ഒറ്റപ്പാലം∙ ടൗണിൽ കഴിഞ്ഞദിവസം നവീകരിച്ച പ്രധാന പാത ടാർ ഉണങ്ങും മുൻപേ ഇടിഞ്ഞു. നടപ്പാതയോടു ചേർന്നുള്ള ഭാഗങ്ങളിലാണു കഴിഞ്ഞദിവസത്തെ മഴയിൽ റോഡ് ഇടിഞ്ഞു കുഴിയായത്. സമീപകാലത്തു സ്വകാര്യ മൊബൈൽ ഫോൺ സേവനദാതാക്കൾ ഒഎഫ്സി കേബിൾ സ്ഥാപിച്ച ഭാഗങ്ങളിലാണു ടാറും മണ്ണും ഇടിഞ്ഞു താഴ്ന്നുണ്ടായ കുഴികൾ. സഹകരണ അർബൻ ബാങ്കിനു സമീപത്തെ സ്വകാര്യ ഷോപ്പിങ് കോംപ്ലക്സിനു മുന്നിൽ പാത ഇടിഞ്ഞു കിടക്കുന്നതു വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്നു.

പാതയിൽ സ്ഥാപിച്ചിട്ടുള്ള ഒഎഫ്സി കേബിളിന്റെ ജംക്‌ഷൻ ബോക്സിനു ചുറ്റുമാണു മണ്ണിടിഞ്ഞു കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ഇതോടെ, വാഹനങ്ങൾക്കു ഷോപ്പിങ് കോംപ്ലക്സിലേക്കു സുഗമമായി പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയായി. പാതയുടെ നിരപ്പിൽ നിന്ന് ഉയർന്നുനിൽക്കുന്ന നിലയിലാണു ജംക്‌ഷൻ ബോക്സ് സ്ഥാപിച്ചിരിക്കുന്നത്. ഇതു സ്ഥാപിക്കുന്ന ഘട്ടത്തിൽതന്നെ പ്രശ്നം ചൂണ്ടിക്കാട്ടിയിരുന്നെന്നു ഷോപ്പിങ് കോംപ്ലക്സിലെ വ്യാപാരികൾ പറയുന്നു. പിഡബ്ല്യുഡി റോഡ് നവീകരിക്കുമ്പോൾ നിരപ്പുവ്യത്യാസം പരിഹരിക്കുമെന്നാണു മൊബൈൽ ഫോൺ സേവനദാതാക്കൾ പറഞ്ഞിരുന്നത്.
റോഡ് നവീകരണം നടത്തുന്ന ഘട്ടത്തിലും പ്രശ്നം ചൂണ്ടിക്കാട്ടിയെങ്കിലും, ഈ പണി നവീകരണത്തിൽ ഉൾപ്പെട്ടതല്ലെന്ന നിലയിൽ അവഗണിക്കപ്പെട്ടു. സഹകരണ അർബൻ ബാങ്ക് കെട്ടിടത്തിലേക്കു വാഹനങ്ങൾക്കു സുഗമമായി കയറാൻ നടപ്പാതയോടു ചേർന്നുണ്ടായിരുന്ന കോൺക്രീറ്റ് ചെരിവും റോഡ‍് നവീകരണത്തോടെ ഇല്ലാതായി. ബാങ്കിലേക്കുള്ള വാഹനങ്ങൾ റോഡിൽ നിന്നു നടപ്പാതയിലേക്ക് ഇടിച്ചു കയറേണ്ട അവസ്ഥയിലാണിപ്പോൾ. തെന്നടി ബസാർ പ്രദേശത്തും നവീകരണം കഴിഞ്ഞതിനു പിന്നാലെ പാതയുടെ അരിക് ഇടിഞ്ഞ നിലയിലാണ്.
ഇവിടെയും സ്വകാര്യ കമ്പനിയുടെ ഒഎഫ്സി കേബിൾ നിക്ഷേപിച്ചു മണ്ണിട്ടു മൂടിയ ഭാഗത്താണു റോഡിൽ ടാറും മണ്ണും ഇടിഞ്ഞു കുഴി രൂപപ്പെട്ടിരിക്കുന്നത്. പൈപ്‌ലൈൻ സ്ഥാപിക്കൽ പ്രവർത്തനങ്ങളുടെ ഭാഗമായി ജല അതോറിറ്റി നിക്ഷേപിച്ച 1.8 കോടി രൂപ വിനിയോഗിച്ചായിരുന്നു പിഡബ്ല്യുഡിയുടെ നേതൃത്വത്തിൽ, ഒറ്റപ്പാലം ടൗണിന്റെ ഹൃദയഭാഗമെന്നു വിശേഷിപ്പിക്കുന്ന പ്രദേശത്ത് ഒന്നര കിലോമീറ്ററോളം റോഡിന്റെ നവീകരണം.