ADVERTISEMENT

കൊടുമ്പ് ∙ തിരുവാലത്തൂർ രണ്ടുമൂർത്തി ഭഗവതി ക്ഷേത്രത്തിലെ കാർത്തിക വിളക്കുത്സവത്തിന് ഇന്നു രാവിലെ 8നു   കൊടിയിറങ്ങും. 10നു ശ്രീഭൂതബലിയോടെ ഉത്സവച്ചടങ്ങുകൾ സമാപിക്കും. 12ന് ആറാട്ടു സദ്യ, വൈകിട്ട് 6നു ചുറ്റുവിളക്കു, ദേശവിളക്കു ചടങ്ങുകൾ ഉണ്ടായിരിക്കും. 

ക്ഷേത്രത്തിൽ ഇന്നലെ കാർത്തികവിളക്കുത്സവത്തോടനുബന്ധിച്ചു മലയാള മനോരമയുമായി സഹകരിച്ചു നടത്തിയ കാർത്തിക സംഗീതോത്സവത്തിൽ ഒട്ടേറെ കലാകാരൻമാർ പങ്കെടുത്തു. 

കാഞ്ഞങ്ങാട് ശങ്കരൻ നമ്പൂതിരി, അനി‍ൽകുമാർ കല്ലേക്കുളങ്ങര, രവീന്ദ്രൻ ആച്ചനത്ത്, വിവേക്, രാജലക്ഷ്മി പരമേശ്വരൻ, ലത ദൊരൈസ്വാമി, ഗംഗാദേവി കണ്ണനൂർ, വിദ്യാവേദപുരി, സരസ്വതി, പ്രിയ രാജീവ് ഒറ്റപ്പാലം, പ്രിയ വേങ്ങശ്ശേരി, പ്രേമ പ്രിയദർശനൻ, ലത ജയകുമാർ പിരായിരി, വിജി അരവിന്ദ് കുത്തനൂർ, ഡോ.ശ്രീദേവി അങ്ങാടിപ്പുറം എന്നിവർ പങ്കെടുത്ത  പഞ്ചരത്ന കീർത്തനാലാപനവും നടന്നു. കാർത്തിക സദ്യയും ഉണ്ടായിരുന്നു. അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, ജില്ലാ കലക്ടർ മൃൺമയി ജോഷി ശശാങ്ക്, എഡിഎം കെ.മണികണ്ഠൻ എന്നിവരും ക്ഷേത്രത്തിലെത്തിയിരുന്നു.  

‘സംഗീതം 

ആനന്ദമാണ്,

സന്തോഷമാണ്’

 മനസ്സിനെ ആനന്ദിപ്പിക്കുന്നതാണ്, സന്തോഷിപ്പിക്കുന്നതാണു സംഗീതം. ഇന്നതു നഷ്ടമായിരിക്കുന്നു. ഈശ്വരാനുഗ്രഹം കൊണ്ട് പഴയ കാലത്തിലെ ആ നല്ല സംഗീതം തിരിച്ചുകിട്ടണേ എന്നാണു പ്രാർഥനയെന്നു ഗായകൻ പി.ജയചന്ദ്രൻ പറഞ്ഞു. തിരുപുരായ്ക്കൽ രണ്ടുമൂർത്തി ഭഗവതി ക്ഷേത്ര പുരസ്കാരം സ്വീകരിച്ചു പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ ഗാനങ്ങൾ ഒരിക്കലും സഹിക്കാൻ പറ്റുന്നില്ല. അതിൽ സംഗീതം ഇല്ല. ഈയിടെ ഒരു പാട്ടു കേട്ടു. പിന്നെ 3 ദിവസം ഉറങ്ങാൻ സാധിച്ചില്ല. 

 ഞാൻ സംഗീതം പഠിച്ചിട്ടില്ല. ഈശ്വരാനുഗ്രഹത്താൽ കുറെയേറെ നല്ല പാട്ടുകൾ പാടാൻ കഴിഞ്ഞു. സിനിമാക്കാരനാണെങ്കിലും 40 വർഷമായി സിനിമ കണ്ടിട്ടില്ല. പണ്ടത്തെ സിനിമകൾ ഇന്നില്ല. അന്നു നല്ല നോവലുകളാണു സിനിമയാക്കിയിരുന്നത്. കഴിവുറ്റ നടൻമാരും സംവിധായകരും ഉണ്ടായിരുന്നു. ചെമ്മീൻ പോലെ ഇത്രയേറെ സ്ത്രീ പ്രാധാന്യം നിറഞ്ഞു നിൽക്കുന്ന സിനിമ ഇന്നു നിർമിക്കാൻ പറ്റില്ല. 

ആരുടെയും കുറ്റമല്ല. ജനത്തിന്റെ അഭിരുചി അതിനനുസരിച്ചു മാറി. ലോഹിതദാസിനെപ്പോലെ നല്ല തിരക്കഥാകൃത്തുക്കൾ ഇന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com