ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ വനംവകുപ്പിനു കീഴിലുള്ള ദ്രുത കർമസേന(ആർആർടി)യുടെ കുറവ് വന്യമൃഗശല്യം തടയാനുള്ള നടപടികളെ ബാധിക്കുന്നു. നിലവിൽ പാലക്കാട്ട് ദ്രുതകർമസേനയുടെ ഒരു യൂണിറ്റ് മാത്രാണുള്ളത്. ഇവർക്കു തന്നെ ആവശ്യത്തിന് ഉപകരണങ്ങളോ സുരക്ഷാ സംവിധാനങ്ങളോ ഇല്ല. ജില്ലയിൽ കുറഞ്ഞത് 5 സ്ഥിരം ദ്രുത കർമസേന യൂണിറ്റ് വേണമെന്ന് ആവശ്യപ്പെട്ടു ചീഫ് വൈൽഡ് ലൈഫ് വാർഡൻ സംസ്ഥാന സർക്കാരിനു കത്തു നൽകിയിട്ടു വർഷം 4 കഴിഞ്ഞു. അട്ടപ്പാടി മേഖലയിൽ മാത്രം ഒരു യൂണിറ്റ് വേണമെന്നും കത്തിൽ പറയുന്നു. 

പക്ഷേ, പാലക്കാട് വനം ഡിവിഷനിലെ ഒലവക്കോട് സെക്‌ഷനു കീഴിൽ മാത്രമാണു സ്ഥിരം യൂണിറ്റുള്ളത്. കല്ലടിക്കോട് മുതൽ വാളയാർ വരെ ഇവർ ഓടിയെത്തണം. മണ്ണാർക്കാട് ഒരു യൂണിറ്റുണ്ടെങ്കിലും സ്ഥിരമല്ല. പരിശീലനം ലഭിച്ച സേനാംഗങ്ങളും ഇല്ല. കാട്ടാനശല്യം രൂക്ഷമായ നെന്മാറ, നെല്ലിയാമ്പതി, കൊല്ലങ്കോട്, അട്ടപ്പാടി, അഗളി, കല്ലടിക്കോട്, വാളയാർ, മലമ്പുഴ തുടങ്ങി പ്രദേശങ്ങളിൽ ദ്രുതകർമ സേനകളില്ല. സേനയെ അനുവദിച്ചാൽ അവർക്കു വേണ്ട വാഹനവും ഉപകരണങ്ങളും നൽകാമെന്ന് എംഎ‍ൽഎമാർ അറിയിച്ചിട്ടുണ്ട്. സേന രൂപീകരിക്കുന്നതിനു ഡപ്യൂട്ടി റേഞ്ച് ഓഫിസർ ഉൾപ്പെടെ ഉദ്യോഗസ്ഥരെ നിയമിക്കേണ്ടതിനാൽ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണു ധനവകുപ്പിന്റെ മറുപടി. 

അതേസമയം, സ്ഥാനക്കയറ്റം കാത്ത് നാൽപതിലേറെ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാരുണ്ടെന്നും ഇവരെ നിയോഗിക്കുന്നതിലൂടെ സാമ്പത്തിക നഷ്ടമുണ്ടാകില്ലെന്നുമാണു വിദഗ്ധരുടെ വാദം. വന്യമൃഗങ്ങളെ പിടികൂടുമ്പോൾ തടിച്ചു കൂടുന്ന ജനങ്ങളെ നിയന്ത്രിക്കാൻ കൂടുതൽ പൊലീസുകാരെ അനുവദിക്കണമെന്ന വനംവകുപ്പിന്റെ ആവശ്യവും സർക്കാർ പരിഗണിച്ചിട്ടില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com