ADVERTISEMENT

തൃത്താല ∙ തൃത്താല, പട്ടിത്തറ പഞ്ചായത്തുകളിൽ ‘സ്ട്രീറ്റ്’ ടൂറിസം പദ്ധതിയുടെ ഭാഗമായി ടൂറിസം റിസോഴ്സ് മാപ്പിങ് പൂർത്തിയായി. പഞ്ചായത്തുകളിലെ  ടൂറിസം സാധ്യതകളായ നാടൻ കലാകാരന്മാർ, നാടൻ കലകൾ, പരമ്പരാഗത തൊഴിൽ ചെയ്യുന്നവർ, കർഷകർ, കരകൗശല വിദഗ്ധർ, പുരാതന തറവാടുകൾ, ആരാധനാലയങ്ങൾ, പൈതൃക സ്ഥലങ്ങൾ, ജലാശയങ്ങൾ, നാടൻ ഭക്ഷണം, ഭക്ഷണശാലകൾ, അന്യംനിന്നു പോകുന്ന കലാ സംസ്‌കാരങ്ങൾ എന്നിവ കണ്ടെത്തി അവയെ ടൂറിസം സാധ്യതകളായി പ്രയോജനപ്പെടുത്തുന്നതിനും അവയെ ടൂറിസം റിസോഴ്സ് ഡയറക്ടറി തയാറാക്കി പ്രകാശനം ചെയ്യുന്നതിനുമാണ് മാപ്പിങ് നടത്തിയത്.

ടൂറിസം സാധ്യതകൾ അടങ്ങുന്ന ഡയറക്ടറിയുടെ കരടും തയാറാക്കി. സ്ട്രീറ്റ് പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പട്ടിത്തറയിൽ പഞ്ചായത്തു തല ടൂറിസം വികസന സമിതി രൂപീകരിച്ചിരുന്നു. ഉത്തരവാദിത്ത ടൂറിസം മിഷൻ നടത്തുന്ന ഹോംസ്റ്റേ, ഫാം സ്റ്റേ, കമ്യൂണിറ്റി ടൂർ ലീഡർ എന്നിങ്ങനെ തദ്ദേശീയരിൽ നിന്ന് അപേക്ഷകൾ സ്വീകരിച്ചിരുന്നു. ഇവർക്കുള്ള പരിശീലനം ഡിസംബറിൽ ആരംഭിക്കും.

വിവിധ സ്ട്രീറ്റുകൾ തിരിച്ചുള്ള എക്സ്പീരിയൻഷ്യൽ പാക്കേജുകൾ തയാറാകുന്ന പ്രവർത്തനങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്.പരീക്ഷണാടിസ്ഥാനത്തിൽ സംസ്ഥാനത്ത് 10 പഞ്ചായത്തുകളിലാണു ‘സ്ട്രീറ്റ്’ പദ്ധതി നടപ്പാക്കുന്നത്. ഇതിൽ ജില്ലയിൽ നിന്നു തൃത്താല, പട്ടിത്തറ പഞ്ചായത്തുകളെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്.

പദ്ധതി യാഥാർഥ്യമാകുന്നതോടെ ടൂറിസം ഉപാധിയാക്കി ഗ്രാമീണ ജനതയ്ക്ക് വരുമാനം ഉണ്ടാക്കുക, നാടിന്റെ തനിമയും കലയും സംസ്‌കാരവും വിനോദ സഞ്ചാരികൾക്ക് പകർന്നു നൽകുക, ടൂറിസം വികസനം പഞ്ചായത്തിലെ തദ്ദേശവാസികളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്തി അവർക്ക് ടൂറിസത്തിലൂടെ വരുമാനം വർധിപ്പിക്കുക, നാടിന്റെ അന്യം നിന്നു പോകുന്ന നാടൻ കലകളെയും കലാകാരന്മാരെയും പ്രോത്സാഹനം നൽകി സംരക്ഷിക്കുക,

പരമ്പരാഗത തൊഴിൽ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക, ഉത്തരവാദിത്ത ടൂറിസം മിഷൻ നടത്തുന്ന വില്ലേജ് ലൈഫ് എക്സ്പീരിയൻസ് പാക്കേജുകളിലൂടെ വിനോദ സഞ്ചാരികൾക്ക് പരമ്പരാഗത തൊഴിൽ ചെയ്യുന്നവരുടെ വീടുകൾ, സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ഉണ്ടാക്കി അതിലൂടെ അവർക്ക് വരുമാന മാർഗം ഉറപ്പുവരുത്തുക, ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുക, കൃഷിയിടങ്ങൾ വിനോദ സഞ്ചാരികൾക്ക് സന്ദർശിക്കാനുള്ള അവസരമൊരുക്കുക, സ്ത്രീ ശാക്തീകരണം, പ്രദേശത്തെ നാടൻ ഭക്ഷണങ്ങൾ വിനോദ സഞ്ചാരികൾക്ക് പരിചയപ്പെടുത്തുക എന്നീ പ്രയോജനങ്ങൾ ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com