ADVERTISEMENT

വാളയാർ ∙ ഇതര സംസ്ഥാനങ്ങളിൽനിന്നെത്തുന്ന ശബരിമല തീർഥാടകരുടെ വാഹനങ്ങളിൽനിന്നു പിരിച്ചെടുത്തതെന്നു സംശയിക്കുന്ന 7200 രൂപ വാളയാർ ഇൻ ചെക്ക്പോസ്റ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ പിടികൂടി.  വാഹന ജീവനക്കാരുടെ വേഷത്തിലെത്തിയ വിജിലൻസ് സംഘം മേശയ്ക്കുള്ളിലും ഉദ്യോഗസ്ഥരുടെ പോക്കറ്റിലുമായി സൂക്ഷിച്ച പണമാണ് പിടിച്ചത്.  പിടികൂടിയ 7200 രൂപയിൽ 6000 രൂപ തന്റെ പണമാണെന്ന ഉദ്യോഗസ്ഥൻ വാദിച്ചു.

എന്നാൽ, ഈ സമയം രേഖ പ്രകാരം 1000 രൂപ പോലും കൗണ്ടറിലുണ്ടായിരുന്നില്ലെന്നാണ് വിജിലൻസ് പറയുന്നത്. ശബരിമല തീർഥാടകരുമായെത്തുന്ന ഓരോ വാഹനത്തിൽനിന്നും 300 രൂപ മുതൽ 500 രൂപവരെ വാങ്ങിയിരുന്നെന്നാണു വിജിലൻസ് പറയുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ ഉദ്യോഗസ്ഥരെ ഭയന്നു പണം നൽകുകയാണെന്നും പറയുന്നു. പരിശോധനയ്ക്ക് 10 മിനിറ്റു മുൻപു കൈക്കൂലിയായി വാങ്ങിയ പണം മാറ്റിയതായും തിരക്കുള്ള സമയങ്ങളിൽ ഓരോ മണിക്കൂറിലും 25,000 രൂപവരെ കൈക്കൂലി പിരിച്ചെടുക്കാറുണ്ടെന്നാണു വിജിലൻസിന്റെ കണ്ടെത്തൽ.

പരിശോധന സമയത്ത് ഒരു എംവിഐയും 4 എഎംവിഐമാരും ഒരു ഓഫിസ് അസിസ്റ്റന്റും ചെക്പോസ്റ്റിൽ ഡ്യൂട്ടിക്കുണ്ടായിരുന്നു. വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാമിന്റെ നിർദേശ പ്രകാരം പാലക്കാട് വിജിലൻസ് ഡിവൈഎസ്പി എം.ഗംഗാധരന്റെ നേതൃത്വത്തിൽ ഗസറ്റഡ് ഉദ്യോഗസ്ഥനായ എ.ഉല്ലാസ്, വിജിലൻസ് എസ്ഐമാരായ ബി.സുരേന്ദ്രൻ, കെ.മനോജ്കുമാർ, എഎസ്ഐ കെ. വിനു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എ.മനോജ്, പി.ആർ.രമേഷ് എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്.

ചെക്പോസ്റ്റ് ഓൺലൈനായിട്ടും ‘ഓഫായിട്ടില്ല’ കൈക്കൂലി പിരിവ്

ചെക്പോസ്റ്റ് അഴിമതി രഹിതമാക്കുകയെന്ന ലക്ഷ്യത്തോടെ ഓൺലൈൻ സംവിധാനം നടപ്പാക്കിയിട്ടും കൈക്കൂലി പിരിവ് നിർത്തിയിട്ടില്ലെന്ന് ആരോപണം. സംസ്ഥാനത്ത് ആദ്യമായി വാളയാർ ചെക്പോസ്റ്റിലാണ് ഓൺലൈൻ പദ്ധതി നടപ്പാക്കിയത്. മന്ത്രി ആന്റണി രാജു നേരിട്ടെത്തിയാണു പദ്ധതി ഉദ്ഘാടനം ചെയ്തത്. എല്ലാ സേവനങ്ങളും ഓൺലൈനിലൂടെ മാത്രം സാധ്യകുന്നതോടെ കൈക്കൂലി പിരിവ് ഇനി ഉണ്ടാകില്ലെന്ന് അദ്ദേഹം അന്നു പ്രഖ്യാപിക്കുകയുണ്ടായി. രണ്ടാഴ്ച പിന്നിടുമ്പോഴാണു വിജിലൻസ് പരിശോധനയിൽ ചെക്പോസ്റ്റിൽ നിന്നു കൈക്കൂലി പണം പിടികൂടിയത്. ഇന്നലെ വിജിലൻസ് പരിശോധന കഴിഞ്ഞ് ഒരു മണിക്കൂറിനു ശേഷം വീണ്ടും ഇതേ ഉദ്യോഗസ്ഥർ പണം പിരിച്ചെന്നും പകൽ സമയത്തും പിരിവ് നടക്കുന്നുണ്ടെന്നും ഡ്രൈവർമാരുടെ പരാതിയുണ്ട്.

അന്വേഷണം നടത്തും: ആർടിഒ

ശബരിമല തീർഥാടകരെ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൊള്ളയടിച്ചെന്ന പ്രചാരണവും ആക്ഷേപവും വസ്തുതാ വിരുദ്ധമാണെന്നും വിജിലൻസ് പണം പിടിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും ആർടിഒ ടി.എം.ജേഴ്സൺ അറിയിച്ചു.

‘ഹെൽപ് ഡെസ്ക് ആരംഭിക്കും’

ശബരിമല തീർഥാടകരുടെ വാഹനങ്ങളിൽ നിന്നു പണം പിരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നു വിശ്വഹിന്ദു പരിഷത്ത് ജില്ലാ കമ്മിറ്റി ആർടിഒയ്ക്കു പരാതി നൽകി. മണ്ഡല കാലം കഴിയുന്നതു വരെ ചെക്പോസ്റ്റിനു മുന്നിൽ ഹെൽപ് ഡെസ്ക് ആരംഭിക്കുമെന്നും ഇവർ അറിയിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.എൻ.സുധാകരൻ, വിഭാഗ് സെക്രട്ടറി സി.രവീന്ദ്രൻ, പുത്തൂർ രാധാകൃഷ്ണൻ, മാങ്കാവ് പ്രഭാകരൻ, കെ.പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ  ഉദ്യോഗസ്ഥരുമായി വിഷയം ചർച്ച ചെയ്തു.

‘തീർഥാടകരെ കൊള്ളയടിക്കുന്നു’

ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ശബരിമല തീർഥാടകരെ പിണറായി സർക്കാരും, ഒരുവിഭാഗം അഴിമതിക്കാരായ ഉദ്യോഗസ്ഥരും ചേർന്ന് കൊള്ളയടിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ആരോപിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com