ADVERTISEMENT

വാളയാർ ∙ കാടുജീവിതത്തിലെ ചട്ടമ്പിത്തരങ്ങൾ മാറ്റി, ലക്ഷണമൊത്ത കുങ്കിയാനയായി ‘ധോണി’ (പി.ടി 7) എത്തുന്നതു കാത്തിരിക്കുകയാണു മുത്തങ്ങയിലുള്ള ‘ഉണ്ണിക്കൃഷ്ണൻ’. പാലക്കാടൻ വനയോര മേഖലയിൽ നിന്നു കുങ്കിയാനയായ ആദ്യ കൊമ്പനാണ് ഉണ്ണിക്കൃഷ്ണൻ. പിന്നീട് 11 വർഷത്തെ ഇടവേളയ്ക്കു ശേഷമാണു നാടു വിറപ്പിച്ച പി.ടി ഏഴാമനെ പിടികൂടി കുങ്കിയാകാൻ മെരുക്കുന്നത്.

2012ലാണു മൂന്നു വയസ്സുണ്ടായിരുന്ന ഉണ്ണിക്കൃഷ്ണനെ കഞ്ചിക്കോട് അയ്യപ്പൻ മലയടിവാരത്തു നിന്നു വനംവകുപ്പിനു കിട്ടിയത്. ഉൾവനത്തിൽ അമ്മ ചെരിഞ്ഞതോടെ കുട്ടിക്കൊമ്പൻ തീറ്റയെടുക്കാനാകാതെ ഒറ്റപ്പെട്ടു. അയ്യപ്പൻ മലയടിവാരത്ത് അവശ നിലയിലായിരുന്ന ആനയെ വാച്ചർമാരാണു കണ്ടെത്തിയത്. ആദ്യം ഉൾവനത്തിലേക്കു കയറ്റി വിട്ടെങ്കിലും കുട്ടിക്കൊമ്പൻ വീണ്ടും മലയടിവാരത്തിൽ തന്നെ എത്തി തളർന്നു വീണു.

വിവരം പുറത്തായതോടെ അന്നു വനംവകുപ്പു മന്ത്രിയായിരുന്ന കെ.ബി.ഗണേഷ്കുമാറും പിന്നാലെ വനം വകുപ്പ് ഉന്നതോദ്യോഗസ്ഥരും ഇടപെട്ടു. ഡോ.അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള വെറ്ററിനറി ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി. ഒപ്പം മുത്തങ്ങയിൽ നിന്നുള്ള പാപ്പാൻമാരായ ചന്ദ്രനെയും ഗോപാലനെയും ഇവിടെ എത്തിച്ചു.

കഞ്ചിക്കോട് സ്വകാര്യ മാവിൻതോപ്പിൽ പ്രത്യേക കൂടൊരുക്കി വിദഗ്ധ ചികിത്സയ്ക്കൊപ്പം ആനയുടെ ശാരീരിക ക്ഷമത വീണ്ടെടുക്കാനുള്ള പരിശീലനവും നൽകി. അന്നു മൃഗ സംരക്ഷണ പ്രവർത്തകനായ സന്തോഷ് കഞ്ചിക്കോടിന്റെ നേതൃത്വത്തിലുള്ള നാട്ടുകാരും വനംവകുപ്പിന്റെ പ്രവർത്തനങ്ങളിൽ സഹായിയായി. ഒടുവിൽ 17 ദിവസത്തെ പരിശീലനവും ചികിത്സയും പൂർത്തിയാക്കി ആനയെ തിരുവനന്തപുരം കോട്ടൂർ സങ്കേതത്തിലേക്കു കൊണ്ടു പോയി. അവിടെ പരിശീലനത്തിനു ശേഷം മുത്തങ്ങയിലെത്തിച്ചു. ഉണ്ണിക്കൃഷ്ണന് ഇപ്പോൾ 14 വയസ്സുണ്ട്. വയനാട്ടിൽ കാട്ടാനകളെ പിടികൂടാനുള്ള ദൗത്യത്തിൽ സ്ഥിരം സാന്നിധ്യമാണ് ഇപ്പോൾ ഉണ്ണിക്കൃഷ്ണൻ.

കാട്ടാന കൃഷി നശിപ്പിച്ച തോട്ടത്തിൽ ഗിരീഷ് പങ്കജവും, സന്തോഷ് ധോണിയും.   ചിത്രം:മനോരമ
കാട്ടാന കൃഷി നശിപ്പിച്ച തോട്ടത്തിൽ ഗിരീഷ് പങ്കജവും, സന്തോഷ് ധോണിയും. ചിത്രം:മനോരമ

