പാലക്കാട് ∙ പി ടി ഏഴാമനെന്ന ധോണി കാട്ടാനയുടെ ശരീരത്തിൽ കണ്ടെത്തിയ മുറിവുകൾ വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. പത്തിലധികം മുറിവുകളാണു കണ്ടെത്തിയത്. ഇതു പെല്ലറ്റുകൾ കൊണ്ടു മുറിഞ്ഞാതാവാമെന്നു സംശയിക്കുന്നതായി വനംവകുപ്പ് അധികൃതർ അറിയിച്ചു. കൂടുതൽ പരിശോധനകൾക്കു ശേഷമേ വ്യക്തമാകുകയുള്ളൂ. പരുക്കുകൾ സാരമുള്ളതല്ലെന്നാണു പ്രാഥമിക പരിശോധനയിൽ വ്യക്തമായതെന്നു അധികൃതർ പറഞ്ഞു.ആനയുടെ പിൻഭാഗത്തായി പലയിടത്തും വീങ്ങി തടിച്ചിട്ടുണ്ട്.
ആനയുടെ ശരീരത്തിലെ മുറിവുകളുണ്ടായതു സംബന്ധിച്ച് അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആനപ്രേമി സംഘം ജില്ലാ കമ്മിറ്റി വനം മന്ത്രി ഉൾപ്പെടെയുള്ളവർക്കു പരാതി നൽകി. കൂട്ടിലുള്ള ധോണി കാട്ടാന കഴിഞ്ഞ രണ്ടു ദിവസങ്ങളിലും അക്രമ സ്വഭാവം പുറത്തെടുത്തു. കഴിഞ്ഞ ദിവസം കൂടിന്റെ രണ്ട് തൂണുകൾ ചവിട്ടി പൊട്ടിച്ചിരുന്നു. ഇന്നലെയും കൂട് തകർക്കാനുള്ള ശ്രമം നടത്തി.
മദപ്പാട് ഉള്ളതിനാൽ ജാഗ്രതയോടെയാണു പാപ്പാൻമാർ ആനയെ പരിചരിക്കുന്നത്. ആനയ്ക്കു പാപ്പാൻമാരെ മാത്രം കാണുന്ന വിധം കൂടിന്റെ ചുറ്റുപാടും കെട്ടിയടച്ചു. പാപ്പാൻമാർ അല്ലാതെ ആരെ കണ്ടാലും ആന അസ്വസ്ഥനാകുന്നുണ്ട്.