ADVERTISEMENT

പാലക്കാട് ∙ രാജ്യത്തിനു മാതൃകയായി സംസ്ഥാനത്തെ സഹകരണ മേഖല വളർന്നു പന്തലിക്കുമ്പേ‍ാൾ, അതിന്റെ ആദ്യ രൂപമായിരുന്ന ഐക്യനാണയ പ്രസ്ഥാനത്തിനു കീഴിൽ ആരംഭിച്ച ആദ്യ സഹകരണ ബാങ്കിനു 110 വയസ്സ് തികഞ്ഞു. പാലക്കാടാണു സഹകരണബാങ്ക് ആദ്യം ആരംഭിച്ചതെന്നും അധികമാർക്കും അറിയാത്ത കാര്യമാണ്. പ്രവർത്തന ഘടനയും ഭരണസംവിധാനവും കെട്ടുംമട്ടുമെ‍ാക്കെ പിന്നീടു മാറിയെങ്കിലും സഹകരണ പ്രസ്ഥാനത്തിന്റെ അടിയുറച്ച ചുവടുവയ്പായിരുന്നു അന്നു സ്ഥാപനം. കാലത്തിനെ‍ാത്തു മാറി, ഇപ്പേ‍ാൾ മികച്ചരീതിയിൽ പ്രവർത്തിക്കുന്ന കെ‍ാടുവായൂർ അർബൻ സഹകരണ സെ‍ാസൈറ്റിയാണു നൂറ്റാണ്ട് പിന്നിട്ട ആ സഹകരണ സ്ഥാപനം.

ജാതിവ്യവസ്ഥ കെ‍ാടുമ്പിരികെ‍ാണ്ടുനിൽക്കേ പ്രദേശത്തെ സാമൂഹിക സേവന തൽപരരായ ചിലർ ചേർന്നു 1912–ലാണ് ഐക്യനാണയ സഹകരണ സംഘം എന്ന പേരിൽ കെ‍ാടുവായൂരിൽ ധനകാര്യ സ്ഥാപനം ആരംഭിക്കുന്നത്. സ്ഥലത്തെ സാമൂഹിക പ്രവർത്തകനായ കുട്ടൻ ഗുരുക്കളാണു സംഘത്തിന്റെ ആദ്യ അധ്യക്ഷൻ എന്നതിനപ്പുറം അതിന്റെ ഘടനയോ പ്രവർത്തന രീതിയോ വിവരിക്കുന്ന രേഖകളെ‍ാന്നും കണ്ടുകിട്ടിയിട്ടില്ല. അതെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് അർബൻ സഹകരണ സംഘം സെക്രട്ടറി പി.കൃഷ്ണപ്രസാദ് പറഞ്ഞു. 

കെ‍ാടുവായൂരിൽ സഹകരണസംഘം ആരംഭിച്ച് ഏതാണ്ട് 10 വർ‌ഷത്തിനു ശേഷമാണ് ഐക്യനാണയ പ്രസ്ഥാനത്തിനു കീഴിൽ സംസ്ഥാനത്തു മറ്റു ചിലയിടങ്ങളിൽ സമാന സ്ഥാപനങ്ങൾക്കു തുടക്കമായത്. അക്കാലത്തു മിക്ക ധനസ്ഥാപനങ്ങളും ഐക്യനാണയ സംഘം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ആൽത്തറ കവലയിലെ വാടകക്കെട്ടിതത്തിലാണു കെ‍ാടുവായൂർ സഹകരണ സംഘത്തിന്റെ തുടക്കം. പിന്നീടു സംസ്ഥാന സഹകരണബാങ്ക് നിയമത്തിനു കീഴിൽ സഹകരണ ബാങ്കായി മാറി. 1968ൽ അർബൻ ബാങ്കായി.  

സ്പെഷൽ ഗ്രേഡ് പദവിയേ‍ാടെ പ്രദേശത്തിന്റെ സാമ്പത്തിക വളർച്ചയിൽ സ്ഥാപനം പ്രധാന പങ്കുവഹിച്ചു. ദീർഘകാലം ഭരണസമിതി പ്രസിഡന്റ് പരമേശ്വര അയ്യർ സ്ഥാപനത്തിന്റെ വളർച്ചയ്ക്കായി കഠിനപ്രയത്നം ചെയ്തു. റിസർവ് ബാങ്ക് നിർദേശമനുസരിച്ചു ക്രെഡിറ്റ് സെ‍ാസൈറ്റി എന്ന പേരിലായി പിന്നീട് പണമിടപാടുകൾ.ഇപ്പേ‍ാൾ കെ‍ാല്ലങ്കേ‍ാട് ഊട്ടറയിലും തത്തമംഗലത്തും ശാഖകളുണ്ട്. സ്വന്തമായുള്ള 44 സെന്റ് സ്ഥലത്തു ഹെഡ്ഒ‍ാഫിസും രണ്ടു നിലകളിലായി വിപുലമായ ഷേ‍ാപ്പിങ് കേ‍ാംപ്ലക്സും താമസിയാതെ നിർമാണം ആരംഭിക്കും. എം.ദേവിദാസാണു നിലവിൽ ഭരണസമിതി പ്രസിഡന്റ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com