മണ്ണാര്‍ക്കാട് ∙ നഗരത്തിലെ ബേക്കറിയിൽ മാനിറച്ചിയുണ്ടെന്ന വിവരത്തെത്തുടർന്നു വനംവകുപ്പു നടത്തിയ പരിശോധനയിൽ 6 കിലോ ഇറച്ചി പിടിച്ചെടുത്തു. ബേക്കറി ജീവനക്കാരൻ ഷെരീഫ് (32), ഇയാൾക്ക് ഇറച്ചി എത്തിച്ചുനൽകിയ മണ്ണാർക്കാട് അണ്ടിക്കുണ്ട് സ്വദേശി കുന്നത്ത് വീട്ടിൽ മനോജ് (38) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷെരീഫ് ജോലി ചെയ്യുന്ന ബേക്കറിയിൽ മാനിറച്ചി ഉണ്ടെന്ന വിവരത്തെത്തുടർന്നായിരുന്നു പരിശോധന.
ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ഇറച്ചി. മാനിറച്ചിയെന്നു പറഞ്ഞു മനോജാണ് ഇത് എത്തിച്ചതെന്നു ഷെരീഫ് മൊഴി നൽകിയതോടെയാണു മനോജിനെ അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലിൽ, ബേക്കറിയിൽ നൽകിയതു മാട്ടിറച്ചിയാണെന്നും മുൻപും മാനിറച്ചിയെന്ന വ്യാജേന മാട്ടിറച്ചിയും പട്ടിയിറച്ചിയും വിറ്റിട്ടുണ്ടെന്നും ഇയാൾ മൊഴി നൽകിയെന്നു വനംവകുപ്പ് അധികൃതർ അറിയിച്ചു. മാനിറച്ചി വിറ്റതിനു ഷോളയൂരിൽ മനോജിനെതിരെ കേസുണ്ട്.
ഇതു മുതലാക്കിയാണ് ഇയാൾ വ്യാജ ഇറച്ചിവിൽപന നടത്തുന്നതെന്നും 250 രൂപയ്ക്കു വാങ്ങുന്ന മാട്ടിറച്ചി 1000 രൂപയ്ക്കാണു വിൽക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പിടികൂടിയ ഇറച്ചിയുടെ സാംപിൾ പരിശോധനയ്ക്ക് അയയ്ക്കും. പരിശോധനാഫലം വന്നതിനു ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നു മണ്ണാർക്കാട് റേഞ്ച് ഓഫിസർ എൻ.സുബൈർ അറിയിച്ചു. ഡപ്യൂട്ടി റേഞ്ച് ഓഫിസർ എൻ.പുരുഷോത്തമൻ, എസ്എഫ്ഒ സി.നഞ്ചി, ബിഎഫ്ഒമാരായ മുഹമ്മദ് സുബൈർ, കെ.സുനിത, എ.നിശാന്തിനി, വി.സവിത, സി.എം.അബ്ദുൽ റഫീഖ്, ബി.ഭാനുപ്രിയ എന്നിവരടങ്ങുന്ന സംഘമാണു പിടികൂടിയത്.