ADVERTISEMENT

പാലക്കാട് ∙ കാടിറങ്ങിയെത്തി നാട്ടു വിറപ്പിക്കുന്ന കാട്ടുക്കൊമ്പനെ പൂട്ടിക്കെട്ടാൻ വനംവകുപ്പ് പദ്ധതി ഒരുക്കുന്നു. ധോണി – അകത്തേത്തറ മേഖലയിൽ ഒരാളുടെ ജീവനെടുക്കുകയും ഒട്ടേറെ പേരെ ആക്രമിക്കുകയും ചെയ്തിട്ടുള്ള വനംവകുപ്പ് പാലക്കാട് ടസ്കർ ഏഴാമൻ (പി.ടി.–7) എന്നു പേരിട്ട ഒറ്റയാനെയാണു വനംവകുപ്പ് മെരുക്കാൻ ഒരുങ്ങുന്നത്. 

കാട്ടിൽ നിന്നു പിടികൂടുന്ന ഒറ്റയാനെ ധോണിയിൽ താൽക്കാലിക ആന പരിശീലനം ഒരുക്കി നല്ലനടപ്പു പഠിപ്പിച്ചു കുങ്കിയാനയാക്കാനാണു ലക്ഷ്യമിടുന്നത്. വയനാട്ടിൽ നിന്നുള്ള വിദഗ്ധ സംഘം ഇതിനായി തിങ്കളാഴ്ച ജില്ലയിലെത്തും. കാട്ടാന രക്ഷാപ്രവർത്തന–പുനരധിവാസ പ്രവർത്തനങ്ങളിൽ പരിശീലനം നേടിയ ഈ സംഘം മാസങ്ങളോളം ആനയെ നിരീക്ഷിക്കും. ആനയുടെ ആരോഗ്യ പരിപാലനം ഉൾപ്പെടെ ഇവരുടെ മേൽനോട്ടത്തിലാകും നടക്കുക.

വനത്തിനുള്ളിൽ നിന്നു മയക്കുവെടി വച്ച് ആനയെ പിടികൂടാനാണു ശ്രമം. ഇതിനായി സാഹസികമായ ഇടപെടൽ വേണ്ടിവരുമെന്നതിനാൽ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥ സംഘം ഉൾപ്പെടെ ജില്ലയിലെത്തും. മയക്കുവെടി വയ്ക്കുന്നതിനാൽ വിദഗ്ധരായ സംഘത്തെയും ഇതിനായി ഇവിടെയെത്തിക്കും.  

നിലവിൽ പി.ടി.7 ധോണി, അകത്തേത്തറ മേഖലയിലാണുള്ളത്. കൃഷിയിടങ്ങളിലും ജനവാസമേഖലയിലും ഇറങ്ങിയെത്തുന്ന കാട്ടാന ദിനംപ്രതി ലക്ഷങ്ങളുടെ നാശനഷ്ടമാണു ജനങ്ങൾക്കു വരുത്തി വയ്ക്കുന്നത്. മദപ്പാടുള്ളതും സ്ഥിരമായി ആക്രമണ സ്വഭാവമുള്ളതുമായ പി.ടി.7ന്റെ ശല്യത്തിൽ പൊറുതി മുട്ടിയ വനംവകുപ്പ് ആനയെ പിടികൂടണമെന്നാവശ്യപ്പെട്ട് ഒട്ടേറെത്തവണ റിപ്പോർട്ട് നൽകിയിട്ടുണ്ട്. 

മന്ത്രി എം.ബി.രാജേഷ്, എ.പ്രഭാകരൻ എംഎൽഎ, കർഷകസംഘം ജില്ലാ പ്രസിഡന്റ് കെ.ഡി.പ്രസേനൻ എംഎൽഎ എന്നിവരുടെ നിരന്തര ഇടപെടലിനൊടുവിലാണു വനംവകുപ്പ് ഉത്തരവ് ഇറക്കിയത്. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.വിജയാനന്ദാണു നടപടികൾ ഏകോപിപ്പിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com