ADVERTISEMENT

മണ്ണാർക്കാട്∙ പള്ളിക്കുറുപ്പ് കുണ്ടുകണ്ടം നിവാസികളുടെ പാലമെന്ന സ്വപ്നം വീണ്ടും തകർന്നു. പാലം നിർമാണം ഏറ്റെടുത്ത കരാറുകാരൻ പിൻമാറിയതാണ് പ്രതിസന്ധിയായത്. 2018ലെ വെള്ളപ്പൊക്കത്തിലാണ് പാലം തകർന്നത്. 2021 ജൂലൈ ആറിനാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് കുണ്ടുകണ്ടം എഴുത്തോംപാറ പാലത്തിന്റെ നിർമാണോദ്ഘാടനം നടത്തിയത്. എട്ട് കോടി രൂപയാണ് പാലം നിർമാണത്തിനായി കിഫ്ബി അനുവദിച്ചത്.

പാലം നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി ഉറപ്പു നൽകിയതാണ്. ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വർഷമായിട്ടും നിർമാണം ആരംഭിക്കാനായില്ല. എന്നു മാത്രമല്ല, നിർമാണം‍ ഏറ്റെടുത്ത കരാറുകാരൻ പിൻമാറുകയും ചെയ്തു. എട്ടു കോടി രൂപ ചെലവിൽ പാലം നിർമാണം പൂർത്തിയാക്കാൻ കഴിയില്ലെന്നും അടങ്കൽ തുക വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് കരാറുകാരൻ പിൻമാറിയത്. ഇതോടെ ഏറെ ആഗ്രഹിച്ച പാലം അടുത്തൊന്നും വരില്ലെന്ന് കുണ്ടുകണ്ടം നിവാസികൾക്ക് ഉറപ്പായി. 

മുപ്പതു വർഷം മുൻപ് നിർമിച്ച പാലമാണ് തകർന്നത്. പാലം ഇല്ലാത്തതിനാൽ കുണ്ടുകണ്ടത്തുകാർ അനുഭവിക്കുന്ന പ്രയാസം തങ്ങൾക്കേ മനസ്സിലാകൂ. അഞ്ചു വർഷമായി പാലം തകർന്നിട്ട്. പാലം ഇല്ലാത്തതിന്റെ പ്രയാസം എല്ലാ ദിവസവും അനുഭവിക്കുകയാണ്.

കാരാകുർശ്ശി പഞ്ചായത്തിലെ കുണ്ടുകണ്ടം നിവാസികളുടെ ജീവനാഡിയാണ് എഴുത്തോംപാറ പാലം. 2018ലെ വെള്ളപ്പൊക്കത്തിലാണ് ‍ പാലം തകർന്നു. ഇതോടെ ഇവരുടെ ദുരിതത്തിനു തുടക്കമായി. കുണ്ടുകണ്ടം പ്രദേശത്തെ കുട്ടികൾ പഠിക്കുന്നത് പുഴയ്ക്ക് അക്കരെയുള്ള അരപ്പാറ സ്കൂളിലാണ്. പാലം കടന്ന് നടക്കാനുള്ള ദൂരമേയുള്ളൂ സ്കൂളിലേക്ക്. പാലം ഇല്ലാത്തതിനാൽ പള്ളിക്കുറുപ്പ് -കാരാകുർശ്ശി- വാഴമ്പുറം എന്നിവിടങ്ങളിലൂടെ എട്ട് കിലോമീറ്ററോളം ചുറ്റിയാണ് കുട്ടികൾ സ്കൂളിലെത്തുന്നത്. കുട്ടികളെ സ്കൂളിലെത്തിക്കാൻ വാഹനം ഏർപ്പെടുത്തിയിരിക്കുകയാണ്. പല കുടുംബങ്ങൾക്കും ഇതിനുള്ള സാമ്പത്തിക ശേഷിയില്ലാത്തവരാണ്. 

പഞ്ചായത്ത്, കൃഷി ഓഫിസ്, പിഎച്ച്സി, മരുന്ന് ഷാപ്പ്, മൃഗാശുപത്രി തുടങ്ങിയ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് പുഴയ്ക്ക് അക്കരെയാണ്. ഇവിടങ്ങളിലെത്താനും എട്ട് കിലോമീറ്റർ ചുറ്റണം. പാലമുണ്ടെങ്കിൽ പാലം കടന്ന് ജലീൽമുക്കിൽ എത്തി ബസ് കയറിയാൽ പത്ത് രൂപയ്ക്ക് പഞ്ചായത്തിലെത്താം. ഈ സ്ഥാനത്താണ് വാഹനം വിളിച്ചു പോകേണ്ട ഗതികേട്.

എട്ട് കോടി രൂപ ചെലവിൽ പാലം നിർമിക്കുമെന്ന് അറിഞ്ഞതോടെ ഗ്രാമവാസികൾ വലിയ സന്തോഷത്തിലായിരുന്നു. കഴിഞ്ഞ ദിവസം കരാർ കമ്പനി അവരുടെ ഷെഡ് പൊളിച്ചു കൊണ്ടുപോകുന്നത് കണ്ട് അന്വേഷിച്ചപ്പോഴാണ് അവർ പിൻമാറിയ കാര്യം നാട്ടുകാർ അറിഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com