മണ്ണാർക്കാട്∙ കുന്തിപ്പുഴയിലെ വർക്‌ഷോപ്പിലും ആക്സറീസ് കടയിലും വൻ തീപിടിത്തം. മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് പ്രാഥമിക കണക്കെന്ന് തീ അണച്ച അഗ്നിരക്ഷാ സേന അറിയിച്ചു . ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് കുന്തിപ്പുഴ കമ്യൂണിറ്റി ഹാളിനു എതിർ വശത്തുള്ള വർക്‌ഷോപ്പിലും ചേർന്നുള്ള വാഹന ആക്സസറീസ് ഷോപ്പിലും തീ പിടിച്ചത്. ഒരു ബൈക്ക് പൂർണമായും കത്തി നശിച്ചു. കൂടാതെ രണ്ട് ഷോപ്പിലുമുള്ള ആക്സസറീസും കത്തി ചാമ്പലായി.
ഷോർട് സർക്യൂട്ടാവാം കാരണമെന്നാണ് കരുതുന്നത്. ചങ്ങലീരി സ്വദേശി നിയാസിന്റേതാണ് വർക് ഷോപ്പ്. ആക്സസറീസ് ഷോപ്പ് പെരിമ്പടാരി സ്വദേശി റൗഫിന്റെതുമാണ്. സീനിയർ ഫയർ ഓഫിസർ പി.കെ.രഞ്ജിത്, ഫയർ ഓഫിസർമാരായ ടിജോ തോമസ്, എം.രമേശ്, പി.കെ.രഞ്ജിത്, എൻ.അനിൽകുമാർ, ഫയർ ഓഫിസർ (ഡ്രൈവർ) കെ.എം.നസീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്.