ADVERTISEMENT

ചെർപ്പുളശ്ശേരി ∙ പിഎംഎവൈ-ലൈഫ് ഗുണഭോക്തൃ ലിസ്റ്റിൽ തിരിമറി നടത്തിയെന്നും റോഡ്, തെരുവുവിളക്ക് നീട്ടൽ തുടങ്ങിയ വികസന പ്രവർത്തനങ്ങളിൽ വിവേചനവും രാഷ്ട്രീയ പക്ഷപാതിത്വവും നടത്തുന്നുവെന്നും ആരോപിച്ച് ചെർപ്പുളശ്ശേരി നഗരസഭാ കൗൺസിലിൽ പ്രതിപക്ഷത്തെ യുഡിഎഫ് അംഗങ്ങളുടെ ബഹളം. മുൻ കൗൺസിൽ തീരുമാനത്തെ അട്ടിമറിച്ച ഭരണസമിതിയുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. 

വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഇന്നലെ ചേർന്ന കൗൺസിലിലാണു ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ തർക്കമുണ്ടായത്. നഗരസഭയിലെ ഡ്രൈവർ തസ്തികയിലേക്കുള്ള താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട് പിൻവാതിൽ നിയമനമാണു നടത്തുന്നതെന്നും ഇതു എംപ്ലോയ്മെന്റ് എക്സേചഞ്ച് വഴിയാക്കണമെന്നും യുഡിഎഫ് അംഗങ്ങളായ കെ.എം.ഇസ്ഹാഖും ഇ.ഷാനവാസുബാബുവും കൗൺസിലിൽ ഉന്നയിച്ചു. ഇക്കാര്യത്തിൽ ഇരുവരും വിയോജിപ്പും രേഖപ്പെടുത്തി.എന്നാൽ, മുൻ യുഡിഎഫ് ഭരണസമിതിയുടെ നിയമനങ്ങളിലെ പിഴവുകൾ അക്കമിട്ടു നിരത്തിയാണ് ഇതിനെ ഭരണപക്ഷം പ്രതിരോധിച്ചത്.

ഇത് ഇരുവിഭാഗവും തമ്മിലുള്ള കൊമ്പുകോർക്കലിനും വഴിവച്ചു. എട്ടാം വാർഡിലുൾപ്പെട്ട കളത്തുംകുണ്ട് നാലുസെന്റ് കോളനിയിലെ കമ്മാളംകുന്ന് ശാരദയ്ക്കു പിഎംഎവൈ-ലൈഫ് ഭവന പദ്ധതിയിൽ മുൻഗണനാ പ്രകാരം വീടു നിർമിക്കുന്നതിന് അനുമതി ലഭിച്ചിട്ടും മുൻഗണനാ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്ന പരാതിയാണ് അവസാനത്തെ അജണ്ടയായി ചർച്ചയ്ക്കു വന്നത്. എന്നാൽ, ശാരദയെ ഒഴിവാക്കിയ കാര്യം വാർഡംഗമായ താൻ പോലും അറിഞ്ഞില്ലെന്നും ഇക്കാര്യത്തിൽ ഭരണസമിതി വിശദീകരണം നൽകണമെന്നും  കെ.രജനി ആവശ്യപ്പെട്ടു.

സമാനമായ പ്രശ്നം തന്റെ വാർഡിലും ഉണ്ടായതായി 19-ാം വാർഡംഗം സി.മിസ്‌രിയയും പറഞ്ഞു. രണ്ടു വാർഡുകളിലായി ലിസ്റ്റിൽ ഉൾപ്പെടുത്തിയ ശേഷം ഒഴിവാക്കിയ നടപടിയിൽ വെൽഫെയർ പാർട്ടി അംഗം പി.അബ്ദുൽഗഫൂറും പ്രതിഷേധിച്ചു. അപ്പീൽ അനുവദിക്കേണ്ടി വന്നതു മൂലമാണ് ഇവർ ഗുണഭോക്തൃ ലിസ്റ്റിൽ നിന്ന് ഒഴിവായതെന്നും ഇവർക്കു പരിഗണന നൽകി ലിസ്റ്റിൽ ഉൾപ്പെടുത്താൻ കഴിയുമോ എന്ന കാര്യം പരിശോധിക്കുമെന്നായിരുന്നു നഗരസഭാധ്യക്ഷൻ പി.രാമചന്ദ്രന്റെ മറുപടി. 

ഇക്കാര്യം ഉദ്യോഗസ്ഥരും വിശദീകരിച്ചെങ്കിലും കോൺഗ്രസ് അംഗം കെ.എം.ഇസ്ഹാഖ് ഇതു ഭരണസമിതിയുടെ രാഷ്ട്രീയ വിവേചനമാണെന്നും മുൻ കൗൺസിലിന്റെ തീരുമാനം അട്ടിമറിച്ച ഭരണസമിതിയോടുള്ള വിശ്വാസം തന്നെ നഷ്പ്പെട്ടെന്നും ചൂണ്ടിക്കാട്ടി സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങുകായിരുന്നു. പിന്നാലെ മറ്റു യുഡിഎഫ് അംഗങ്ങളും എഴുന്നേറ്റു നിന്ന് പ്ലക്കാർഡുകളുമായി മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. പിന്നീട് യോഗം ബഹിഷ്കരിച്ചു ഇറങ്ങിപ്പോവുകയും ചെയ്തു.

നഗരസഭാ ഉപാധ്യക്ഷ സഫ്ന പാറയ്ക്കൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.പി.ഷമീജ്, വി.ടി.സ്വാദിഖ്ഹുസൈൻ, നഗരസഭാംഗങ്ങളായ വി.വിനോദ്, ടി.കെ.അബ്ദുൽസലാം, പി.മൊയ്തീൻകുട്ടി, ശ്രീലജ വാഴക്കുന്നത്ത്, വി.പി.സുഹറാബി തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. 

പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ നാടകം , പി.രാമചന്ദ്രൻ (നഗരസഭാധ്യക്ഷൻ)

നഗരസഭാ ഭരണസമിതി ആരോടും രാഷ്ട്രീയ വിവേചനം കാണിച്ചിട്ടില്ല. പിഎംഎവൈ-ലൈഫ് ഗുണഭോക്തൃ ലിസ്റ്റിൽ നിന്നും അർഹരായവർ ഒഴിവായിട്ടുണ്ടെങ്കിൽ അത് ആ വാർഡംഗത്തിന്റെ പിടിപ്പുകേടാണ്. എല്ലാം അറിയുന്ന പ്രതിപക്ഷത്തിന്റെ പ്രതിഷേധം രാഷ്ട്രീയനാടകമാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com