പാലക്കാട് ∙ മാനസിക-ശാരീരിക പക്വതയാകുന്നതിനു മുൻപു കുട്ടികളെ വിവാഹം കഴിപ്പിക്കുന്നതിനെതിരെ നടപടി ശക്തമാക്കുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ പറഞ്ഞു. വനിതാ ശിശു വികസന വകുപ്പിന്റെ വനിതാ പ്രൊട്ടക്‌ഷൻ ഓഫിസ് ശൈശവ വിവാഹ നിരോധന നിയമത്തെക്കുറിച്ചു സംഘടിപ്പിച്ച ബോധവൽക്കരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.ശൈശവ വിവാഹ നിരോധന വിരുദ്ധമായ വിവാഹം തടയുക, കുട്ടികളുടെ സംരക്ഷണം, കോടതിയുടെ ഇടപെടലുകൾ, കുറ്റവിചാരണവും ശിക്ഷയും എന്നീ വിഷയങ്ങളിൽ പാലക്കാട് ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കെ.ഷീബ ക്ലാസെടുത്തു.
18 വയസ്സ് കഴിയാത്ത പെൺകുട്ടിക്കും 21 വയസ്സ് കഴിയാത്ത ആൺകുട്ടിക്കുമാണ് ഈ നിയമം ബാധകമാവുക.വിവാഹം നടക്കുമ്പോൾ അതു തടയാൻ കഴിഞ്ഞില്ലെങ്കിലും നിരോധന ഓഫിസർക്കു പിന്നീടു വിവാഹം അസാധുവാക്കാൻ കഴിയും. കുട്ടികളെ തട്ടിക്കൊണ്ടു പോയി വിവാഹം നടത്തിയെന്ന പരാതിയിലും വിവാഹം അസാധുവാക്കാനും അധികാരമുണ്ട്. ശൈശവ വിവാഹം ശ്രദ്ധയിൽപെട്ടിട്ടും അറിയിക്കാതിരുന്നാൽ അയൽക്കാരൻ വരെ പ്രതിയാകും. കുട്ടിയായിരിക്കുമ്പോൾ വിവാഹം നടന്നശേഷം 18 വയസ്സ് ആകുമ്പോൾ വിവാഹം വേണ്ടായിരുന്നു എന്നു പെൺകുട്ടി മനസ്സിലാക്കിയാൽ കോടതി മുഖേന ബന്ധം അസാധുവാക്കാം.
ജില്ലാ വനിതാ ശിശു വികസന ഓഫിസർ ടിജു റേച്ചൽ തോമസ് അധ്യക്ഷയായി. ജില്ലാ ശിശു സംരക്ഷണ ഓഫിസർ എസ്.ശുഭ, ജില്ലാ പ്രബേഷൻ ഓഫിസർ കെ.ആനന്ദൻ, വനിതാ പ്രൊട്ടക്‌ഷൻ ഓഫിസർ വി.എസ്.ലൈജു, ഐസിഡിഎസ് സിഡിപിഒ കെ.ഗീത, മത മേലധ്യക്ഷന്മാർ, സാമൂഹിക പ്രവർത്തകർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.