ADVERTISEMENT

പാലക്കാട് ∙ നിർദിഷ്ട കോയമ്പത്തൂർ – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് കേരളത്തിലേക്കു നീട്ടാൻ സാധ്യതയേറുന്നു. കോഴിക്കോട് – ബെംഗളൂരു വന്ദേഭാരത് റൂട്ടിൽ ഓടിക്കുന്നതിനു തടസ്സമില്ലെന്നു റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ നിലപാടെടുത്തിട്ടുണ്ട്. സേലം ഡിവിഷന് അനുവദിച്ച രണ്ടു വന്ദേഭാരത് എക്സ്പ്രസുകളിലൊന്നു കോയമ്പത്തൂർ – ബെംഗളൂരു റൂട്ടിൽ ഓടിക്കാമെന്നാണ് ഒരു നിർദേശം. ഇപ്പോൾ ബെംഗളൂരുവിനും കോയമ്പത്തൂരിനുമിടയിൽ സർവീസ് നടത്തുന്ന ഉദയ് എസി ഡബിൾ ഡെക്കർ എക്സ്പ്രസ് കോഴിക്കോട്ടേക്കു നീട്ടി വന്ദേഭാരത് എക്സ്പ്രസായി ഓടിക്കാമെന്നാണു മറ്റൊരു നിർദേശം.

റെയിൽവേ പുതുതായി നിർമിക്കുന്ന മിനി വന്ദേഭാരത് ഗണത്തിലുള്ള ചെറിയ ട്രെയിനുകളായിരിക്കും ഈ റൂട്ടിൽ ഓടുകയെന്നു വ്യക്തമായിട്ടുണ്ട്. വലിയ ട്രെയിനുകളിൽ 16 കോച്ചുകൾ ലഭ്യമാവുമ്പോൾ ഈ ട്രെയിനിൽ എട്ടു കോച്ചുകൾ മാത്രമേ ഉണ്ടാവുകയുള്ളൂ. ആകെ 564 സീറ്റുകളുണ്ടാകും. ഉദയ് എക്സ്പ്രസ് റെയിൽവേയ്ക്കു കനത്ത വരുമാന നഷ്ടമുണ്ടാക്കുന്നുണ്ട്. ഓരോ ദിവസവും ഇരുന്നൂറിൽ താഴെ സീറ്റുകളിൽ മാത്രമാണ് യാത്രക്കാരുള്ളത്. ഈ ട്രെയിൻ പാലക്കാട് ടൗണിലേക്കു നീട്ടുന്ന കാര്യം റെയിൽവേയുടെ പരിഗണനയിലുണ്ട്. സേലം ഡിവിഷൻ പൂർണസമ്മതം അറിയിച്ചിട്ടും റെയിൽവേ ബോർഡ് തീരുമാനമെടുത്തിട്ടില്ല. ഈ ട്രെയിനിനു പകരം മിനി വന്ദേഭാരത് ഓടിച്ചു കോഴിക്കോട്ടേക്കു സർവീസ് നീട്ടിയാൽ ലാഭകരമാക്കാമെന്നു റെയിൽവേ അധികൃതർ കരുതുന്നു. ‌‌

കോയമ്പത്തൂർ – കോഴിക്കോട് റൂട്ടിൽ വന്ദേഭാരത് ഓടിക്കുന്നതിനു കാര്യമായ തടസ്സങ്ങളില്ല. വാളയാറിലെ വനപ്രദേശത്തും ഷൊർണൂർ ജംക്‌ഷനിലും മാത്രമാണു വേഗം കുറയ്ക്കേണ്ടി വരിക. ഷൊർണൂർ – കോഴിക്കോട് പാതയിൽ 110 കിലോമീറ്റർ വരെ വേഗം അനുവദിച്ചിട്ടുള്ളതിനാൽ രണ്ടര മണിക്കൂർ കൊണ്ടു കോഴിക്കോട്ടു നിന്നു കോയമ്പത്തൂരിൽ എത്താനാകും. അതേസമയം, കേരളത്തിലെ റെയിൽവേ ഡിവിഷനുകളോ ജനപ്രതിനിധികളോ ഇതുവരെ ആവശ്യം ഉന്നയിച്ചിട്ടില്ല. ബജറ്റ് ചർച്ചയിൽ ഈ വിഷയം ഉയർത്തിയാൽ പരിഗണിക്കപ്പെടും എന്ന് ഉന്നത ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com