കാണാതായ സൈനബയ്ക്കും ഫർസാനയ്ക്കും എന്തു സംഭവിച്ചു?: ആ മൃതദേഹങ്ങൾ ആരുടേത്?; സിനിമാക്കഥയെ വെല്ലുന്ന സംഭവം

സൈനബ, മകൾ ഫർസാന
SHARE

മണ്ണാർക്കാട് ∙ കുമരംപുത്തൂർ നെച്ചുള്ളിയിൽ നിന്നു പത്തു വർഷം മുൻപു കാണാതായ നെച്ചുള്ളി മേലേകളത്തിൽ പരേതനായ അഷറഫിന്റെ ഭാര്യ സൈനബയ്ക്കും (44) മകൾ ഫർസാനയ്ക്കും (16) എന്തു സംഭവിച്ചു? ഇവരെ കാണാതായതിന്റെ മൂന്നാം നാൾ ദക്ഷിണ കർണാടകയിൽ കണ്ടെത്തിയ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ഇവരുടേതു തന്നെയോ? 10 വർഷമായിട്ടും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ദുരൂഹമായി തുടരുകയാണ് ഈ തിരോധാനവും തുടർന്നുണ്ടായ സംഭവങ്ങളും.

തീർഥാടനത്തിനു പോയ ഇരുവരും ദക്ഷിണ കർണാടകയിൽ എത്തിയതെങ്ങനെ, ഇവരെ കൊണ്ടുപോയ അബ്ദുട്ടി സൈനബയുടെ ഭർതൃസഹോദരൻ തന്നെയോ, തിരോധാനവുമായി ബന്ധപ്പെട്ട് അബ്ദുട്ടിയെ ചോദ്യം ചെയ്യാൻ ‍മണ്ണാർക്കാട് പൊലീസ് തയാറാകാതിരുന്നത് എന്തുകൊണ്ട്, കർണാടകയിൽ കൊല്ലപ്പെട്ട യുവതിയുടെയും പെൺകുട്ടിയുടെയും ഡിഎൻഎ പരിശോധനാ ഫലം എന്തായി തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾക്കാണ് ഉത്തരം ലഭിക്കാനുള്ളത്. 

സിനിമാക്കഥയെ വെല്ലുന്ന സംഭവം

2012 നവംബർ 17നാണു സൈനബയും മകൾ ഫർസാനയും മമ്പുറം, പൊന്നാനി എന്നിവിടങ്ങളിൽ തീർഥാടനത്തിനെന്നു പറഞ്ഞു വീട്ടിൽ നിന്നു പോയത്. ഭർത്താവ് അഷറഫിന്റെ സഹോദരൻ‍ അബ്ദുട്ടിയുടെ കൂടെയാണു പോകുന്നതെന്നും വൈകിട്ടു തിരിച്ചെത്തുമെന്നും സൈനബ ബന്ധുക്കളെ ഫോണിൽ വിളിച്ചു പറഞ്ഞിരുന്നു. പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിക്കാഞ്ഞ തിനെത്തുടർന്നു 2012 നവംബർ 25ന് സൈനബയുടെ മകൻ മുഹമ്മദ് അനീസ്, ഉമ്മയെയും സഹോദരിയെയും കാണാനില്ലെന്നു കാണിച്ചു മണ്ണാർക്കാട് പൊലീസിൽ പരാതി നൽകി.

സൈനബയുടെ ഭർതൃസഹോദരനെന്ന് അവകാശപ്പെട്ടെത്തിയ അബ്ദുട്ടി.

ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നു കാണിച്ചു മാസങ്ങൾക്കു ശേഷം പരാതി തീർപ്പാക്കി. ഇതിനിടെ 2012 നവംബർ 19നു ദക്ഷിണ കർണാടകയിലെ പുത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ റെയിൽവേ മേൽപ്പാലത്തിനു താഴെ 45 വയസ്സു തോന്നിക്കുന്ന സ്ത്രീയുടെയും 17 വയസ്സു തോന്നിക്കുന്ന പെൺകുട്ടിയുടെയും മൃതദേഹം കണ്ടെത്തി. ഇരുവരുടെയും തലയ്ക്കും കഴുത്തിനും വെട്ടേറ്റ നിലയിലായിരുന്നു. മൃതദേഹങ്ങൾക്കു സമീപം കത്തി കണ്ടെത്തിയതായും പുത്തൂർ പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു.

