ADVERTISEMENT

മുതലമട ∙ ആനയെ ഓടിക്കാൻ പടക്കം പൊട്ടിക്കുന്നതിനിടെ ഓലപ്പടക്കം കയ്യിൽ വച്ചു പൊട്ടി വനം വകുപ്പിന്റെ പ്രത്യേക സംഘത്തിൽ അംഗമായ ആദിവാസി യുവാവിനു പരുക്ക്. മേച്ചിറയിൽ പൊന്നുച്ചാമിയുടെ മകൻ പ്രതീഷിനാണ് (26) അപകടം പറ്റിയത്. ഇന്നലെ രാത്രി ഏഴരയോടെ സുക്രിയാൽ വച്ചായിരുന്നു പടക്കം കയ്യിൽ വച്ചു പൊട്ടിയത്.

വലതു കൈക്കു ഗുരുതര പരുക്കു പറ്റിയ പ്രതീഷിനെ ആദ്യം മുതലമട കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. തുടർച്ചയായി കാടിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടാനകളെ ഓടിച്ചു കാടു കയറ്റാനായി കൊല്ലങ്കോട് വനം റേഞ്ചിനു കീഴിൽ രൂപീകരിച്ച പ്രത്യേക സംഘത്തിലെ അംഗമാണു പ്രതീഷ്. മുതലമട പഞ്ചായത്തിലെ മലയോര മേഖലയായ സുക്രിയാൽ പ്രദേശത്തു കാട്ടാനയുടെ സാന്നിധ്യമുള്ളതിനാൽ അവ കാടിറങ്ങാതിരിക്കാനായി പടക്കം പൊട്ടിക്കുന്നതിനിടെയാണു പ്രതീഷിന്റെ കയ്യിൽ വച്ചു പടക്കം പൊട്ടുന്നത്. 

ബുധനാഴ്ച രാത്രി കള്ളിയമ്പാറ വേലാങ്കാട്ടിൽ കാട്ടാനകളിറങ്ങി തെങ്ങും പനയുമെല്ലാം നശിപ്പിച്ചതിനെ തുടർന്നു വനം വകുപ്പ് സംഘം ശബ്ദം ഉണ്ടാക്കിയും പടക്കം പൊട്ടിച്ചും ആനകളെ കാടു കയറ്റാനുള്ള ശ്രമത്തിലായിരുന്നു. കള്ളിയമ്പാറയിലിറങ്ങിയ 2 ആനകളെയാണ് ആദ്യം കാടു കയറ്റാൻ ശ്രമം നടത്തിയതെങ്കിലും മുന്നോട്ടു പോകും തോറും ആനകളുടെ എണ്ണം കൂടി. കിളിമല ഭാഗത്തു വച്ചു കാടു കയറ്റുന്ന സമയത്തു കുട്ടികൾ ഉൾപ്പെടെ 8 ആനകൾ ഉണ്ടായിരുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

എലവഞ്ചേരിയിലെ പോക്കാമട മുതൽ ചെമ്മണാംപതിയിലെ തമിഴ്നാട് അതിർത്തി വരെയുള്ള പ്രദേശത്ത് ഇരുപതോളം ആനകളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ശബ്ദം ഉണ്ടാക്കിയും പടക്കം പൊട്ടിച്ചും ആനകളെ കാടു കയറ്റാനുള്ള ശ്രമം തുടങ്ങിയിട്ടു നാളുകൾ ഏറെയായെങ്കിലും കാട്ടാനകളുടെ കാടിറക്കത്തിനു യാതൊരു കുറവുമില്ലാത്തതു വനം വകുപ്പ് ഉദ്യോഗസ്ഥർക്കു തലവേദന സൃഷ്ടിക്കുന്നുണ്ട്.

കൃഷിനാശം തുടരുന്നു

മുതലമട കള്ളിയമ്പാറ വേലാങ്കാട്ടിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ കാട്ടാനയിറങ്ങി മുപ്പതോളം തെങ്ങ്, കവുങ്ങ്, വാഴ എന്നിവ നശിപ്പിച്ചു. ചെന്താമരാക്ഷൻ, വാസുദേവൻ എന്നിവരുടെ കൃഷിയിടത്തിലാണു തെങ്ങും മറ്റു വിളകളും നശിപ്പിച്ചത്. വനാതിർത്തിയിലുള്ള ഫെൻസിങ് നശിപ്പിച്ച ശേഷമാണു കാട്ടാനകൾ കൃഷിയിടത്തേക്ക് എത്തുന്നത്. കൃഷിയിടത്തിലും ജനവാസമേഖലയിലും എത്തുന്ന കാട്ടാനകളെ കാടുകയറ്റാനുള്ള വനം വകുപ്പിന്റെ ശ്രമങ്ങൾ തുടരെ പരാജയപ്പെടുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com