ADVERTISEMENT

പാലക്കാട് ∙ കേന്ദ്ര ബജറ്റിൽ പാലക്കാടിനു നേട്ടമാകുന്ന പദ്ധതികൾ കാര്യമായുണ്ടായില്ല. നാളെ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിലാണ് ഇനി പ്രതീക്ഷ. നെല്ലു സംഭരണവും വന്യമൃഗ ശല്യത്തിനു പരിഹാരവും ഉൾപ്പെടെ ഒട്ടേറെ പദ്ധതികൾക്കായി പാലക്കാട് കാത്തിരിക്കുകയാണ്.

വന്യമൃഗ ശല്യത്തിനു  പരിഹാരം

വന്യമൃഗ ശല്യത്തിനു പരിഹാരമാകുന്ന പദ്ധതികൾ ആവശ്യപ്പെടുകയാണു മലയോര മേഖല. വനംവകുപ്പിനു കീഴിലുള്ള ദ്രുത കർമസേന യൂണിറ്റുകളുടെ (ആർആർടി) എണ്ണം വർധിപ്പിക്കണമെന്നതു വർഷങ്ങളായുള്ള ആവശ്യമാണ്. ജില്ലയിൽ കുറഞ്ഞതു 5 സ്ഥിരം ദ്രുത കർമസേന യൂണിറ്റെങ്കിലും വേണമെന്ന് ആവശ്യപ്പെട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ സംസ്ഥാന സർക്കാരിനു കത്ത് നൽകിയെങ്കിലും നടപടിയുണ്ടായില്ല. കൂടുതൽ റേഞ്ച് ഓഫിസുകളും ഫോറസ്റ്റ് സ്റ്റേഷനും വേണമെന്ന ആവശ്യവുമുണ്ട്.

കൃഷി നാശം സംഭവിച്ചവർക്കുള്ള നഷ്ടപരിഹാരം  ഉയർത്തണമെന്നും കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്നുമുള്ള ആവശ്യം ഉയർന്നിട്ടു നാളുകളേറെയായി. 80 കോടിയിലേറെ രൂപ ഇനിയും കർഷകർക്കു ലഭിക്കാനുണ്ട്. 

ക​ഞ്ചിക്കോടിന്  സൗകര്യങ്ങൾ

അടിസ്ഥാന സൗകര്യ വികസനം, വൈദ്യുതി പ്രസരണത്തിലെ ആധുനികവൽക്കരണം, കഞ്ചിക്കോട് റെയിൽവേ സ്റ്റേഷനും സമീപം ലോജിസ്റ്റിക് പാർക്ക്, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് പ്രോൽസാഹനം നൽകുന്ന പദ്ധതികൾ എന്നിവയെല്ലാം കാത്തിരിക്കുന്നു.

പണം വേണം മെഡി. കോളജിന്

പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള പാലക്കാട് മെഡിക്കൽ കോളജിനു കഴിഞ്ഞ ബജറ്റിൽ 70 കോടി രൂപ അനുവദിച്ചെങ്കിലും ഈ തുക മതിയായില്ല. പ്രഖ്യാപനം അല്ലാതെ ഇതുവരെ കിടത്തി ചികിത്സ ആരംഭിച്ചിട്ടില്ല. ഫർണിച്ചർ ഉൾപ്പെടെ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനും ഫണ്ട് വേണം. ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെ നൽകാൻ പദ്ധതിയിതര ഫണ്ട് വേണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. പട്ടികജാതി വികസനവകുപ്പും ധനകാര്യ വകുപ്പും തമ്മിൽ ഫണ്ട് കൈമാറുന്ന വിഷയത്തിലെ സാങ്കേതിക പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഈ വർഷവും പ്രതിസന്ധി രൂക്ഷമാകും.

സഞ്ചാരികൾക്കു  കാരവൻ 

ടൂറിസം വികസന പദ്ധതികളിൽ കണ്ണും നട്ടാണു ജില്ലയിലെ വിനോദ സഞ്ചാര മേഖലകൾ. മലമ്പുഴ, നെല്ലിയാമ്പതി ഉൾപ്പെടെ മേഖലകളിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന ആവശ്യത്തിനു മുന്നിൽ സർക്കാർ കണ്ണടയ്ക്കുകയാണ്. മലമ്പുഴ ഉദ്യാനത്തിന്റെ നവീകരണം, റോഡ് അറ്റകുറ്റപ്പണി, സന്ദർശകർക്ക് ശുദ്ധജല സൗകര്യം ഉൾപ്പെടെ ആവശ്യങ്ങളുണ്ട്.

