ADVERTISEMENT

വാളയാർ ∙ ദേശീയപാതയിൽ കാർ തടഞ്ഞു നിർത്തി, യാത്രക്കാരെ ആക്രമിച്ചു, രേഖകളില്ലാതെ കടത്തിയ 10 ലക്ഷം രൂപയും കാറും തട്ടിയെടുത്തു. യാത്രക്കാരിലൊരാളെ കാറിൽ കയറ്റി തട്ടിക്കൊണ്ടുപോയ ആക്രമി സംഘം കിലോമീറ്ററുകളോളം അകലെ ദേശീയപാതയോരത്ത് തള്ളിയിട്ടു. മലപ്പുറം വേങ്ങര സ്വദേശികളായ കാർ ഡ്രൈവർ മജീദ് (40), ബഷീർ (39) എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ഇന്നലെ പുലർച്ചെ അഞ്ചരയോടെ വാളയാർ അട്ടപ്പള്ളത്തായിരുന്നു ആക്രമണം.

സേലത്തു നിന്നെത്തിയ കാർ അട്ടപ്പള്ളത്ത് എത്തിയപ്പോൾ ദേശീയപാതയ്ക്കു കുറുകെ ലോറി നിർത്തി കാർ തടഞ്ഞു, പിന്നാലെയെത്തിയ കാറിലുണ്ടായിരുന്ന അഞ്ചംഗം സംഘം ഇരുമ്പു വടികൊണ്ട് ഇവരെ മർദിച്ചെന്നും ശേഷം മജീദിനെ തള്ളിയിട്ടു ബഷീറുമായി കാർ പാഞ്ഞുപോയെന്നുമാണു പൊലീസിനു നൽകിയ മൊഴി. ഇവരുടെ മൊബൈൽ ഫോണുകളും കവർച്ചാ സംഘം തട്ടിയെടുത്തു. സംഭവ ശേഷം മജീദ്‌ വാളയാർ പൊലീസ്‌ സ്റ്റേഷനിലെത്തി പരാതി നൽകി.

ഇയാൾ നൽകിയ വിവരങ്ങളെ തുടർന്ന് വാളയാർ പൊലീസ്‌ അന്വേഷണമാരംഭിച്ചു. ഇതിനിടെ അക്രമി സംഘം തട്ടിക്കൊണ്ടു പോയ ബഷീർ ബസ്‌ കയറി മലപ്പുറത്തെത്തിയെന്നും പൊലീസിനു വിവരം ലഭിച്ചു. കാറിലുണ്ടായിരുന്നതു കുഴൽപ്പണമാണെന്നും കൂടുതൽ പണം ഇതിലുണ്ടായിരുന്നെന്നും സംശയിക്കുന്നതായും വാളയാർ ഇൻസ്പെക്ടർ എ.അജീഷ് പറഞ്ഞു. 

മലപ്പുറത്തു നിന്നു സേലത്തേക്കു പോയ മജീദും ബഷീറും സഞ്ചരിച്ചിരുന്നത് മറ്റൊരു കാറിലായിരുന്നെന്നും സേലത്തു വച്ചു പണം സൂക്ഷിച്ച കാറിലേക്കു ഇവർ മാറിക്കയറുന്ന സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസിനു ലഭിച്ചെന്നും സൂചനയുണ്ട്.ദേശീയപാത കേന്ദ്രീകരിച്ചു കവർച്ച നടത്തുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നു സംശയിക്കുന്നതായും ഇത് ഉൾപ്പെടെ അന്വേഷിക്കുമെന്നും ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com