പാലക്കാട് ∙ ചെർപ്പുളശ്ശേരി, മണ്ണാർക്കാട്, കോങ്ങാട് ഭാഗത്തു നിന്നുള്ള ബസുകളും പാലക്കാട് നഗരത്തിൽ ബിഒസി റോഡ് വഴി വരുന്ന ബസുകളും ഇന്നു മുതൽ മുനിസിപ്പൽ ബസ് സ്റ്റാൻഡ് വഴി സർവീസ് നടത്തണമെന്ന് ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് അറിയിച്ചു. റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഉത്തരവു പ്രകാരമാണു നടപടി. നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
∙ ചെർപ്പുളശ്ശേരി, മണ്ണാർക്കാട്, കോങ്ങാട് ഭാഗത്തു നിന്നുള്ള ബസുകൾ വിക്ടോറിയ കോളജ്–താരേക്കാട് വഴി മുനിസിപ്പൽ സ്റ്റാൻഡിലെത്തി തിരിച്ചു താരേക്കാട്–ഹെഡ്പോസ്റ്റ് ഓഫിസ് വഴി സ്റ്റേഡിയം സ്റ്റാൻഡിലെത്തണം.
∙ ബിഒസി റോഡ് വഴി വരുന്ന എല്ലാ ബസുകളും (റെയിൽവേ കോളനി, മലമ്പുഴ, കൊട്ടേക്കാട്–കല്ലേപ്പുള്ളി ഉൾപ്പെടെ) ടൗൺ റെയിൽവേ മേൽപാലത്തിൽ നിന്ന് വലത്തേക്കു തിരിഞ്ഞു മുനിസിപ്പൽ സ്റ്റാൻഡിലെത്തി തിരിച്ചു താരേക്കാട് വഴി പോകണം.
∙ ഇതിനനുസരിച്ചുള്ള ഗതാഗത നിയന്ത്രണത്തിന് പൊലീസിനെ നിയോഗിക്കുമെന്ന് ട്രാഫിക് എൻഫോഴ്സ്മെന്റ് സബ് ഇൻസ്പെക്ടർ സി.കെ.രാജേഷ് അറിയിച്ചു.
∙ കൂടുതൽ ബസുകൾ ഹെഡ്പോസ്റ്റ് ഓഫിസ്–സുൽത്താൻപേട്ട വഴി എത്തുന്നതോടെ ഈ റൂട്ടിൽ അനധികൃത പാർക്കിങ്ങിനുൾപ്പെടെ കർശന നിരോധനം.
∙ നിലവിൽ ചെർപ്പുളശ്ശേരി, മണ്ണാർക്കാട് ബസുകൾ ഒലവക്കോടിനുശേഷം പല വഴിക്കായാണ് സ്റ്റേഡിയം സ്റ്റാൻഡിലെത്തുന്നത്. ഇത് നഗരത്തിലെത്തേണ്ട യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
∙ നിർദേശം പ്രാവർത്തികമാകുന്നതോട മുനിസിപ്പൽ ബസ് സ്റ്റാൻഡ് പൂർണതോതിൽ പ്രവർത്തിച്ചു തുടങ്ങും.
∙ സ്റ്റാൻഡിൽ പുതിയ ബസ് ടെർമിനൽ നിർമിക്കാനുള്ള ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്.
∙ ടെർമിനൽ നിർമാണം തുടങ്ങി 3 മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് അറിയിപ്പ്.
∙ ഇതോടെ മുനിസിപ്പൽ സ്റ്റാൻഡിൽ നിന്നു തന്നെ ബസുകൾ സർവീസ് ആരംഭിക്കാനാകും.
∙ ബസ് ടെർമിനൽ യാഥാർഥ്യമാകും വരെ മുനിസിപ്പൽ സ്റ്റാൻഡിൽ നഗരസഭ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും ആവശ്യം.