ADVERTISEMENT

പാലക്കാട് ∙ കാട്ടിലും നാട്ടിലുമായി കടുവകളെയും ആനകളെയും പുലികളെയും ജീവൻ പണയം വച്ചു മയക്കുവെടി വയ്ക്കുകയും പരിചരിക്കുകയും ചെയ്യുന്ന വെറ്ററിനറി ഡോക്ടർമാരോട് വനംവകുപ്പിൽ അവഗണന. അതിസാഹസികമാണു തൊഴിലെങ്കിലും അതിനു വേണ്ട അലവൻസോ മറ്റ് ആനുകൂല്യങ്ങളോ ഇല്ല. മയക്കുവെടി വയ്ക്കാൻ നല്ല തോക്കു പോലുമില്ലെന്നതാണു വാസ്തവം.

മനുഷ്യ–വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിലും പലയിടത്തും ഡോക്ടർമാരുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നു.വനംവകുപ്പിനു കീഴിലുള്ള ആനകളെയും മറ്റും പരിപാലിക്കുന്നതിനു 3 വെറ്ററിനറി ഡോക്ടർമാർ മാത്രമാണു വകുപ്പിലുണ്ടായിരുന്നത്. എന്നാൽ, വന്യജീവി പ്രശ്നങ്ങൾ രൂക്ഷമായതോടെയാണ്, 2017ൽ മൃഗസംരക്ഷണ വകുപ്പിൽ നിന്നു ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ വനം ആസ്ഥാനത്ത് ചീഫ് വെറ്ററിനറി ഓഫിസർ, 12 ജില്ലകളിലായി അസി.ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ എന്നീ തസ്തികളിൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കാൻ തീരുമാനിച്ചത്. കുരങ്ങു മുതൽ ആനയും കടുവയും വരെയുമുള്ള വന്യമൃഗങ്ങളെ  പരിചരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും നിരന്തരം കാട്ടിലും നാട്ടിലുമായി ജോലി ചെയ്യേണ്ടവരാണ് ഇവർ.

മൃഗസംരക്ഷണ വകുപ്പിൽ ജോലി ചെയ്തിരുന്നപ്പോൾ ലഭിച്ചിരുന്ന പല അലവൻസുകളും വനം വകുപ്പിലെത്തിയപ്പോൾ കിട്ടുന്നില്ല. കാടിനോടുള്ള പ്രത്യേക താത്പര്യം കൊണ്ടുമാത്രം പ്രവർത്തിക്കുന്ന ഇവർക്കു വേണ്ട ജോലി സാഹചര്യമോ സുരക്ഷയോ ഏർപ്പെടുത്തുന്നില്ല. കാടിനകത്ത് ആനകളെയും മറ്റും പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ സഹായത്തിനു മതിയായ ജീവനക്കാരെ ലഭിക്കാറില്ല. മയക്കുവെടി വയ്ക്കുന്നതിനു മികച്ച തോക്കും മറ്റ് ഉപകരണങ്ങളും ഉള്ളതു വിരലിലെണ്ണാവുന്ന യൂണിറ്റുകളിൽ മാത്രമാണ്.

യൂണിറ്റുകളിൽ പലതിലും അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കിയിട്ടില്ല. മരുന്നുകളും ഇല്ല.ഒഴിവുകൾ യഥാസമയം നികത്താത്തതിനാൽ നിലവിലെ ഡോക്ടർമാർക്കു വിശ്രമം പോലുമില്ല. വനം ആസ്ഥാനത്തെ ചീഫ് വെറ്ററിനറി ഓഫിസർ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ ദിവസം ധോണിയിൽ പി.ടി.–7 എന്ന കാട്ടാനയെ പിടികൂടുകയും മണ്ണാർക്കാട് കാടിറങ്ങിയ പുലി കോഴിക്കൂട്ടിൽ ചാവുകയും ചെയ്ത പാലക്കാട് ജില്ലയിലെ രണ്ട് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. 

നിലമ്പൂർ, ആറളം, ചാലക്കുടി എന്നിവിടങ്ങളിലും ഫോറസ്റ്റ് വെറ്ററിനറി ഓഫിസറില്ല. ഈ പ്രദേശങ്ങളിൽ ആളില്ലാതാകുമ്പോൾ ഇതര ജില്ലകളിൽ ചുമതലുള്ളവരാണു രാപകലില്ലാതെ പ്രയത്നിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com