ADVERTISEMENT

വടക്കഞ്ചേരി∙ രണ്ടാംവിള കൃഷിക്കായി മംഗലംഡാമിൽ നിന്ന് ഇടത്–വലത് കനാലുകളിലേക്ക് വെള്ളം തുറന്നു വിട്ടത് അടച്ചതോടെ കര്‍ഷകര്‍ ദുരിതത്തിലായി. വെള്ളം വിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും വാലറ്റ പ്രദേശങ്ങളിൽ വെള്ളം എത്താതായതോടെയാണ് കനാല്‍ അടച്ചത്. തുടര്‍ന്ന് കാട‌ും ചെളിയും മൂടിയ കനാലുകള്‍ വൃത്തിയാക്കാന്‍ തുടങ്ങി. പുതുക്കോട്, കണ്ണമ്പ്ര, വടക്കഞ്ചേരി പഞ്ചായത്തുകളില്‍ കനാല്‍ വൃത്തിയാക്കല്‍ അവസാന ഘട്ടത്തിലാണ്. കിഴക്കഞ്ചേരിയില്‍ വക്കാല പാടം മുതല്‍ വേളാമ്പുഴ വരെ കനാല്‍ നന്നാക്കി. ബാക്കി ഭാഗങ്ങള്‍ കൂടി നന്നാക്കിയാലെ വെള്ളം വിടാനാകൂ.

വലതുകര കനാലിന്റെ തെന്നിലാപുരം, കഴനി, ചുങ്കം, കല്ലേപ്പള്ളി, പാടൂർ, തോണിക്കടവ് ഭാഗങ്ങളില്‍ വെള്ളം എത്താത്തത് മൂലം നടീല്‍ തുടങ്ങിയിട്ടില്ല. ഇടതുകര കനാലിന്റെ പുതുക്കോട് പഞ്ചായത്തിലെ മണപ്പാടം മുതൽ കണക്കന്നൂർ വരെയുള്ള ഭാഗങ്ങളിലും അപ്പക്കാട് മുതൽ തെക്കേപ്പൊറ്റ വരെയുള്ള കനാൽ പ്രദേശങ്ങളിലും വെള്ളം ഇല്ലാതെ കൃഷി ഇറക്കാന്‍ കഴിയാത്ത അവസ്ഥയാണ്. നടീല്‍ നടന്ന പാടങ്ങളും വെള്ളമില്ലാതെ ഉണങ്ങിത്തുടങ്ങി.

canal-cleaning
കാടുമൂടിയ കനാല്‍ കണ്ണമ്പ്ര പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കുന്നു.

സബ് കനാലുകളുടെയും കാഡ കനാലുകളിലേയും തകർന്ന ഭാഗങ്ങളും പൊട്ടിക്കിടക്കുന്ന ബണ്ടുകളും നന്നാക്കാത്തതുമൂലം വെള്ളം വൻതോതിൽ പാഴായിപ്പോവുകയാണന്ന് കര്‍ഷകര്‍ പറഞ്ഞു. കനാലുകളുടെ സ്ലൂയിസുകളിലെ ഷട്ടറില്ലാത്ത ഭാഗങ്ങളും നന്നാക്കിയിട്ടില്ല. കനാലുകളുടെ തുടക്കത്തിലുള്ള പാടങ്ങളിൽ വെള്ളം അധികമാണ്. 10 കിലോമീറ്റർ വരെയുള്ള പാടശേഖരങ്ങളിൽ മാത്രമാണ് വെള്ളം ആവശ്യത്തിന് എത്തിയത്.

വലതുകര കനാൽ 24 കിലോമീറ്ററും ഇടതുകര കനാൽ  23 കിലോമീറ്ററും താണ്ടി ആറായിരം ഏക്കർ സ്ഥലത്തെ കൃഷിക്ക് വെള്ളം എത്തിക്കുന്നുണ്ട്.കനാൽ വൃത്തിയാക്കാതെ വെള്ളം എത്താത്തതിനാല്‍ 14  പാടശേഖരങ്ങളിൽ ഒരു മാസത്തിലധികമായി ഞാർ നടാൻ കഴിയാത്ത അവസ്ഥയാണെന്നും കനാൽ വെള്ളം ഉടന്‍ എത്തിക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com