പാലക്കാട് ∙ ജില്ലയിൽ സപ്ലൈകോ മുഖേനയുള്ള ഒന്നാം വിള നെല്ലു സംഭരണം പൂർത്തിയായെങ്കിലും അളന്ന നെല്ലിന്റെ വില ലഭിക്കാതെ 13,000 കൃഷിക്കാർ കടക്കെണിയിൽ. നവംബറിൽ നെല്ലളന്നവർക്കു പോലും ഇനിയും വില ലഭിച്ചിട്ടില്ല. ഒന്നര മാസമായി വില വിതരണം സ്തംഭിച്ചിരിക്കുകയാണ്. എന്നു പുനരാരംഭിക്കുമെന്നും വ്യക്തമല്ല. കൃഷിക്കാർക്കു നൽകാനുള്ള തുകയെക്കുറിച്ച് സപ്ലൈകോയ്ക്കും മറുപടിയില്ല. കേന്ദ്രത്തിൽ നിന്ന് 220 കോടിയും സംസ്ഥാനത്തു നിന്ന് 750 കോടി രൂപയും സപ്ലൈകോയ്ക്കു ലഭിക്കാനുണ്ട്. ഈ തുക കിട്ടിയാൽ മാത്രമേ വില വിതരണം പുനരാരംഭിക്കാനാകൂ.
രണ്ടാംവിള നെല്ലു സംഭരണം സംബന്ധിച്ചു മന്ത്രിമാരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു യോഗം ചേർന്നിരുന്നെങ്കിലും ഒന്നാം വിളയിൽ കൃഷിക്കാർക്കു നൽകാനുള്ള കുടിശികയെക്കുറിച്ചു ചർച്ചയുണ്ടായില്ല. സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണു നെല്ലിന്റെ വില വിതരണത്തെയും ബാധിച്ചത്. സംസ്ഥാനമൊട്ടാകെ കൃഷിക്കാർക്ക് 146 കോടി രൂപ നൽകാനുണ്ടെന്നാണു കണക്ക്. ഇതിൽ 89 കോടി രൂപയും പാലക്കാടിനാണു നൽകാനുള്ളത്.
ഡിസംബർ 9 വരെ പേയ്മെന്റ് ഓർഡർ അനുവദിച്ച കൃഷിക്കാരുടെ അക്കൗണ്ടിലേക്കു സംഭരണ വില നൽകിയെന്നാണ് സപ്ലൈകോയുടെ അറിയിപ്പ്. അതേ സമയം നവംബർ 20നു നെല്ലളന്ന കർഷകർക്കു പോലും ഇനിയും തുക ലഭിക്കാനുണ്ടെന്നു കർഷകർ പറയുന്നു. ജില്ലയിൽ ഒന്നാം വിളയിൽ 1.13 ലക്ഷം മെട്രിക് ടൺ നെല്ലാണു ശേഖരിച്ചിട്ടുള്ളത്. 59,938 കൃഷിക്കാരാണ് ഒന്നാംവിള നെല്ലു സംഭരണത്തിനായി സപ്ലൈകോയിൽ റജിസ്റ്റർ ചെയ്തത്.
ഇതിൽ 45,540 കർഷകർ കോർപറേഷനു നെല്ലളന്നു. ജില്ലയിൽ ഇതുവരെ 226.9 കോടി രൂപയാണു നെല്ലിന്റെ വിലയിനത്തിൽ നൽകിയിട്ടുള്ളത്. ഇനി വളരെക്കുറച്ചു കർഷകരിൽ നിന്നു മാത്രമേ നെല്ലെടുക്കാനുള്ളൂ.ഒന്നാം വിളയിൽ സംഭരിച്ച നെല്ലിന്റെ വില കിട്ടാതായതോടെ കൃഷിക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഭൂരിഭാഗം കൃഷിക്കാരും കടം വാങ്ങിയാണ് രണ്ടാംവിള കൃഷിയിറക്കിയിട്ടുള്ളത്. തുടർന്നും തുക ലഭിക്കാതായതോടെ വള പ്രയോഗത്തിനും മറ്റും വീണ്ടും കടം വാങ്ങേണ്ട സ്ഥിതിയാണ്.