ADVERTISEMENT

പാലക്കാട് ∙ തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസിൽ ഒന്നാം പ്രതിയുടെ വീട്ടിൽ നിന്ന് ആയുധം, വസ്ത്രം, ചെരിപ്പ് ഉൾപ്പെടെ കണ്ടെത്തിയ സംഭവത്തിലെ സാക്ഷി ശിവദാസ് കൂറുമാറിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വിസ്താരത്തിന്റെ ആദ്യഘട്ടത്തിൽ പ്രോസിക്യൂഷനുമായി സഹകരിച്ച സാക്ഷി പിന്നീട് നിലപാടിൽ മാറ്റം വരുത്തുകയായിരുന്നു. ഇതോടെയാണ് ഇയാൾ കൂറുമാറിയതായി പബ്ലിക് പ്രോസിക്യൂട്ടർ പി.അനിൽ കോടതിയെ അറിയിച്ചത്. തുടർന്ന് എതിർവിസ്താരവും നടത്തി. 

തേങ്കുറുശ്ശിയിൽ കൊല്ലപ്പെട്ട ഇലമന്ദം അനീഷിന്റെ (27) പോസ്റ്റ്മോർട്ടം സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാരൻ മാണിക്കനെയും വിസ്തരിച്ചു. അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എൽ.ജയ്‌വന്ത് മുൻപാകെയായിരുന്നു വിസ്താരം.  കേസിൽ പ്രതിചേർക്കപ്പെട്ട ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷിന്റെ (48) വീട്ടിൽ നിന്ന് ആയുധം ഉൾപ്പെടെ കണ്ടെത്തിയതിലെ സാക്ഷിയാണ് ശിവദാസ്. 

കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവനാണ് ഒന്നാം പ്രതി സുരേഷ്. രണ്ടാം പ്രതി പ്രഭുകുമാർ ഹരിതയുടെ അച്ഛനാണ്. കേസ് വീണ്ടും 7നു പരിഗണിക്കും. 2020 ഡിസംബർ 25നാണ് കേസിനാസ്പദമായ സംഭവം. ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് വിവാഹം ചെയ്തെന്ന കാരണത്താൽ ഹരിതയുടെ അമ്മാവനും അച്ഛനും ചേർന്ന് അനീഷിനെ കൊലപ്പെടുത്തിയെന്നാണു കേസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com