ഒറ്റപ്പാലം ∙ വിമുക്തഭടന്റെ നിസ്വാർഥ സേവനം ഫലം കണ്ടു. വർഷങ്ങൾ നീണ്ട സൈനിക സേവനത്തിനു ശേഷം വിരമിച്ച പാലപ്പുറം പഴഞ്ചിരിപ്പാട്ടിൽ സുധാകരനു (55) കീഴിൽ സൗജന്യ പരിശീലനം നടത്തിയിരുന്ന 3 പേർക്ക് അഗ്നിപഥ് വഴി സൈനിക നിയമനം ലഭിച്ചു. സുധാകരൻ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ യുവാക്കൾക്കു ദിവസവും സൈനിക പരിശീലനം നൽകുന്നതു കഴിഞ്ഞ ജൂലൈയിൽ ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു. കയറംപാറ സ്വദേശിയായ യുവാവിനും എറക്കോട്ടിരി സ്വദേശികളായ 2 പേർക്കുമാണു സൈന്യത്തിൽ നിയമനം ലഭിച്ചത്.
നേരത്തെ സുധാകരനു കീഴിൽ പരിശീലനം നടത്തിയിരുന്ന 3 പേർക്ക് കരസേനയിലും ഓരോരുത്തർക്കു വീതം നേവി, ബിഎസ്എഫ്, പാരാ റെജിമെന്റ് എന്നിവയിലും നിയമനം ലഭിച്ചിരുന്നു. ഇപ്പോഴും പത്തിലേറെ ഉദ്യോഗാർഥികൾ ദിവസവും രാവിലെ കേന്ദ്രീയ വിദ്യാലയത്തിനു സമീപം പരീശീലനത്തിന് എത്തുന്നുണ്ട്. വെയിലായാലും മഴയായാലും പരിശീലനത്തിൽ വിട്ടുവീഴ്ചയുണ്ടാകാറില്ല. പ്രഭാതസവാരിക്ക് ഇറങ്ങാറുള്ള സുധാകരൻ, പല യുവാക്കളും ലക്ഷ്യബോധമില്ലാതെ കായിക പരിശീലനങ്ങളിൽ ഏർപ്പെടുന്നതു കണ്ടാണ് ഇത്തരമൊരു ഉദ്യമത്തിനു തുടക്കമിട്ടത്. ആദ്യഘട്ടത്തിൽ അംഗബലം പരിമിതമായിരുന്നെങ്കിലും ഘട്ടംഘട്ടമായി ഉദ്യോഗാർഥികളുടെ എണ്ണം വർധിക്കുകയായിരുന്നു.