ADVERTISEMENT

തച്ചനാട്ടുകര∙ ഈ ബസുകൾക്ക്  കൈ കാണിക്കുന്നവർക്ക് എന്നും പന്തുകളി ഓർമയിൽ വരും. ബസുകളുടെ പേരു തന്നെ ഫിഫ എന്നാണ്. ഫുട്ബോൾ ഭ്രമം മൂത്ത് ഉടമ തന്റെ  ബസുകൾക്കെല്ലാം ഫിഫ എന്നു പേരിടുകയായിരുന്നു. മുൻകാല ഫുട്ബോൾ താരം കൂടിയായ ‌മണ്ണാർക്കാട് കൊടുവാളിക്കുണ്ട് സ്വദേശിയായ  മനച്ചിത്തൊടി മുഹമ്മദാലിയാണ് ഫിഫ  ബസുകളുടെ ഉടമ.  

പ്രവാസിയായിരുന്ന മുഹമ്മദാലി  2002 ലാണ് ചെറുപ്പത്തിലേ കമ്പമുണ്ടായിരുന്ന ബസ് സർവീസിലേക്ക് ഇറങ്ങുന്നത്. കുണ്ടൂർക്കുന്ന് മണ്ണാർക്കാട് റൂട്ടിലെ ആദ്യ ബസ് വാങ്ങിയ സമയം ലോക കപ്പ് സീസൺ ആയിരുന്നതിനാൽ പിന്നെ രണ്ടാമത് ആലോചിച്ചില്ല. ബസിന് ഫിഫ എന്ന് പേരിട്ടു. തുടക്കത്തിൽ ബസ് ജീവനക്കാരിൽ ഏറെയും ഫുട്ബാൾ പ്രേമികളും കളിക്കാരും ആയിരുന്നെന്ന് മുഹമ്മദാലി ഓർമിക്കുന്നു.  ബസുകളുടെ പേരെഴുത്തിലും ഗ്രാഫിക്സിലും വരെ ഫുട്ബോൾ ടച്ചുണ്ടായതോടെ യാത്രക്കാർക്കും ഫിഫ എന്ന പേര് ഇഷ്ടമായിത്തുടങ്ങി.

മുതുകുർശി കച്ചേരിപ്പറമ്പ്,  കുളപ്പാടം മണ്ണാർക്കാട് റൂട്ടുകളിൽ പീന്നീട് മറ്റു രണ്ടു സർവീസ് കൂടി ആരംഭിച്ചപ്പോഴും ബസുകളുടെ പേര് ഫിഫ എന്നു തന്നെ തുടർന്നു. ഫുട്ബോൾ കമ്പം വിടാതിരുന്ന മുഹമ്മദാലിയുടെ പേര്  പതിയെ ഫിഫ മുഹമ്മദാലി എന്നാകുകയും ചെയ്തു.  ഇപ്പോൾ അഖില കേരള സെവൻസ് ഫുട്ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റും മണ്ണാർക്കാട് ഫുട്ബോൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയും ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹിയുമാണ് മുഹമ്മദാലി. 

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സെവൻസ് ഫുട്ബാൾ മേള സംഘടിപ്പിക്കുന്നതിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ് ഇദ്ദേഹം. ഫുട്ബോളിന്റെ പേരിൽ അറിയപ്പെടുന്നതിൽ അഭിമാനമുണ്ടെന്ന് മുഹമ്മദാലി പറയുന്നു.  റൂട്ടുകളിലെ കുട്ടികളും  യുവാക്കളുമടങ്ങുന്ന ഫുട്ബോൾ പ്രേമികളുടെ ഹരമാണ് അവരുടെ സ്വന്തം ഫുട്ബോൾ ബസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com