ADVERTISEMENT

വാളയാർ ∙ വാധ്യാർചള്ളയിൽ നെൽപ്പാടത്തു മേയാൻ ഇറങ്ങിയെന്ന് ആരോപിച്ചു പശുക്കിടാവിന്റെ 2 കാലുകൾ സ്ഥലമുടമ തല്ലിയൊടിച്ചെന്നു പരാതി. ക്ഷീരകർഷകനായ വാധ്യാർചള്ള സ്വദേശി ജയിംസിന്റെ രണ്ടര മാസം പ്രായമുള്ള പശുക്കിടാവിന്റെ കാലുകളാണു കെട്ടിയിട്ട ശേഷം തല്ലിയൊടിച്ചത്. സംഭവത്തിൽ സ്ഥലം ഉടമ ചുള്ളിമട സ്വദേശി എം.സഹദേവനെതിരെ പൊലീസിനും മൃഗസംരക്ഷണ വകുപ്പിനും ജയിംസ് പരാതി നൽകിയിട്ടുണ്ട്.

ഇന്നലെ രാവിലെ പത്തരയോടെ വാധ്യാർചള്ള പുത്തൻചള്ളയിലാണു സംഭവം. സാധാരണ പറമ്പിൽ കെട്ടിയിടാറുള്ള പശുക്കൾ പാടത്തേക്ക് ഇറങ്ങാറില്ലെന്നും ഇന്നലെ കെട്ട് അഴിഞ്ഞു നീങ്ങിയപ്പോഴാണു പാടവരമ്പത്ത് എത്തിയതെന്നും കർഷകൻ പറയുന്നു. വിള നശിപ്പിക്കാനോ പുല്ലു തിന്നാനോ ഇവ പോയിട്ടില്ല. പാടവരമ്പത്തേക്ക് ഇറങ്ങിയതോടെയാണു പശുക്കിടാവിനെ കെട്ടിവലിച്ചു തൊട്ടപ്പുറത്തെ പറമ്പിലെത്തിച്ചു കെട്ടിയിട്ട ശേഷം ഉടമ കാലുകൾ തല്ലിയൊടിച്ചത്. പശുക്കിടാവിന്റെ നിലവിളി കേട്ട് പാടത്തെ കർഷകത്തൊഴിലാളികൾ ഓടിയെത്തുമ്പോഴേക്ക് ഉടമ പോയിരുന്നു.

കൃഷിയിടത്തിലേക്കു പന്നി ഇറങ്ങാതിരിക്കാൻ ഇരുമ്പുവേലി വലിച്ചു കെട്ടിയിട്ടുണ്ട്. ഇതിനായി ഉപയോഗിച്ച വലിയ മരത്തടി ഉപയോഗിച്ചാണു പശുക്കിടാവിനെ ആക്രമിച്ചതെന്നു കർഷകത്തൊഴിലാളികൾ പറഞ്ഞു. ഇവർ വിവരമറിയിച്ചതിനെ തുടർന്നു ജയിംസ് സ്ഥലത്തെത്തി. ഉടൻതന്നെ ജില്ലാ ആശുപത്രിയിലെത്തിച്ച്, പശുക്കിടാവിന്റെ കാലുകൾ തുന്നിക്കെട്ടി. പരുക്കു ഗുരുതരമാണെന്നും ഒടിഞ്ഞ എല്ലുകൾ പുറത്തേക്കു തള്ളിയ നിലയിലായിരുന്നെന്നും ജയിംസ് പറയുന്നു. മുൻപു സ്ഥലം ഉടമയിൽ നിന്നു സമാന അനുഭവമുണ്ടായിട്ടുണ്ടെന്ന പരാതിയുമായി മറ്റു ചില കർഷകരും മുന്നോട്ടു വന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com