമ്പോൾ രാത്രി യാത്ര ഒഴിവാക്കണമെന്ന നിർദേശം നിർബന്ധമായും പാലിക്കണമെന്നു മന്ത്രി വി.ശിവൻകുട്ടി ആവശ്യപ്പെട്ടു.രാത്രി 9 മുതൽ രാവിലെ 6 വരെയാണു യാത്ര പാടില്ലെന്നു  നിർദേശിച്ചിട്ടുള്ളത്.  അംഗീകൃത ടൂർ ഓപ്പറേറ്റർമാരുടെ വാഹനം മാത്രമേ ഉപയോഗിക്കാവൂ. യാത്രകളുടെ പൂർണ ഉത്തരവാദിത്തം സ്ഥാപന മേധാവികൾക്കാണ്– മന്ത്രി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com