മലമ്പുഴ, മുതലമട, കൊല്ലങ്കോട്, ചാത്തൻപാറ, കവ, ധോണി, ആനക്കട്ടി എന്നിവിടങ്ങളിൽ സ്വകാര്യ പങ്കാളിത്തത്തോടെ കാരവൻ പാർക്ക് നിർമിക്കാൻ കഴിഞ്ഞ വർഷം ടൂറിസം വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിനു ഫണ്ട് വകയിരുത്തുമെന്നാണു പ്രതീക്ഷ. മലമ്പുഴയിൽ 'ഡാം സൈഡ് ഡ്രൈവ്, റിങ് റോഡിൽ സഫാരി പാർക്ക് ഉൾപ്പെടെ സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉറപ്പ് നൽകിയിരുന്നു.

മുന്നോട്ടു പുതുവഴികൾ

കോഴിക്കോട്–പാലക്കാട് ദേശീയപാത വികസനത്തിനു കൂടുതൽ ഫണ്ട് ആവശ്യമാണ്. അട്ടപ്പാടി, നെല്ലിയാമ്പതി ചുരം റോഡുകളും പൂർത്തിയാക്കേണ്ടതുണ്ട്. പാലക്കാട് നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകുന്ന പദ്ധതികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഗർഭിണിയെ തുണി മഞ്ചലിൽ ചുമന്ന കടുകുമണ്ണ ഉൾപ്പെടെയുള്ള ഗോത്ര ഊരുകളിലേക്കുള്ള റോഡിന് 70 കോടിയുടെ പദ്ധതിയും ബജറ്റിൽ പ്രതീക്ഷിക്കുന്നു. ചിറക്കൽപടി- പൂഞ്ചോല-പാറവളവ്-ഗുളിക്കടവ് റോഡ് ബജറ്റിൽ ഇടം പിടിച്ചേക്കും.

 ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ സാധ്യതാ പഠനത്തിന് 65 ലക്ഷം രൂപ അനുവദിച്ചതൊഴിച്ചാൽ യാതൊരു അനക്കവും അട്ടപ്പാടിക്കാരുടെ സ്വപ്ന പാതക്കുണ്ടായില്ല.

കർഷക പ്രതീക്ഷകൾ 

ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ നെല്ലു സംഭരണത്തിനു പ്രത്യേകം തുക വകയിരുത്തുമോ ? സഹികെട്ടും ഗതികെട്ടുമുള്ള കൃഷിക്കാരുടെ ചോദ്യമാണിത്. ചുരുങ്ങിയതു 1200 കോടി രൂപയെങ്കിലും സംഭരണത്തിനു മാത്രമായി വകയിരുത്തിയാൽ മാത്രമേ നെല്ലെടുപ്പു സുഗമമാകൂ. ഒന്നാംവിള നെല്ലു സംഭരണം അവസാനിപ്പിച്ചു രണ്ടാം വിള നെല്ലെടുക്കാനായി. എന്നിട്ടും ഒന്നാംവിള നെല്ലെടുത്ത വകയിൽ ജില്ലയിലെ 15,500 കൃഷിക്കാർക്ക് സപ്ലൈകോ ഇനിയും 92 കോടി രൂപ നൽകണം.

∙ സംസ്ഥാനമൊട്ടാകെ ഈയിനത്തിൽ 190 കോടി രൂപയിലധികം കർഷകർക്കു നൽകാനുണ്ട്. നെല്ലെടുത്ത വകയിൽ ജില്ലയിൽ ഇതുവരെ 227 കോടി രൂപയാണു നൽകിയിട്ടുള്ളത്.

∙ ഡിസംബർ 9 വരെ അംഗീകരിച്ച പേയ്മെന്റ് ഓർഡർ പ്രകാരമുള്ള തുക മാത്രമേ ഇതുവരെ നൽകിയിട്ടുള്ളൂ. ബാക്കി നൽകാനുണ്ട്. അതേ സമയം നവംബർ 20നു നെല്ലളന്ന കൃഷിക്കാർക്കു പോലും ഇതുവരെ നെല്ലിന്റെ വില കിട്ടിയിട്ടില്ല.

∙ കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്ന് സപ്ലൈകോയ്ക്ക് 1000 കോടിയോളം രൂപ ലഭിക്കാനുണ്ടെന്ന് കോർപറേഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ തുക ലഭിച്ചാൽ പോലും ഒന്നാംവിളയുടെ ബാക്കി തുക നൽകാനും ഒപ്പം രണ്ടാംവിള നെല്ലെടുക്കാനും സാധിക്കും. ഇതേക്കുറിച്ചു സർക്കാരുകൾ കൈമലർത്തിയതോടെ സപ്ലൈകോയും കൈമലർത്തി.
∙ 1200 കോടി രൂപയെങ്കിലും അനുവദിച്ചാൽ മാത്രമേ രണ്ടാംവിള നെല്ലെടുപ്പ് ആരംഭിക്കാനാകൂ എന്നാണ് സപ്ലൈകോ അറിയിച്ചിട്ടുള്ളത്.

