ADVERTISEMENT

പാലക്കാട് ∙ ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് കമാൻഡോ മുഹമ്മദ് ഹക്കീമിനു സല്യൂട്ടിന്റെ സ്നേഹമുദ്രകൾ അർപ്പിച്ച് നാടിന്റെ വിട. സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി ഭാര്യ റംസീനയും മകൾ 4 വയസ്സുകാരി അഫ്സീന ഫാത്തിമയും ഹക്കീമിന് അവസാനമായി സല്യൂട്ട് നൽകിയപ്പോൾ നാട് കണ്ണീരണിഞ്ഞു. സുക്മ ജില്ലയിലെ ചിന്റഗുഫ വനത്തിൽ സ്ഥാപിച്ച സൈനിക ക്യാംപിനു നേരെ 29നു വൈകിട്ടുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിലാണു ധോണി പയറ്റാംകുന്ന് ദാറുസ്സലാം വീട്ടിൽ മുഹമ്മദ് ഹക്കീം വീരമൃത്യു വരിച്ചത്. 

   മുഹമ്മദ് ഹക്കീമിന്റെ ഭൗതികശരീരം കബറടക്കത്തിനായി ഉമ്മിനി പള്ളി കബർസ്ഥാനിലെത്തിച്ചപ്പോൾ, സിആർപിഎഫ് നൽകിയ ഗാർഡ് ഓഫ് ഓണർ.
മുഹമ്മദ് ഹക്കീമിന്റെ ഭൗതികശരീരം കബറടക്കത്തിനായി ഉമ്മിനി പള്ളി കബർസ്ഥാനിലെത്തിച്ചപ്പോൾ, സിആർപിഎഫ് നൽകിയ ഗാർഡ് ഓഫ് ഓണർ.

ഉമ്മിനി ഗവ.ഹൈസ്കൂളിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. സംസ്ഥാന സർക്കാരിനുവേണ്ടി ജില്ലാ കലക്ടർ മൃൺമയി ജോഷി ശശാങ്കും കേരള പൊലീസിനു വേണ്ടി ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥും പുഷ്പചക്രം അർപ്പിച്ചു. 

പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ, ബിജെപി മേഖല സെക്രട്ടറി വി.നടേശൻ, സിപിഐ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ്, സംസ്ഥാന നിർവാഹക സമിതി അംഗം വി.ചാമുണ്ണി, അകത്തേത്തറ പഞ്ചായത്ത് അധ്യക്ഷ സുനിത അനന്തകൃഷ്ണൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. 

രാവിലെ 9നു ധോണി പയറ്റാംകുന്നിലെ വീട്ടിൽ നിന്നു തുറന്ന വാഹനത്തിലാണു മൃതദേഹം ഉമ്മിനി സ്കൂളിലെത്തിച്ചത്. വഴിനീളെ പൂക്കൾ വിതറി നാട്ടുകാർ ധീര ജവാന് ആദരമർപ്പിച്ചു. വിവിധ കേന്ദ്ര സേന വിഭാഗങ്ങളും കേരള പൊലീസും ഗാർഡ് ഓഫ് ഓണർ നൽകി. രാവിലെ 10.45നു പൂർണ ബഹുമതികളോടെ ഉമ്മിനി ജുമാ മസ്ജിദിൽ കബറടക്കി. 

തീവ്രപരിശീലനം ലഭിച്ച കോബ്ര ബറ്റാലിയൻ എലൈറ്റ് യൂണിറ്റിലെ ഹെഡ് കോൺസ്റ്റബിളായിരുന്നു ഹക്കീം. 2007ലാണു സിആർപിഎഫിൽ ചേർന്നത്. 2000–03 കാലഘട്ടത്തിൽ സംസ്ഥാന ജൂനിയർ ഹോക്കി ടീമിൽ അംഗമായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com