ADVERTISEMENT

പാലക്കാട് ∙ നിക്ഷേപകരിൽ നിന്നു കോടികൾ തട്ടിയ സേഫ് ആൻഡ് സ്ട്രോങ് തട്ടിപ്പു കേസ് അന്വേഷണത്തിനു പ്രത്യേകം ഓഫിസറെ ചുമതലപ്പെടുത്തുന്നതു പരിഗണിക്കുമെന്ന് ഡിജിപി അനിൽകാന്ത് അറിയിച്ചു. സംസ്ഥാന ക്രൈംബ്രാഞ്ച് ആണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. പൊലീസ് സേനയിലെ കളങ്കിതർക്കെതിരെ നടപടി തുടരും. ജോലിഭാരം കുറവായ പൊലീസ് സ്റ്റേഷനുകളുടെ ചുമതല സബ് ഇൻസ്പെക്ടർമാർക്കു നൽകുന്നതു ആലോചിക്കുന്നുണ്ടെന്നും അന്തിമതീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

ജില്ലയിലെ ക്രമസമാധാന പാലനം, കുറ്റകൃത്യം തടയൽ, കേസുകളുടെ നടത്തിപ്പ് ഉൾപ്പെടെയുള്ള അവലോകനത്തിന് എത്തിയതായിരുന്നു അദ്ദേഹം. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ.അജിത്ത്കുമാറും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ്, അഡീഷനൽ എസ്പി എസ്.ഷാനവാസ്, എഎസ്പി എ.ഷാഹുൽ ഹമീദ്, ഡിവൈഎസ്പിമാർ, ഇൻസ്പെക്ടർമാ‍ർ എന്നിവർ പങ്കെടുത്തു. സ്റ്റുഡന്റ് പൊലീസ് കെഡറ്റിന്റെ പരേഡും ഡിജിപി പരിശോധിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്ത ഗായിക നഞ്ചിയമ്മയെയും സംഘത്തെയും ഡിജിപി ആദരിച്ചു. 

ജില്ലാ പൊലീസിന്അഭിനന്ദനം

നാടു നടുങ്ങിയ രാഷ്ട്രീയ കൊലപാതകങ്ങളിലുൾപ്പെടെ നാടിന്റെ ക്രമസമാധാനനില കൈവിടാതെ കാത്തതിനും അന്വേഷണ മികവിനും ജില്ലാ പൊലീസിന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന്റെ അഭിനന്ദനം. രാജ്യത്തു തന്നെ ചർച്ചാ വിഷയമായ സഞ്ജിത്ത് വധക്കേസ്, സുബൈർ വധക്കേസ്, ശ്രീനിവാസൻ വധക്കേസ് എന്നിവയിലും കേരളത്തിൽ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച ഷാജഹാൻ വധക്കേസിലുൾപ്പെടെ പൊലീസിന്റെ ഇടപെടലും അന്വേഷണ മികവും ഡിജിപി അവലോകന യോഗത്തിൽ എടുത്തു പറഞ്ഞു.

ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ നേതൃത്വത്തിൽ  പൊലീസ് നടത്തിയ ശക്തമായ അന്വേഷണത്തിൽ പ്രധാന പ്രതികളെല്ലാം അറസ്റ്റിലായി.പൊലീസിന്റെ ഇത്തരം നടപടികൾ സേനയുടെ വിശ്വാസ്യതയും വർധിപ്പിച്ചു. ഇത്തരം കേസുകളും അട്ടപ്പാടി മധു വധക്കേസ് പ്രോസിക്യൂഷൻ നടപടികളും ഡിജിപി അവലോകനം നടത്തി.  സംസ്ഥാന ആഭ്യന്തര വകുപ്പിനും പൊലീസ് സേനയ്ക്കും ഒട്ടും തലവേദന സൃഷ്ടിക്കാതെ മികച്ച രീതിയിലാണു ജില്ലാ പൊലീസിന്റെ പ്രവർത്തനമെന്നാണു വിലയിരുത്തൽ. ചില ജില്ലകളിൽ പൊലീസിനെതിരെ കടുത്ത ആരോപണങ്ങൾ ഉയരുമ്പോൾ പാലക്കാട് അത്തരം പരാതികൾ ഇല്ല. 

പ്രശംസാപത്രം സമ്മാനിച്ചു

രാഷ്ട്രീയ കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള കേസുകളിലെ അന്വേഷണ മികവിനും ചുമതല നിർവഹണത്തിനും ഡിവൈഎസ്പിമാർ ഉൾപ്പെടെയുള്ള പൊലീസ് ഓഫിസർമാർക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രശംസാപത്രം. ഡിവൈസ്പിമാരായ എം.അനിൽകുമാർ, എസ്.ഷംസുദീൻ, ഇൻസ്പെക്ടർമാരായ എ.ദീപകുമാർ, എം.ശശിധരൻ, ജെ.മാത്യു, എം.സുജിത്ത്, ടി.ഷിജു ഏബ്രഹാം, എൻ.എസ്.രാജീവ്, എ.ആദംഖാൻ, എസ്ഐമാരായ വി.ഹേമലത, എസ്.അനീഷ്, എം.ബി.രാജേഷ്, കെ.വി.സുധീഷ്കുമാർ, വി.എൽ.ഷിജു, സി.കെ.രാജേഷ്, എഎസ്ഐ എസ്.ജലീൽ എന്നിവർക്കാണു ഡിജിപിയുടെ പ്രശംസാപത്രം ലഭിച്ചത്. കോവിഡ് പ്രതിസന്ധിക്കു ശേഷം നടന്ന കൽപാത്തി രഥോത്സവത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ മാതൃകാപരമായി നിറവേറ്റിയതിന് എഎസ്പി എ.ഷാഹുൽഹമീദിനും ഡിജിപിയുടെ പ്രശംസാപത്രം ലഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com