ADVERTISEMENT

മണ്ണാർക്കാട്∙ അട്ടപ്പാടിയിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി മുക്കാലി സ്വദേശി പി.അബ്ബാസ് വിചാരണക്കോടതിയിൽ കീഴടങ്ങി. മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയതിനെത്തുടർന്നാണ് അബ്ബാസ് വിചാരണക്കോടതിയിൽ ഹാജരായത്. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കോടതി റിമാൻഡ് അറിയിച്ചപ്പോൾ തളർന്നുവീണ അബ്ബാസിനെ ആശുപത്രിയിലേക്കും പിന്നീട് ജയിലിലേക്കും മാറ്റി.ഇന്നലെ പതിനൊന്നരയോടെയാണ് അബ്ബാസ് അഭിഭാഷകനൊപ്പം വിചാരണക്കോടതിയായ മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതിയിൽ ഹാജരായത്.

രോഗിയാണെന്നും മരുന്നു കഴിക്കുന്നുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നും അബ്ബാസിന്റെ അഭിഭാഷകൻ വാദിച്ചു. ജാമ്യം അനുവദിക്കാനാവില്ലെന്നും മധുവിന്റെ അമ്മയ്ക്കു പറയാനുള്ളത് കേൾക്കണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ പി.ജയൻ വാദിച്ചു. തുടർന്ന് അബ്ബാസിനെ റിമാൻഡ് ചെയ്തതായി ജഡ്ജി കെ.എം.രതീഷ്കുമാർ അറിയിച്ചു. മല്ലിക്കു പറയാനുള്ളത് കേൾക്കാൻ 18ന് ഹാജരാകാനും കോടതി നിർദേശിച്ചു.മധു കൊല്ലപ്പെട്ട കേസിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് അബ്ബാസ് മധുവിന്റെ അമ്മ മല്ലിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും കേസിൽനിന്ന് പിൻമാറിയാൽ 40 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നുമാണ് കേസ്.

വിചാരണക്കോടതി, ജില്ലാ സെഷൻസ് കോടതി, ഹൈക്കോടതി എന്നിവിടങ്ങളിലെല്ലാം മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും ഹർജി തള്ളി. കേസിൽ അബ്ബാസിന്റെ ബന്ധു ശിഫാൻ നേരത്തെ അറസ്റ്റിലായിരുന്നു. അബ്ബാസിന്റെ മകളുടെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള വള്ളിയമ്മാൾ ഗുരുകുലത്തിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത 36 ലക്ഷം രൂപ കോടതി വിട്ടുനൽകിയിട്ടില്ല.    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com