ADVERTISEMENT

പാലക്കാട് ∙ വായ്പയുടെ പലിശയുടെ കാര്യത്തിൽ കേരള ബാങ്കും സപ്ലൈകോയും ധാരണയാകാത്തതിനാൽ നെല്ലു സംഭരണവില കർഷകർക്കു കൈമാറുന്നതിൽ പ്രതിസന്ധി. കേരള ബാങ്ക് ആവശ്യപ്പെടുന്നതു കൂടിയ പലിശയാണെന്നു സപ്ലൈകോ പറയുമ്പോൾ പലിശ ഉൾപ്പെടെയുള്ള ഉപാധികൾ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ചർച്ച ചെയ്തു തീരുമാനിച്ചതാണെന്നു കേരള ബാങ്ക് അറിയിച്ചു.

കേരള ബാങ്കിൽനിന്നു വായ്പ ലഭിച്ചില്ലെങ്കിൽ കർഷകർക്കു പണം നൽകുന്നതു വൈകും. പ്രശ്നപരിഹാരത്തിനായി 30 നു മന്ത്രി ജി.ആർ.അനിലിന്റെ നേതൃത്വത്തിൽ ചർച്ച നടത്തും. നേരത്തെ പൊതുമേഖല ബാങ്കുകളുടെ നേതൃത്വത്തിൽ രൂപീകരിച്ച കൺസോർഷ്യം വഴി 6.9% പലിശയ്ക്ക് 2500 കോടി രൂപ നെല്ലുസംഭരണത്തിനg സപ്ലൈകോ വായ്പയെടുത്തിരുന്നു. 

എന്നാൽ, ഈ തുക ബാങ്കുകൾക്കു നേരത്തെ നൽകാനുള്ള കുടിശ്ശികയിലേക്കു മാറ്റിയതോടെയാണു കേരള ബാങ്കിൽനിന്നു വായ്പയെടുക്കാൻ തീരുമാനിച്ചത്. തുടർന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ 7.65% പലിശയ്ക്കു കേരള ബാങ്ക് വായ്പ നൽകാമെന്നു തീരുമാനിച്ചു. എന്നാൽ, 6.9% പലിശയ്ക്കു പൊതുമേഖല ബാങ്കുകൾ വായ്പ നൽകുമ്പോൾ എങ്ങനെയാണു കേരള ബാങ്കിനു കൂടിയ പലിശ നൽകാൻ കഴിയുകയെന്നു സപ്ലൈകോ ചോദിക്കുന്നു.

കർഷകരെ വായ്പക്കാരാക്കുന്ന രീതി മാറ്റി സംഭരണവില നേരിട്ടു കൃഷിക്കാരുടെ അക്കൗണ്ടിലേക്കു നൽകാനാണു പൊതുമേഖല ബാങ്കുകളുമായുള്ള കൺസോർഷ്യം വഴി സപ്ലൈകോ തീരുമാനിച്ചത്. എന്നാൽ, പഴയ രീതിയിൽ പിആർഎസ് രസീതുമായി ബാങ്കിൽ പോകുമ്പോൾ കർഷകർക്കു വായ്പയെന്ന രീതിയിൽ പണം നൽകുന്ന രീതി തുടരാമെന്നാണു കേരള ബാങ്ക് പറയുന്നത്.

ഏതാണ്ട് പത്തിലേറെ വർഷമായി ഈ രീതി തുടരുന്നതുകൊണ്ടു കർഷകർക്ക് ഒരു ദോഷവും ഉണ്ടായിട്ടില്ലെന്നു കേരള ബാങ്ക് പറയുന്നു. കേരള ബാങ്കിൽനിന്നു പണം വൈകുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിൽനിന്നു ലഭിക്കാനുള്ള വിഹിതം ലഭ്യമാക്കാനാണു സപ്ലൈകോ ശ്രമിക്കുന്നത്. സംസ്ഥാന സർക്കാരിൽനിന്നു വിഹിതം കിട്ടാനുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com