പാലക്കാട് ∙ മദ്യപിക്കാൻ പണം നൽകാത്തതിനു യുവാവിനെ മർദിച്ചു വിരലൊടിച്ച കേസിലെ പ്രതികളെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ചിറക്കാട് സ്വദേശികളായ ബൈജു തങ്കരാജ്, കളത്തിൽ വീട്ടിൽ ഷെറിൻ, കുന്നത്തൂർമേട് സ്വദേശി രേഷ്മ ഹൗസിൽ അരുൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുന്നത്തൂർമേട് സ്വദേശി ശരവണ നിവാസ് അനൂപിനാണു മർദനത്തിൽ പരുക്കേറ്റത്.കഴിഞ്ഞ 31നു രാത്രി ഒൻപതരയോടെ അനൂപിനെ കുന്നത്തൂർമേട് വായനശാലയ്ക്കു സമീപം തടഞ്ഞുനിർത്തി ഇവർ മദ്യപിക്കാൻ പണം ആവശ്യപ്പെട്ടു. നൽകാതെ പോയ അനൂപിനെ വീട്ടിൽക്കയറി മർദിക്കുകയായിരുന്നു.
ഇരുമ്പു പൈപ്പ് ഉപയോഗിച്ചുള്ള ഒന്നാം പ്രതിയുടെ അടിയിലാണ് അനൂപിന്റെ മോതിരവിരൽ ഒടിഞ്ഞത്. ഇയാളുടെ അനുജനും നിസ്സാര പരുക്കേറ്റു.ഇൻസ്പെക്ടർ ടി.ഷിജു ഏബ്രഹാമിന്റെ നേതൃത്വത്തിലാണു പ്രതികളെ അറസ്റ്റ് ചെയ്തത്. ബൈജുവിന്റെ പേരിൽ കഞ്ചാവു കടത്ത്, പിടിച്ചുപറി തുടങ്ങി പന്ത്രണ്ടോളം കേസുകൾ നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.