ADVERTISEMENT

ഊട്ടി∙ ഗൂഡല്ലൂർ മേഖലയിൽ കാട്ടാനകളുടെ സാന്നിധ്യം തിരിച്ചറിയാൻ  സംവിധാനങ്ങൾ ഒരുക്കും. കാട്ടാനയുടെ ആക്രമണത്തിൽ ഒരാഴ്ചക്കിടയിൽ രണ്ട് പേർ മരിക്കാനിടയായതിനെ തുടർന്നാണ് തീരുമാനം.കാട്ടാനകളുടെ സാന്നിധ്യം കണ്ടറിയാൻ പുതിയ സംവിധാനങ്ങൾ ഒരുക്കുന്നതായി കലക്ടർ എസ്.പി.അമൃത് അറിയിക്കുകയായിരുന്നു. ആനത്താരകളായ ബാർവുഡ്‌, ചൂണ്ടി,  നായക്കൻപ്പാറ, വട്ടപ്പാറ, എല്ലമല തുടങ്ങിയ 5 സ്ഥലങ്ങളിൽ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കും.

കാട്ടാനകളെ തുരത്താനായി ഓരോ കേന്ദ്രങ്ങളിലും ഒരു കുങ്കിയാനയടക്കം 25 വനം വകുപ്പ് ജീവനക്കാരെ 24 മണിക്കൂറും നിരീക്ഷണത്തിനായി നിയമിക്കും.  ഓരോ ഗ്രാമത്തിനും വനം വകുപ്പുകാരും ജനങ്ങളും അടങ്ങിയ ഒരു വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി കാട്ടാനകളുടെ സാന്നിധ്യം ശ്രദ്ധയിൽ പെടുത്തും.  ഇതല്ലാതെ ഡ്രോൺ ക്യാമറകൾ മൂലവും ആന സാന്നിധ്യം കണ്ടറിയും.  തൊഴിലാളികളുടെ സുരക്ഷയ്ക്കായി തോട്ടം ഉടമകളുമായി ചർച്ച നടത്തും. രാവിലെ 8.30 മുതൽ ഉച്ചക്ക് 2.30 വരെ മാത്രം തൊഴിലാളികൾക്ക് ജോലിയെന്നത് നടപ്പിൽ വരുത്തും.

കേരളത്തിൽ നിന്നുള്ള ആനകൾ ഓവേലി വഴി മുതുമലയിലെത്തി അവിടെ നിന്നും സത്യമംഗലത്തേക്കും കർണാടകത്തിലേക്കും പോകുന്നത് പതിവാണെന്നും ജനങ്ങൾ അതീവജാഗ്രത കാണിക്കണമെന്നും കലക്ടർ നിർദേശിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടിയെന്ന് ജില്ലാ പൊലീസ് മേധാവി കെ പ്രഭാകരനും വ്യക്തമാക്കി. 

ഗൂഡല്ലൂരിൽ കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം ഏറ്റുവാങ്ങാതെ 20 മണിക്കൂർ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഒരു വാട്സാപ് ഗ്രൂപ്പ് ഇവിടങ്ങളിൽ സർക്കാറിനെതിരായി പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത് അന്വേഷിച്ചുവരികയാണെന്നും ജില്ലാ പൊലീസ് സൂപ്രണ്ട് അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com