ഈ വിവരം ബന്ധുക്കൾ അറിയുന്നത് ഏതാണ്ട് ഒരുവർഷം കഴിഞ്ഞാണ്. സൈനബയുടെ സഹോദരീഭർത്താവ് അബ്ദുൽ നാസറും ബന്ധുക്കളും പൊലീസിനൊപ്പം പുത്തൂർ സ്റ്റേഷനിലെത്തി മൃതദേഹങ്ങളുടെ ഫോട്ടോയും വസ്ത്രങ്ങളും തിരിച്ചറിഞ്ഞു. സൈനബയുടെ ഭർതൃസഹോദരനെന്നു പറയുന്ന അബ്ദുട്ടി 30 വർഷം മുൻപു നാടുവിട്ടതാണ്. ചില ബന്ധുക്കളും ഏതാനും സുഹൃത്തുക്കളും ചേർന്നാണു മംഗലാപുരത്തു നിന്ന് അബ്ദുട്ടിയെ നാട്ടിലെത്തിച്ചത്. എന്നാൽ, തിരിച്ചെത്തിയതു യഥാർഥ അബ്ദുട്ടിയാണോ എന്ന കാര്യത്തിൽ കുടുംബാംഗങ്ങൾക്കിടയിലും നാട്ടുകാർക്കിടയിലും തർക്കമായി.

അബ്ദുട്ടിക്ക് എതിരെ അഷറഫിന്റെ മറ്റൊരു സഹോദരൻ അബു പൊലീസിൽ പരാതി നൽകുകയും മണ്ണാർക്കാട് കോടതി മുഖേന ഡിഎൻഎ പരിശോധനയ്ക്കു നിർദേശിക്കുകയും ചെയ്തു. ഡിഎൻഎ പരിശോധന 2012 ഡിസംബർ ഏഴിനു നടത്താനും തീരുമാനിച്ചു. എന്നാൽ, നവംബർ 17ന് അബ്ദുട്ടിയെ കാണാതായി. അന്നുതന്നെയാണു മകളും താനും അബ്ദുട്ടിയോടൊപ്പം പോകുകയാണെന്ന് അറിയിച്ചു സൈനബ വീടുവിട്ടത്. പിന്നീട് സൈനബയും മകളും ‍കൊല്ലപ്പെട്ടെന്ന വിവരമാണു ബന്ധുക്കൾക്കു ലഭിക്കുന്നത്. ഡിഎൻഎ പരിശോധനാ ഫലം എന്തായെന്നു പോലും ബന്ധുക്കൾക്ക് അറിയില്ല. ഫോട്ടോയും വസ്ത്രങ്ങളും തിരിച്ചറിഞ്ഞതു മാത്രമാണ് ഇവർ മരിച്ചുവെന്നതിനുള്ള തെളിവ്.

ഈ സംഭവങ്ങൾ കഴിഞ്ഞ് ഒരു വർഷത്തിനു ശേഷം അബ്ദുട്ടി വീണ്ടും മൈലാംപാടത്ത് എത്തിയതറിഞ്ഞു നാട്ടുകാരും ആക്‌ഷൻ കമ്മിറ്റിയും ഇയാളെ തടഞ്ഞുവച്ചു വിവരം മണ്ണാർക്കാട് പൊലീസിൽ അറിയിച്ചു. പൊലീസ് എത്തി ജീപ്പിൽ കയറ്റിയ അബ്ദുട്ടിയെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലിനെത്തുടർന്ന് ഇറക്കിവിട്ടു. പിറ്റേദിവസം പുലർച്ചെ ഇയാൾ മൈലാംപാടം വിട്ടു. രണ്ടു പേർ കൊല്ലപ്പെട്ടെന്നുവരെ സംശയിക്കുന്ന സംഭവവുമായി ബന്ധപ്പെട്ടു സംശയത്തിന്റെ മുനയിൽ നിൽക്കുന്നയാളെ ചോദ്യം ചെയ്യുകപോലും ചെയ്യാതെ വിട്ടയച്ചതിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു.

'ഉമ്മയ്ക്കും സഹോദരിക്കും എന്തു സംഭവിച്ചു എന്നെങ്കിലും അറിയാനുള്ള അവകാശം എനിക്കുണ്ട്. ഇക്കാര്യം 2015ൽ പാലക്കാട്ടു നടന്ന ജനസമ്പർക്ക പരിപാടിയിൽ ‍മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതാണ്. ഇവരെ കാണാതാകുമ്പോൾ എനിക്കു 17 വയസ്സാണ്. പിതാവു നേരത്തെ മരിച്ചു. പൊലീസ് പറയുന്നതു കേസ് കർണാടകയിലാണെന്നും തങ്ങൾക്കു പരിമിതിയുണ്ടെന്നുമാണ്.  -മുഹമ്മദ് അനീസ്, സൈനബയുടെ മകൻ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS