ADVERTISEMENT

പാലക്കാട് ∙ പൈപ്പ് തുറന്നാൽ പാചകവാതകം കുഴലിലൂടെ അടുക്കളയിലെത്തുന്ന സിറ്റി ഗ്യാസ് പദ്ധതി പാലക്കാട്ടും തുടങ്ങി. എലപ്പുള്ളി പഞ്ചായത്തിലെ എട്ടാം വാർഡിലും പുതുശ്ശേരി പഞ്ചായത്തിലെ പതിമൂന്നാം വാർഡിലുമാണു സിലിണ്ടറിനു പകരം പൈപ്പിലൂടെ പാചകവാതകം ലഭിച്ചു തുടങ്ങിയത്.മാർച്ചിനുള്ളിൽ പഞ്ചായത്തുകളിലെ ആയിരത്തോളം വീടുകളിൽ കണക്‌ഷൻ നൽകും.

കിൻഫ്ര ഫുഡ്പാർക്ക്, വൈസ്പാർക്ക്, കെഎസ്ഐഡിസി പാർക്ക് എന്നിവിടങ്ങളിലും കണക്‌ഷൻ നൽകാൻ സൗകര്യമുണ്ട്. പാലക്കാട് നഗരസഭയിലാണ് അടുത്ത ഘട്ടത്തിൽ പദ്ധതി നടപ്പാക്കുകയെന്നു പദ്ധതി ചുമതലയുള്ള ഇന്ത്യൻ ഓയിൽ–അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് പറഞ്ഞു. പിന്നാലെ ജില്ലയിലാകെ പദ്ധതി വ്യാപിപ്പിക്കും. 

ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാതെ, വിതരണ വാഹനത്തെ കാത്തിരിക്കാതെ സദാസമയവും സമൃദ്ധമായി ഗ്യാസ് ലഭിക്കുമെന്നതാണു പ്രത്യേകത. സിലിണ്ടർ ഗ്യാസിനെക്കാൾ 10–15%  ചെലവു കുറയും. അപകട സാധ്യതയും കുറവാണ്.  ഉപയോഗിച്ച ഗ്യാസിന്റെ അളവ് മീറ്ററിലെ റീഡിങ് നോക്കിയാണു പണം കണക്കാക്കുന്നത്.

വരുന്നത്വാളയാറിൽനിന്ന് 

വാളയാർ കനാൽപിരിവിലെ മെയിൻ സ്റ്റേഷനിൽ നിന്നാണു വിതരണം. 10 കിലോമീറ്ററോളം ദൂരത്തിൽ പൈപ്പിട്ടു കഴിഞ്ഞു. 8 ഇഞ്ച് കനത്തിലുള്ള സ്റ്റീൽ പൈപ്പ് വഴിയാണു പ്രധാന വിതരണം. ഗ്യാസ് വീടുകളിലേക്കെത്തിക്കുന്നത് പോളി എത്തിലീൻ പൈപ്പ് വഴിയാണ്. വീട്ടിലെ ഗ്യാസ് മീറ്റർ പോയിന്റിൽ നിന്ന് ജിഐ പൈപ്പ് വഴി അടുക്കളയിലേക്ക് പാചകവാതകം എത്തിക്കും.

ഉപയോഗം അറിയുന്നതിനു വീടുകളിൽ മീറ്റർ ഉണ്ടായിരിക്കും.കനത്ത മർദത്തിലൂടെയാണ് സ്റ്റീൽ പൈപ്പിലൂടെ പ്രകൃതിവാതകം കടന്നു പോകുന്നതെങ്കിലും വീടുകളിൽ എത്തുമ്പോൾ സാധാരണ സമ്മർദമാകും. അതുകൊണ്ടു തന്നെ അപകടസാധ്യത കുറവാണ്. 

പാലക്കാട് നഗരത്തിൽഓഗസ്റ്റിൽ

ഓഗസ്റ്റ് മാസത്തോടെ പാലക്കാട് നഗരസഭയിൽ പദ്ധതി ആരംഭിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. കഞ്ചിക്കോട്ടു നിന്ന് പൈപ്‌ലൈൻ സ്ഥാപിക്കാൻ ദേശീയപാതയ്ക്കു കുറുകെ ചാലു കീറുന്നതിനു ദേശീയപാത അതോറിറ്റിയുടെ അനുമതി വേണം.  ഇതിനുള്ള നടപടി അന്തിമ ഘട്ടത്തിലാണ്. എണ്ണായിരത്തോളം കണ‌ക്‌ഷനുകളാണ് നഗരസഭയിൽ പ്രതീക്ഷിക്കുന്നത്.

കണ‌ക്‌ഷൻ നടപടികൾ 

കമ്പനി പ്രതിനിധികൾ വീടുകളിലെത്തി കണക്‌ഷൻ നൽകാനുള്ള നടപടികൾ സ്വീകരിക്കും. വീട്ടു നമ്പറിനൊപ്പം ആധാർ കാർഡോ ഫോട്ടോ പതിച്ച ഐഡി കാർഡോ വേണം. 2 മാസത്തിലൊരിക്കൽ   മീറ്റർ റീഡിങ്ങിന്റെ അടിസ്ഥാനത്തിലായിരിക്കും ബില്ല്.  ഒറ്റത്തവണയായി 6000 രൂപ, മൂന്ന് തവണയായി ആറായിരം രൂപ, മാസം നിശ്ചിത വാടക കണക്കാക്കിയുള്ള രീതി എന്നിങ്ങനെ മൂന്നു സ്കീമുകൾ  ഉണ്ട്. ഉപഭോക്താക്കൾക്ക് സൗകര്യാനുസരണം തിരഞ്ഞെടുക്കാം. നിലവിലുള്ള പാചകവാതക കണക്‌ഷൻ തുടരണോ എന്ന് ഉപഭോക്താവിനു തീരുമാനിക്കാം.

സുരക്ഷ ഉറപ്പ്

എല്ലാ തരത്തിലും പൂർണ സുരക്ഷിതമാണു പദ്ധതിയെന്ന് അധികൃതർ പറഞ്ഞു. പാതയോരത്തു കുറഞ്ഞത് 1.2 മീറ്റർ ആഴത്തിലാണു പൈപ്പുകൾ. പൈപ്പ് കടന്നുപോകുന്ന ഓരോ 50 മീറ്ററിലും ഇതു സൂചിപ്പിക്കാൻ കല്ലുനാട്ടിയിട്ടുണ്ട്. ഓരോ മൂന്നു കിലോമീറ്ററിലും പ്രധാന വാൽവുണ്ട്. ഇരുപതോ മുപ്പതോ വീടുകളുടെ വിതരണം നിയന്ത്രിക്കാനും വാൽവ് ഉണ്ട്.

ചോർച്ചയുണ്ടെങ്കിൽ ഓരോ ഘട്ടത്തിലും വാൽവ് ഉപയോഗിച്ചു നിയന്ത്രിക്കാം. വീടുകളിലാൽ കണക്‌ഷൻ എത്തിച്ചേരുന്ന ഭാഗത്തും സ്റ്റൗവിനോടു ചേർന്നും വാൽവുണ്ട്. അന്തരീക്ഷ വായുവിനെക്കാൾ സാന്ദ്രത കുറഞ്ഞതിനാൽ പാചകവാതകം ചോർന്നാലും ഇതു വായുവിൽ ലയിച്ചു വീര്യം നഷ്ടപ്പെടുന്നതിനാൽ വലിയ അപകടാവസ്ഥയില്ലെന്ന് അധികൃതർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com