കരിങ്ങനാട് ∙ ദാഹജലം മുട്ടിയപ്പോള്‍ സഹോദരന്മാരായ വിപിനും സുബിനും ചേര്‍ന്ന് കിണര്‍ കുഴിച്ചു. ഏഴരയടി തഴ്ന്നപ്പോള്‍ വെള്ളം കണ്ടു. നാട്ടുകാര്‍ക്ക് ചക്കരപ്പാനീയം നല്‍കി സന്തോഷം പങ്ക് വച്ചു വട്ടക്കര കുടുംബം. പൈപ്പ് വെള്ളം മുടങ്ങി ശുദ്ധജലത്തിന് വലഞ്ഞപ്പോള്‍ സ്വന്തമായി കിണർ നിർമിക്കുകയായിരുന്നു വിദ്യാര്‍ഥികളായ സഹോദരന്മാര്‍. വിളയൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ കരിങ്ങനാട് കുണ്ട് താമസിക്കുന്ന വട്ടക്കര ഹരിദാസിന്റെ മക്കള്‍ വിപിൻദാസും സുബിൻദാസുമാണ് ശുദ്ധജലക്ഷാമത്തിന് അറുതി വരുത്താൻ സ്വന്തമായി വട്ടക്കിണർ നിർമിച്ചത്.
ബിസിഎ ബിരുദധാരിയായ വിപിൻ ദാസ് കിണർ കുഴിക്കാൻ ഇറങ്ങിയപ്പോള്‍ സഹോദരൻ സുബിൻദാസും ഒപ്പം ചേർന്നു.തയ്യൽ തൊഴിലാളിയായ പിതാവ് ഹരിദാസൻ ഒരു ദിവസം വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മക്കൾ വീട്ടിൽ കിണർ പണി തുടങ്ങിയ വിവരം അറിയുന്നത്. പകലും രാത്രിയുമായാണ് ഇരുവരും കിണര്‍ കുഴിച്ചത്. രാത്രിയാണ് മണ്ണ് കയറ്റലും മറ്റും നടത്തിയത്. വിപിനും ഡിഗ്രി വിദ്യാർഥിയായ സുബിനും മുൻപരിചയം ഇല്ലാതെയാണ് കിണര്‍ നിര്‍മാണത്തിന് ഇറങ്ങിയത്.
ഏഴര കോല്‍ താഴ്ന്നപ്പോള്‍ വെള്ളം കണ്ടതില്‍ സന്തുഷ്ടരാണ് ഈ കുടുംബം. കിണർ കാണാൻ വരുന്നവർക്കെല്ലാം ചക്കര വെള്ളം കലക്കി നല്‍കിയാണ് ഹരിദാസിന്റെ കുടുംബം സന്തോഷം പങ്കുവയ്ക്കുന്നത്. വിപിനെയും സുബിനെയും വാര്‍ഡ് അംഗം നീലടി സുധാകരന്റെ നേതൃത്വത്തില്‍ അനുമോദിച്ചു.