പാലക്കാട് ∙ കർഷകരിൽനിന്നു നെല്ലെടുക്കാൻ ഡിജിറ്റൽ ത്രാസ് നിർബന്ധമാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനിച്ചു. പരമ്പരാഗത ത്രാസ് ഉപയോഗിച്ചു നെല്ലളക്കുന്നതു ക്രമക്കേടുകൾക്കു വഴിവയ്ക്കുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നാണു തീരുമാനം. അളവുതൂക്ക മെഷീനുകളിലെ ക്രമക്കേട് പാലക്കാട് ജില്ലയിലാണ് കൂടുതലെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. കൂടുതൽ അളവിലുള്ള നെല്ല് വേ ബ്രിജിലാണു തൂക്കുന്നത്.
സംഭരണ രസീതിൽ നെല്ലിന്റെ അളവ് യഥാർഥത്തിലുള്ളതിൽ കൂടുതൽ എഴുതിച്ചേർത്തു വലിയതോതിൽ അഴിമതി നടത്തുന്നതായി സപ്ലൈകോ വിജിലൻസ് എസ്പിയുടെ പരിശോധനയ്ക്കു ശേഷം സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു മൂന്നു മന്ത്രിമാരുടെ സാന്നിധ്യത്തിൽ യോഗം.
മറ്റു തീരുമാനങ്ങൾ
∙ പാഡി മാർക്കറ്റിങ് ഓഫിസർമാർക്ക് (പിഎംഒ) തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കും. ഇവരുടെ നിയമന കാലാവധി ഒരു വർഷമായി പരിമിതപ്പെടുത്തും. നിലവിൽ 3 വർഷമാണു കാലാവധി.
∙ നെല്ലിന്റെ ഈർപ്പം പരിശോധിക്കാൻ പിഎംഒമാരുടെ മോയ്സ്ചർ മീറ്റർ തന്നെ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കും.
∙ സംഭരണം സുതാര്യമായും വേഗത്തിലും നടത്താൻ പാഡി അസിസ്റ്റന്റ്, മിൽ ഏജന്റ്, കർഷകസമിതി പ്രതിനിധി എന്നിവരുടെ യോഗംനടത്തും.
∙ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കർഷകരുടെയും പാടശേഖര സമിതികളുടെയും യോഗം വിളിച്ചുചേർക്കും.
∙ മില്ലുകാർക്കു പാടം അനുവദിക്കുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്വെയറിൽ അപാകതയുണ്ടെങ്കിൽ അത് അടിയന്തരമായി പരിഹരിക്കാൻ നടപടിയെടുക്കും.
പാഡി ഒാഫിസർമാരെ പിൻവലിച്ചത് സമ്മർദത്തെ തുടർന്ന്
രണ്ടാംവിള സംഭരണ ഒരുക്കം നടക്കവേ, രണ്ടു പാഡി ഓഫിസർമാരെ മാറ്റിയ നടപടി രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമെന്ന് ആരോപണം. ക്രമക്കേടുകൾക്കെതിരെയുള്ള നടപടികൾ അട്ടിമറിക്കാനാണിത്. ഉദ്യോസ്ഥരിൽ ഒരാൾ നാലു മാസം മുൻപും ഒരാൾ രണ്ടര മാസം മുൻപും മാത്രമാണു തസ്തികയിലെത്തിയത്. ആലത്തൂരിൽ പരിശോധന കർശനമാക്കിയതോടെയാണ് അഴിമതിയും ക്രമക്കേടും വൻതോതിൽ പുറത്തുവന്നതെന്നും കർഷകർ ചൂണ്ടിക്കാണിക്കുന്നു.
നിയമിച്ചപ്പോൾതന്നെ അദ്ദേഹത്തെ പിൻവലിക്കാനും ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ നിലനിർത്താനും ഒരു രാഷ്ട്രീയ നേതാവിന്റെ നേതൃത്വത്തിൽ ശക്തമായ നീക്കം നടന്നിരുന്നു. വിജിലൻസ് ഇടപെടലിനു പിന്നാലെ ഇതു നിലച്ചെങ്കിലും പിന്നീട് ഉദ്യോഗസ്ഥർക്കുമേൽ കടുത്ത സമ്മർദവും ഭീഷണിയും ഉണ്ടായി. ക്രമക്കേടിനു രാഷ്ട്രീയ പിന്തുണയുള്ളതിനാൽ, അഴിമതിക്കെതിരെ നിൽക്കുന്നവരെ മാറ്റുന്നതോടെ എല്ലാം പഴയപടിയാകുമെന്നാണു കർഷകരുടെ ആശങ്ക.