ADVERTISEMENT

കൊപ്പം ∙ ആമയൂർ കമ്പനിപ്പറമ്പിൽ വീടു കത്തി നശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12. 45 നാണ് സംഭവം. കൊപ്പം പഞ്ചായത്തിലെ 10ാം വാർഡ് ആമയൂർ കമ്പനിപ്പറമ്പിലെ പാറക്കൽപടി ഉണ്ണിക്കൃഷ്ണന്റെ വീടാണ് കത്തിയത്. വീട്ടിനകത്ത് നിന്ന് പുക ഉയരുന്നത് കണ്ടു അയൽവാസികളാണ് ആദ്യം ഓടിയെത്തിയത്. ഓടു മേഞ്ഞ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. തീയും പുകയും ഉയരുന്നത് കണ്ടു ഓടിയെത്തിയ അയൽവാസികൾ പൂട്ടിയിട്ട വീടിന്റെ അടുക്കളയുടെ വാതിൽ ചവിട്ടിത്തുറന്നു അടുക്കളയിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ ആദ്യം പുറത്തേക്ക് മാറ്റി. തുടർന്ന് വിലപ്പെട്ട സാധന സാമഗ്രികൾ എടുത്തു മാറ്റാൻ ഏറെ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 

വീടിനകത്തെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണമടക്കം മുഴുവൻ സാധന സാമഗ്രികളും പൂർണമായും അഗ്നിക്കിരയായി. സംഭവ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഉണ്ണിക്കൃഷ്ണനും ഭാര്യയും ജോലിക്കും മക്കൾ മൂന്നു പേരും സ്കൂളിലും പോയിരുന്നു. ജോലി സ്ഥലത്ത് നിന്ന് ഇവരും ഓടിയെത്തി വിവരം അറിയിച്ചതിനെ തുടർന്ന് പട്ടാമ്പിയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും വീട് പൂർണമായും കത്തിയിരുന്നു. 

മുറിയിലെ അലമാരയിലും മറ്റും സൂക്ഷിച്ചിരുന്ന എണ്ണായിരത്തോളം രൂപയും വസ്ത്രങ്ങളും പുസ്തകങ്ങളും വിലപ്പെട്ട രേഖകളും കത്തി നശിച്ചു. വീടിന്റെ മേൽക്കൂരയുടെ പട്ടികയും കഴുക്കോലും അഗ്നിക്കിരയായി. വീടിന്റെ മേൽക്കൂര കത്തി താഴെ വീണ നിലയിലായിരുന്നു. ആശാരിപ്പണി എടുക്കുന്ന ഉണ്ണിക്കൃഷ്ണൻ വീട്ടിലെ മുറിയിൽ സൂക്ഷിച്ചിരുന്ന മരങ്ങളും മരത്തിന്റെ അലമാരയും തൊഴിൽ ഉപകരണങ്ങളും കത്തി.

കമ്പനിപ്പറമ്പ് കോളനിയിൽ അറുപതോളം വീടുകളുണ്ട്. മിക്കതും ഓടു മേഞ്ഞ വീടുകളാണ്. കത്തിയ വീടിനു സമീപത്തെ വീടുകളിലേക്ക് തീ പടരാതിരിക്കാൻ അയൽവാസികളും നാട്ടുകാരും ചേർന്ന് കഠിനശ്രമം തന്നെ നടത്തിയാണ് തീ അണച്ചത്. വീട്ടുകാർ പുറത്തു പോയ സമയം പൂജാമുറിയിൽ വിളക്ക് കത്തിച്ചു വച്ചിരുന്നു. ഇതിൽ നിന്ന് തീ പടർന്നതാകാം കാരണമെന്നാണ് സംശയം.

വീട് നവീകരിച്ച് നൽകാൻ നാട്ടുകാർ

ആമയൂർ കമ്പനിപ്പറമ്പിൽ താമസിച്ചിരുന്ന പാറക്കൽപ്പടി ഉണ്ണിക്കൃഷ്ണന്റെ ഇന്നലെ കത്തി നശിച്ച വീട് പുനരുദ്ധാരണത്തിനായി നാട്ടുകാർ കൈകോർക്കുന്നു. വാർഡ് അംഗം ടി.വി.വത്സലയുടെ സാന്നിധ്യത്തിൽ ചേർന്ന നാട്ടുകാരുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും അടിയന്തിര യോഗത്തിൽ വീട് നവീകരിച്ചു നൽകാൻ തീരുമാനിച്ചു.

ഇതിനായി വാർഡ് അംഗം ടി.വി.വത്സല അധ്യക്ഷയും ടി.കെ.ഷാജി കൺവീനറുമായി സഹായ സമിതി രൂപീകരിച്ചു. വീട് നവീകരണ ഫണ്ടിലേക്ക് സഹായം നൽകി സുമനസ്സുകൾ  കനിയണമെന്ന് സഹായ സമിതി  അഭ്യർഥിച്ചു. 9446789033.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com