ഒടുവിൽ ഹരിതയ്ക്ക് സർക്കാർ സഹായം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നു 10 ലക്ഷം

HIGHLIGHTS
  • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നു 10 ലക്ഷം
Palakkad News
ജീവനായിരുന്നു... താനും ഭാർത്താവും ഒന്നിച്ചുള്ള ചിത്രം മൊബൈലിൽ കാണിക്കുന്ന ഹരിത. (ഫയല്‍ ചിത്രം)
SHARE

പാലക്കാട് ∙ നഷ്ടമായതിനു പകരമാകില്ലെന്നറിയാം, പക്ഷേ, ജീവിതത്തെ  കുറച്ചുകൂടി ആത്മവിശ്വാസത്തോടുകൂടി മുന്നോട്ടുനയിക്കാൻ സർക്കാർ നൽകുന്ന ധനസഹായം ഹരിതയെ സഹായിക്കും. ഇതര സമുദായത്തിൽ നിന്നു വിവാഹം ചെയ്തതിന്റെ പേരിൽ തേങ്കുറുശ്ശിയിൽ ദുരഭിമാനക്കൊലയ്ക്കിരയായ ഇലമന്ദം കെ‍ാല്ലത്തറയിൽ അനീഷിന്റെ ഭാര്യ ഹരിതയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നു പത്തുലക്ഷം രൂപ അനുവദിച്ചു. 

നിയമപരമായി വിവാഹം ചെയ്തുവെന്ന രേഖയില്ലാത്തതു മൂലം ഹരിതയ്ക്ക് സർക്കാർ സഹായധനം നിഷേധിച്ച വാർത്ത മലയാള മനോരമയാണ് പുറത്തുകൊണ്ടുവന്നത്. കെ.ഡി.പ്രസേനൻ എംഎൽഎ ഉൾപ്പെടെയുള്ളവരുടെ തുടർച്ചയായ ഇടപെടലിനെ തുടർന്നാണ് ധനസഹായം ലഭിച്ചത്. 

ഇലമന്ദം കുമ്മാണി പ്രഭുകുമാറിന്റെ മകൾ ഹരിതയെ പ്രണയിച്ചു വിവാഹം കഴിച്ച അനീഷിനെ 2020 ഡിസംബർ 25ന് വൈകിട്ട് മാനാംകുളമ്പിനു സമീപത്തുവച്ചാണ് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. കേസന്വേഷിച്ച ക്രൈം ബ്രാഞ്ച് ഹരിതയുടെ പിതാവ് തേങ്കുറുശി കുമ്മാണി പ്രഭുകുമാർ , അമ്മാവൻ കെ.സുരേഷ്കുമാർ എന്നിവരെ പ്രതികളാക്കി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കേ‍ാടതിയിൽ കുറ്റപത്രം നൽകിയിരുന്നു. 

സാമ്പത്തികമായി ഉയർന്ന കുടുംബത്തിൽപെട്ട ഹരിതയെ സാമ്പത്തികമായി താഴ്ന്ന, ഇതര ജാതിയിൽപെട്ട അനീഷ് വിവാഹം ചെയ്തതിന്റെ വൈരാഗ്യമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.കൊല്ലപ്പെട്ട സമയത്തു വീട്ടിലെത്തിയ മന്ത്രിമാരും ജനപ്രതിനിധികളുമെല്ലാം ഹരിതയ്ക്ക് സഹായധനം അനുവദിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും  നിയമപരമായി വിവാഹം ചെയ്തുവെന്ന രേഖയില്ലെന്ന കാരണത്താൽ അപേക്ഷ നിരസിക്കുകയായിരുന്നു.

വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ  ഇടപെടൽ നടത്തിയിരുന്നു.  കൊലപാതകം നടക്കുമ്പോൾ ബിബിഎ രണ്ടാം സെമസ്റ്ററിനു പഠിക്കുകയായിരുന്ന ഹരിത ഇപ്പോൾ കോഴ്സ് പൂർത്തീകരിച്ചു. അനീഷിന്റെ രക്ഷിതാക്കൾക്കൊപ്പമാണു താമസം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS