ADVERTISEMENT

പട്ടാമ്പി ∙ വാടാനാംകുറുശി റെയിൽവേ മേൽപാല നിർമാണം ഉദ്ഘാടന സമയത്ത് അറിയിച്ചത് പോലെ സമയബന്ധിതമായി പൂർത്തിയാക്കാനായില്ല. വാഹനത്തിരക്ക് ഏറെയുള്ള പട്ടാമ്പി കുളപ്പുള്ളി റോഡിലെ വാടാനാംകുറുശി റെയിൽവേ ഗേറ്റ് അടവ് ഒഴിവായിക്കിട്ടാൻ റെയിൽവേ ലൈനിന് മുകളിലൂടെയുള്ള പാലം പണി പൂർത്തീകരിക്കണം.

ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ റെയിൽവേ ഗേറ്റിൽ കുടുങ്ങിക്കിടക്കുന്നത് ഒഴിവായിക്കിട്ടാൻ പാലം പണി വേഗത്തിൽ തീർക്കണമെന്ന ആവശ്യം ശക്തം. നാടിന്റെ സമഗ്രവികസനം ത്വരിതപ്പെടുത്താൻ തടസ്സരഹിത റോഡ് ശ‌ൃംഖല സ്ഥാപിക്കുന്നതിന് ലവൽ ക്രോസ് വിമുക്ത കേരളം എന്ന സർക്കാർ പ്രഖ്യാപനത്തിലൂടെയാണ് വാടാനാംകുറുശിയിൽ റെയിൽവേ മേൽപാലം നിർമിക്കാൻ തീരുമാനിച്ചത്. 

railcross
വാടാനാംകുറുശി റെയിൽവേ ഗേറ്റ് അടഞ്ഞപ്പോൾ കുടുങ്ങിക്കിടക്കുന്ന ആംബുലൻസ്.

ആർഡിബിസികെ മുഖേന സർക്കാർ നിർമിക്കുന്ന പാലത്തിന്റെ നിർമാണോദ്ഘാടനം 2021 ജനുവരിയിലാണ് നടത്തിയത്. ഒരു വർഷത്തിനകം പാലം പണി പൂർത്തീകരിക്കുമെന്നാണ് ഓൺലൈനായി പാല നിർമാണോദ്ഘാടനം നടത്തിയ മുഖ്യ മന്ത്രി പിണറായി വിജയൻ അന്ന് അറിയിച്ചത്. 

ഉദ്ഘാടന സമയത്ത് അറിയിച്ചതു പോലെ പാലം പണി പൂർത്തീകരിക്കുകയായിരുന്നെങ്കിൽ 2022 ജനുവരിയിൽ പാലം പണി തീരേണ്ടതായിരുന്നു. 2023 ജനുവരിയിലും പാലം പണി തീർത്ത് ഗതാഗതത്തിന് തുറന്ന് കെ‍ാടുക്കാൻ കഴിയാത്ത വിധമാണിപ്പോൾ  പണി പുരോഗമിക്കുന്നത്. മേൽപാലം സ്റ്റീൽ, കോൺക്രീറ്റ് കോംപോസിറ്റ് സ്ട്രക്ചറിലാണ് നിർമിക്കുകയെന്നും പെ‌െൽ,  പൈൽ ക്യാപ് എന്നിവ കോൺക്രീറ്റും , പിയർ, പിയർ ക്യാപ് ഗർഡർ എന്നിവ സ്റ്റീലിലും ഡെക്ക് സ്ലാബ് കോൺക്രീറ്റുമായാണ് നിർമാണമെന്നും സംസ്ഥാനത്ത് തന്നെ ഇത്തരത്തിലുള്ള പാല നിർമാണം ആദ്യമാണെന്നും നിർമാണോദ്ഘാടന സമയത്ത് അറിയിച്ചിരുന്നു. 

മുഹമ്മദ് മുഹസിൻ എംഎൽഎയുടെ ശ്രമഫലമായി 2016ൽ കിഫ്ബിയിൽ ഉൾപ്പെടുത്തി പാലം നിർമാണത്തിന് സർക്കാർ അനുമതി നൽകിയെങ്കിലും ആർബിഡിസികെ സാങ്കേതിക പഠനങ്ങൾ പൂർത്തിയാക്കി തയാറാക്കി സമർപ്പിച്ച പദ്ധതി രേഖയ്ക്ക് കിഫ്ബി അംഗീകാരം ലഭിക്കാൻ 5 വർഷത്തെ കാത്തിരിപ്പ് വേണ്ടിവന്നു.

പട്ടാമ്പി കുളപ്പുള്ളി റോഡിൽ വാടാനാംകുറുശി റെയിൽവേ ലവൽ ക്രാസിന് പകരമായി 680 മീറ്റർ നീളത്തിൽ 2 ലൈൻ റോഡും ഒരു വശം നടപ്പാതയും ഉൾപ്പെടെ 10.15 മീറ്റർ വീതിയിലാണ് പാലം നിർമിക്കുന്നത്. 32. 49 കോടി രൂപ ചെലവിലാണ് നിർമാണം. പാലം നിർമാണത്തിനായി 17 ഭൂവുടമകളിൽ നിന്ന് 42.70 ആർ സ്ഥലമേറ്റെടുത്തു. പാലം പൈലിങ് ജേ‍ാലി സമയത്ത് പരിസരവാസികളുടെ  വീടുകൾക്ക് കേട് പറ്റിയത് കോടതിയിൽ കേസിനും നിർമാണ തടസ്സത്തിനും കാരണമായി. 

അതേ സമയം പാലം നിർമാണം നല്ലരീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും 13 തൂണുകളിൽ 10 തൂണുകളുടെയും പണി ഇതിനോടകം ആർബിഡിസി പൂർത്തിയാക്കിയതായും അധികൃതർ അറിയിച്ചു. റെയിൽവേ ലൈനിന് മുകളിലൂടെയുള്ള രണ്ട് തൂണുകളും ഒരു സ്ലാബും പണിയേണ്ടത് റെയിൽവേയാണ്. ഇതിനുളള ടെൻഡർ നടപടികൾ റെയിൽവേ പൂർത്തിയാക്കിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com