ധോണി ഇങ്ങനെ കൂട്ടിലായിട്ടും ധോണിക്കാർക്ക് സ്വസ്ഥതയില്ല

 'ധോണി'  എന്ന പി.ടി. ഏഴാമൻ കാട്ടാന കൂട്ടിലായെങ്കിലും ധോണി നിവാസികൾക്കു കാട്ടാന ഭീതി ഒഴിയുന്നില്ല. ഇന്നലെയും കാട്ടാന ധോണി ജനവാസ മേഖലയിലെത്തി വ്യാപകമായി കൃഷി നശിപ്പിച്ചു. റബർ ടാപ്പ് ചെയ്യാൻ പോയ സി.സോണി കാട്ടാനയുടെ മുന്നിൽ നിന്നു തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.  രാവിലെ ആറിനു റബർ ടാപ്പിങ്ങിനിറങ്ങിയപ്പോഴാണു വീട്ടുമുറ്റത്ത് സോണി ഒറ്റയാനെ കണ്ടത്. ഉടനെ വീട്ടിൽ കയറി വാതിൽ അടച്ചു. അര മണിക്കൂറോളം നിലയുറപ്പിച്ച കാട്ടാന 5 തെങ്ങുകളും റബറും നശിപ്പിച്ചു. പി.ടി ഏഴാമനൊപ്പം ഉണ്ടായിരുന്ന മോഴ ആനയാണ് എത്തിയതെന്നു സംശയിക്കുന്നു. വനംവകുപ്പ് ഇതു സ്ഥിരീകരിച്ചിട്ടില്ല. 

 ചോളോട്, അരിമണി, ചൂലിപ്പാടം എന്നിവിടങ്ങളിലെത്തിയ കാട്ടാന തെങ്ങ്, വാഴ, കുരുമുളക്, നെൽപാടം എന്നിവ വ്യാപകമായി നശിപ്പിച്ചു. സോണി ചൂലിപ്പാടം, കെ.പത്മനാഭൻ, എം.റെജി, പി.സി.കുട്ടൻ എന്നിവരുടെ കൃഷിയാണു നശിപ്പിച്ചത്. പലയിടത്തും മുള്ളുവേലി തകർത്തു. 23നു രാത്രിയും ഒറ്റയാൻ പ്രദേശത്തു കൃഷി നശിപ്പിച്ചിരുന്നു. പാടത്ത് വെള്ളം തുറന്നുവിടാൻ പോയ കർഷകൻ സി.ചന്ദ്രൻ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.

ധോണി ശാന്തനാകുന്നു, ഇനി  പരിശീലനത്തിന്റെ നാളുകൾ

 'ധോണി' ധോണിയിൽ ഉന്മേഷവാനാണ്. കൂട് തകർത്ത് സ്വതന്ത്രനാകാനുള്ള ശ്രമം പതിയെ കുറച്ച് തുടങ്ങി. മയക്കു മരുന്നിന്റെ മന്ദത പൂർണമായും മാറി. പാപ്പാന്മാരുമായി അടുത്തില്ലെങ്കിലും അവർ നൽകുന്ന ഭക്ഷണം കഴിച്ചു തുടങ്ങി.   പുല്ലും ഇലകളുമാണ് ഇപ്പോഴത്തെ ഭക്ഷണം. കഴിഞ്ഞ ദിവസങ്ങളിലൊക്കെ കൊമ്പൻ അസ്വസ്ഥനായിരുന്നു. കൂട് പൊളിക്കാനുള്ള ശ്രമം പരമാവധി നടത്തി. പക്ഷേ ഇന്നലെ മുതൽ അൽപം ശാന്തനായി. ആരോഗ്യസ്ഥിതിയും മെച്ചപ്പെട്ടു.

കണ്ണിലെ നിറവ്യത്യാസം മാറി.പരാക്രമം പൂർണമായി അവസാനിപ്പിച്ചാൽ പതിയെ പരിശീലനം തുടങ്ങും. ഇന്നലെ ധോണിയെ കാണാൻ ഒട്ടേറെ സന്ദർശകരെത്തി. സന്ദർശനത്തിനു നിയന്ത്രണം ഏർപ്പെടുത്താനാണു വനംവകുപ്പിന്റെ തീരുമാനം.ധോണിയെ കൂട്ടിലാക്കാൻ സഹായിച്ച സുരേന്ദ്രൻ, വിക്രം എന്നീ കുങ്കിയാനകൾ ഇന്ന് വയനാട്ടിലേക്ക് മടങ്ങും. ഭരതനെ കഴിഞ്ഞ ദിവസം കൊണ്ടുപോയി.

കേന്ദ്രമന്ത്രി  ഭഗവന്ത് ഗുബെ ധോണിയിലെത്തി

പാലക്കാട് ∙ ധോണിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ശിവരാമന്റെ വീട് കേന്ദ്ര മന്ത്രി ഭഗവന്ത് ഗുബെ സന്ദർശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ധോണിയിലെ കാട്ടാന ശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് ശിവരാമന്റെ മകൻ എസ്.അഖിൽ മന്ത്രിക്കു നിവേദനം നൽകി.

തൂക്കൂസൗരോർജ വേലി, കിടങ്ങ് പോലെയുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നു നിവേദനത്തിൽ പറയുന്നു. പരിശോധിച്ചു നടപടി സ്വീകരിക്കാമെന്നു മന്ത്രി ഉറപ്പ് നൽകി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, ട്രഷറർ ഇ.കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ് എന്നിവരും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com