ADVERTISEMENT

പട്ടാമ്പി ∙ നഗരസഭയിലെ അങ്കണവാടികളിൽ കാലഹരണപ്പെട്ട ഭക്ഷണ സാധനങ്ങൾ നശിപ്പിക്കാൻ ആരോഗ്യ വകുപ്പ് അധികൃതരുടെ ഉത്തരവ്. നഗരസഭയിലെ 22 അങ്കണവാടികളിൽ കെട്ടിക്കിടക്കുന്ന ഗോതമ്പ്, ശർക്കര, വെളിച്ചെണ്ണ, നിലക്കടല, തുടങ്ങി കാലപ്പഴക്കം കെ‍ാണ്ട് ഉപയോഗിക്കാൻ കഴിയാതെയായ സാധനങ്ങൾ ഉടൻ നശിപ്പിച്ചുകളയാനാണ് ആരോഗ്യ വകുപ്പ് ഐസിഡിഎസിന് നിർദേശം നൽകിയത്. കഴിഞ്ഞ ഓഗസ്റ്റ് 3,4 തീയതികളിലായി നഗരസഭകളിലെ 22 അങ്കണവാടികളിലും വിസിറ്റ് നടത്തിയ ആരോഗ്യവകുപ്പ് അധികൃതരാണ് ഭക്ഷണ സാധനങ്ങൾ ഉപയോഗശൂന്യമാണെന്ന് റിപ്പോർട്ട് നൽകിയത്.

ഉപയോഗ ശൂന്യമായ സാധനങ്ങൾ അങ്കണവാടിയിൽ തന്നെ സൂക്ഷിക്കുന്നതിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവിടണമെന്നും ഭക്ഷണസാധനങ്ങൾ കെട്ടിക്കിടക്കാൻ കാരണക്കാരായവർ ആരായാലും അവർക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്നും നഗരസഭ മുസ്‌ലിം ലീഗ് പാർട്ടി ലീഡർ സി.എ. സാജിത് ആവശ്യപ്പെട്ടു

അർഹരായ ഗുണഭോക്താക്കൾക്ക് സമയബന്ധിതമായി വിതരണം നടത്താൻ അനുവദിക്കാത്തതാണ് ഭക്ഷണസാധനങ്ങൾ കാലഹരണപ്പെടാൻ കാരണമായത്. കോവിഡ് കാലത്ത് അങ്കണവാടി പരിധിയിലെ മുഴുവൻ ഗുണഭോക്താക്കൾക്കും കൃത്യമായി വിതരണം ചെയ്തിരുന്ന സാധനങ്ങൾ തുടർന്ന് നൽകേണ്ടതില്ല എന്ന മുകളിൽ നിന്നുള്ള ഉത്തരവാണ് ചാക്ക് കണക്കിന് ഗോതമ്പും ശർക്കരയും കടലയും ഉൾപ്പെടെ നശിച്ച് പോകാൻ കാരണമായതെന്ന് സി.എ. സാജിത് പറഞ്ഞു. .

അങ്കണവാടികളിൽ ഭക്ഷണ സാധനങ്ങൾ കെട്ടിക്കിടക്കുന്നതായി ബോധ്യമായിട്ടും മാസങ്ങളോളം നഗരസഭയോ, ഐസിഡിഎസ് അധികൃതരോ ഒരു ഇടപെടലും നടത്തിയില്ല. ആരോഗ്യ വകുപ്പിന്റെ പരിശോധനയ്ക്കു ശേഷവും ഒരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്നാണ് കൊപ്പം മെഡിക്കൽ ഓഫിസർ വീണ്ടും ഐസിഡിഎസ് സിഡിപി ഒയ്ക്ക് കഴിഞ്ഞദിവസം വീണ്ടും കത്ത് നൽകിയത് .

തുടർന്നാണ് അങ്കണവാടികളിൽ വാർഡ് അംഗത്തിന്റെ അധ്യക്ഷതയിൽ അങ്കണവാടി ലവൽ മോണിറ്ററിങ് ആൻഡ് സപ്പോർട്ടിങ് കമ്മിറ്റി അടിയന്തരയോഗം ചേർന്ന് ഉപയോഗശൂന്യമായ ഭക്ഷണസാധനങ്ങൾ നശിപ്പിക്കാൻ നിർദേശം നൽകിയത്.

ദിവസങ്ങൾക്ക് മുൻപ് അങ്കണവാടികളിൽ വിതരണം ചെയ്ത ആരോഗ്യ മിക്സ് പാക്കറ്റുകൾ ഉപയോഗയോഗ്യമല്ലെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ഇതേ തുടർന്ന് അധികൃതരുടെ പരിശോധന ഉണ്ടാകാനിടയുളളതിനാലാ|ണ് ഐസിഡിഎസ് അടിയന്തിര ഇടപെടൽ. പല അങ്കണവാടികളിലും ഉപയോഗശൂന്യമായ ഭക്ഷണസാധനങ്ങൾ കെട്ടിക്കിടക്കുന്നുവെന്ന വാർത്ത പുറത്തുവന്നതോടെ സമയബന്ധിതമായി ഭക്ഷണ ആനുകൂല്യങ്ങൾ ലഭിക്കാത്ത ഗുണഭോക്താക്കൾക്ക് പ്രതിഷേധമുണ്ട്.

നഗരസഭ ഭരണകർത്താക്കളുടെയും ഐസിഡിഎസ് വകുപ്പ് അധികൃതരുടെയും കെടുകാര്യസ്ഥതയുടെയും നിരുത്തരവാദ നിലപാടുകളുടെയും ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവമെന്ന് സി.എ.സാജിത് കുറ്റപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com