ADVERTISEMENT

ആലത്തൂർ∙ പ്രതിസന്ധികൾക്കിടയിലും പ്രദേശത്തെ 1000 ഏക്കറിൽ രണ്ടാം വിള നെൽക്കൃഷിക്കു തുടക്കം കുറിച്ചു. ഒന്നാം വിള കൊയ്ത്തു വൈകിയതും കനാലിലൂടെയുള്ള ജലവിതരണം, കനാൽ വൃത്തിയാക്കൽ പ്രവൃത്തികൾ നടക്കാത്തതും ഇക്കുറി രണ്ടാം വിള നടീൽ പതിവിലും വൈകിയിരുന്നു. സാധാരണ രീതിയിൽ നടീൽ നടത്തിയിരുന്ന ഒട്ടുമിക്ക പാടങ്ങളിലും ഇക്കുറി വിതയാണു നടത്തിയിരിക്കുന്നത്. 

ചേരാമംഗലം പദ്ധതി പ്രദേശത്തെ 800 ഏക്കർ ആയക്കെട്ടു പ്രദേശത്തും മലമ്പുഴ പദ്ധതി പ്രദേശത്തെ 200 ഏക്കർ ഉൾപ്പെടെ 1000 ഏക്കറിലുമാണു കൃഷി ആരംഭിച്ചിരിക്കുന്നത്. എന്നാൽ, പോത്തുണ്ടി പദ്ധതിയുടെ വാലറ്റ പ്രദേശമായ ചേന്ദംകോട് പാടശേഖരത്തിൽ വെള്ളം ഇതുവരെയും ലഭിക്കാത്തതിനാൽ കൃഷി ആരംഭിക്കാൻ സാധിച്ചിട്ടില്ല.

രണ്ടാം വിള ജലസേചന കലണ്ടർ അനുസരിച്ചു ഡിസംബർ ഒന്നിനുള്ളിൽ കൃഷിയിറക്കുകയാണെങ്കിൽ നെല്ല് പൂവിടുന്ന കാലത്തെ ചൂട് കുറഞ്ഞ കാലാവസ്ഥ പതിരു കുറയ്ക്കാനും മികച്ച വിളവു ലഭിക്കാനും സഹായകമാണ്. ജലസേചന കനാലുകളുടെ നവീകരണം ഇനിയും പൂർത്തിയാക്കേണ്ടതുണ്ട്.

പഞ്ചായത്തിന്റെ തനതു ഫണ്ടിലും പാടശേഖര സമിതികളുടെ മേൽനോട്ടത്തിൽ കർഷകരും മുന്നിട്ടിറങ്ങിയതിനാൽ ചേരാമംഗലം കനാലുകളും കാഡ കനാലുകളും ഏറെക്കുറെ കാടുവെട്ടി ചെളി നീക്കം ചെയ്തിരുന്നു. ജലവിഭവ വകുപ്പിന്റെ കരാർ നടപടികൾ പൂർത്തിയാക്കാത്തതിനാൽ കനാൽ നവീകരണം പൂർണമാകാത്തതും കർഷകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

പഞ്ചായത്തിലെ ഏറ്റവും നീളം കൂടിയ 16 എ ബ്രാഞ്ച് കനാൽ കർഷകരും പാടശേഖര സമിതിയും കൂടി ചെളി നീക്കം ചെയ്തു. എങ്കിലും കുമ്പളക്കോട് പാടശേഖരത്തിൽ പൂർണമായും വെള്ളം എത്താത്തതും പ്രതിസന്ധി തീർക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com