മണ്ണാർക്കാട്∙ അട്ടപ്പാടി മധു വധക്കേസിൽ പുതിയ തെളിവുകൾ ഹാജരാക്കുന്നത് അനുവദിക്കാനാവില്ലെന്നു പ്രതിഭാഗം. മധുവിന്റെ പുതിയ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ വാദത്തിനിടെയായിരുന്നു ഇത്. മധു കൊല്ലപ്പെടുമ്പോൾ അട്ടപ്പാടി മണ്ണാർക്കാട് താലൂക്കിനു കീഴിലാണ്.
എന്നാൽ, പുതിയ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത് അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാരോടാണ്. വീണ്ടും അന്വേഷണം നടത്തിയ ശേഷമേ ജാതി സർട്ടിഫിക്കറ്റ് നൽകാൻ കഴിയൂവെന്ന് പ്രതിഭാഗം ആരോപിച്ചു. മധുവിന്റെ ജാതി സംബന്ധിച്ചു നേരത്തെ തഹസിൽദാർ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നു പ്രോസിക്യൂഷൻ വാദിച്ചു.എന്നാൽ, നിശ്ചിത ഫോറത്തിലുള്ള സർട്ടിഫിക്കറ്റല്ല നൽകിയിരുന്നത്. അതുകൊണ്ടു തന്നെ പുതിയ സർട്ടിഫിക്കറ്റ് നൽകാൻ തടസ്സമില്ലെന്നും അദ്ദേഹം വാദിച്ചു.
വാദം കേട്ട കോടതി വിധി പറയുന്നതു 30ലേക്കു മാറ്റി.ഒറ്റപ്പാലം സബ് കലക്ടറായിരുന്ന ജെറോമിക് ജോർജിനു ഡിസംബർ ഒന്നിനു ഹാജരാകാൻ നോട്ടിസ് അയയ്ക്കാനും കോടതി നിർദേശിച്ചു. നിലവിൽ തിരുവനന്തപുരം കലക്ടറായ ജെറോമിക് ജോർജിനു തിരുവനന്തപുരത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഒന്നാം തീയതി ഹാജരാകുന്ന കാര്യം അദ്ദേഹത്തിന്റെ കൂടി സൗകര്യം നോക്കിയേ തീരുമാനിക്കൂ.
മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് നടത്തിയ ഇൻക്വസ്റ്റിന്റെ റിപ്പോർട്ടിന്റെ കോപ്പി ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട്, മൂന്ന് പ്രതികളുടെ അഭിഭാഷകർ ഹർജി നൽകി. ഇതിനെതിരെ 30ന് ആക്ഷേപം സമർപ്പിക്കുമെന്നു സ്പെഷൽ പ്രോസിക്യൂട്ടർ രാജേഷ് എം.മേനോൻ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥൻ ടി.കെ.സുബ്രഹ്മണ്യനെ അഞ്ചാം തീയതി വിസ്തരിക്കും.