കോങ്ങാട് ∙ ലോകകപ്പ് മത്സരത്തിൽ ഇഷ്ടതാരങ്ങളുടെ കട്ടൗട്ട് കൈകൊണ്ട് വരച്ച് ചെറായ കമ്മാളശ്ശേരിയിലെ കൊച്ചു ഫുട്ബോൾ ആരാധകർ. കെപിആർപി എച്ച്‌എസ്‌എസിലെ 6-ാം ക്ലാസ് വിദ്യാർഥി കാവുങ്ങൽ കെ.സുനീഷ്, 9-ാംക്ലാസ് വിദ്യാർഥി ആർ.നിരഞ്ജൻ എന്നിവരാണ് തങ്ങളുടെ കലാ നൈപുണ്യത്തിൽ താരങ്ങളുടെ ചിത്രം തീർത്തത്. കളി തുടങ്ങിയതു മുതൽ തന്നെ പ്രിയ താരങ്ങളുടെയും ടീമിന്റെയും ചിത്രം, കൊടി എന്നിവ ഇവർ കളി സ്ഥലങ്ങളിൽ ഒരുക്കിയിരുന്നു.
മത്സരം പ്രീ ക്വാർട്ടറിൽ എത്തിയതോടെ ഇവരുടെ ആവേശവും ഇരട്ടിച്ചു. ഇതോടെ വലിയ കട്ടൗട്ട് എന്ന ലക്ഷ്യം ഏറെ ശ്രമകരമായി യാഥാർഥ്യമാക്കുകയായിരുന്നു. 10 അടി ഉയരമുള്ള നെയ്മാർ ചിത്രം വരച്ചത് സുനീഷും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിത്രം തയാറാക്കിയത് ആർ.നിരഞ്ജനും ആണ്. വാട്ടർ പെയിന്റിങ് ആണ് അവലംബിച്ചത്. പ്ലാസ്റ്റർ ഓഫ് പാരീസും ഉപയോഗിച്ചു.