പാലക്കാട് ∙ റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ എസ്ഐയായ അച്ഛൻ നയിച്ച ലോക്കൽ പൊലീസ് സേനയ്ക്കു രണ്ടാം സമ്മാനവും മകൾ അംഗമായ എൻസിസി പ്ലറ്റൂണിന് ഒന്നാം സമ്മാനവും ലഭിച്ചു. കോട്ടമൈതാനത്തു നടന്ന പരേഡിൽ സായുധ സേന വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിച്ചത് ജില്ലാ സ്പെഷൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ കെ.മാധവൻ നയിച്ച ലോക്കൽ പൊലീസിനാണ്. ഏറെ വർഷത്തിനുശേഷമാണ് ലോക്കൽ പൊലീസിനു പരേഡിൽ സമ്മാനം ലഭിക്കുന്നത്.
എൻസിസി വിഭാഗത്തിൽ പാലക്കാട് മേഴ്സി കോളജിനാണ് ഒന്നാം സമ്മാനം. ഈ പ്ലറ്റൂണിൽ മാധവന്റെ മകൾ എം.മാളവികയും അംഗമാണ്. സംസ്ഥാന പൊലീസ് സേനയിൽ 30 വർഷം പൂർത്തിയാക്കിയ കെ.മാധവൻ ആദ്യമായാണ് പരേഡിൽ ലോക്കൽ പൊലീസിനെ നയിക്കുന്നത്. 2006 മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും ലഭിച്ചിട്ടുണ്ട്. മേയ് മാസത്തിലാണ് സർവീസിൽ നിന്നു വിരമിക്കുന്നത്. മാളവിക മേഴ്സി കോളജിൽ ബിഎ ഹിസ്റ്ററി രണ്ടാം വർഷ വിദ്യാർഥിനിയാണ്.