∙ വായ്പ നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സമ്മതം അറിയിച്ചിട്ടുണ്ടെങ്കിലും സപ്ലൈകോയുടെ കടമെടുപ്പു പരിധി ഉയർത്താൻ ഇതുവരെ സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല. 2500 കോടി രൂപയാണു കടമെടുപ്പു പരിധി. ഇതിനു സമാന തുക നേരത്തെതന്നെ വായ്പയെടുത്തു മുൻകാല കുടിശികയിലേക്കു വകയിരുത്തി.
∙ ഉടൻ 150 കോടി രൂപ നൽകാമെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ടെങ്കിലും കടമെടുപ്പു പരിധി ഉയർത്താതെ ഇതും സാധ്യമാകില്ല.
∙ കേരള ബാങ്ക് വായ്പ വാഗ്ദാനം ചെയ്തെങ്കിലും ഇതും നേടിയെടുക്കാൻ കാര്യമായ നടപടികളില്ല. ഇതര ബാങ്കുകളുടെ കൺസോർഷ്യത്തെക്കാൾ ഉയർന്ന പലിശയ്ക്കാണു കേരള ബാങ്ക് വായ്പ നൽകാമെന്ന് അറിയിച്ചിട്ടുള്ളത്.

തുക തേടി കനാലുകൾ

ജില്ലയിലെ ജലസേചന കനാലുകൾ നിർമിച്ചതിനുശേഷം ഇന്നേവരെ നന്നാക്കിയിട്ടില്ല, പലയിടത്തും തകർന്നു കിടക്കുന്നു. ഏച്ചുകെട്ടിയാണു ജലസേചനം. സംസ്ഥാനത്തു ജലസേചന കൃഷി കൂടുതലുള്ള ജില്ലകളിലൊന്നാണു പാലക്കാട്. എന്നിട്ടും കനാൽ നവീകരണത്തിനു ജില്ലയ്ക്കു കാര്യമായൊന്നും ലഭിച്ചിട്ടില്ല. കനാലിലെ തടസ്സം നീക്കാൻ നേരിയ വിഹിതം അനുവദിക്കും. ഈ തുക ഒന്നിനും തികയാറില്ല.
∙ തൊഴിലുറപ്പു പദ്ധതിൽ കനാൽ വൃത്തിയാക്കാൻ അനുമതി ഇല്ലാതായതോടെ രണ്ടാംവിളയ്ക്കു മുൻപുള്ള കനാൽ ശുചീകരണം പോലും തടസ്സപ്പെട്ടു. ഒടുവിൽ വെള്ളം എത്തിക്കാൻ വേണ്ടി കൃഷിക്കാർ കനാലിലും ഇറങ്ങി.
∙ ജില്ലയിൽ മലമ്പുഴ, മംഗലം, പോത്തുണ്ടി, വാളയാർ, കാഞ്ഞിരപ്പുഴ, ചിറ്റൂർപ്പുഴ പദ്ധതിക്കു കീഴിൽ 40,000 ഹെക്ടർ വരെ നെൽകൃഷിക്കു ജലസേചനം എത്തിക്കണം.
∙ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നെല്ലുൽപാദിപ്പിക്കുന്ന ജില്ലയിൽ ജലസേചനം സുഗമമാക്കാൻ പാലക്കാടിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും കാലങ്ങളായുള്ള ആവശ്യമാണ്. ഇതിലും പുതിയ ബജറ്റിൽ നടപടി സ്വീകരിക്കേണ്ടതുണ്ട്.

 പച്ചത്തേങ്ങ സംഭരണം

പച്ചക്കറി, പച്ചത്തേങ്ങ സംഭരണത്തിലും നടപടികൾ ഒട്ടും കാര്യക്ഷമമല്ല. കൃഷിക്കാർക്കു യാതൊരു പ്രയോജനവും ഇല്ല. വിലയില്ലാതായി തക്കാളി കർഷകർ റോഡിൽ ഉപേക്ഷിക്കുമ്പോഴാണ് എന്തെങ്കിലും നടപടി ഉണ്ടാകുന്നത്. തേങ്ങാ സംഭരണ നടപടികളും കണ്ണിൽപൊടിയിടുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com