ADVERTISEMENT

എലവഞ്ചേരി  ∙ തൃശൂരിലെ സ്വകാര്യ കോളജിൽ ലാബ് ഇൻസ്ട്രക്ടറായ യുവാവിനെ വീട്ടിനകത്തു ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പനങ്ങാട്ടിരി അമ്പലപ്പറമ്പിൽ പരേതനായ ചാമിമലയുടെ മകൻ ഗിരീഷിനെ (38) ആണ് വീടിന്റെ അടുക്കളയോടു ചേർന്ന ഭാഗത്തു മരിച്ച നിലയിൽ കണ്ടെത്തിയത്. ഓൺലൈൻ ചൂതാട്ടത്തിലൂടെയുണ്ടായ കടങ്ങളും കുടുംബപ്രശ്നങ്ങളുമാണു ജീവനൊടുക്കുന്നതിനു കാരണമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. കുടുംബപ്രശ്നങ്ങളെത്തുടർന്നു ഭാര്യ തൃശൂർ മാടയ്ക്കത്തറയിലെ തന്റെ വീട്ടിലേക്കു പോയതിനെത്തുടർന്ന് ഏതാനും ദിവസങ്ങളായി ഗിരീഷ് ഒറ്റയ്ക്കാണു താമസിക്കുന്നത്. 

പുറത്തേയ്ക്കു കാണാഞ്ഞതിനെത്തുടർന്ന് ഇന്നലെ രാവിലെ ഗിരീഷിന്റെ ചെറിയച്ഛന്റെ മകൻ മോഹനൻ വീട്ടിൽ നടത്തിയ പരിശോധനയിലാണു മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഒന്നര ദിവസത്തോളം പഴക്കമുണ്ട്. ലക്ഷക്കണക്കിനു രൂപ ചൂതാട്ടത്തിലൂടെ നഷ്ടപ്പെട്ടതായി ഗിരീഷുമായി അടുപ്പമുള്ളവർ അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞിട്ടുണ്ട്. പണവും സ്വർണാഭരണങ്ങളും നഷ്ടമായിട്ടുണ്ടെന്നും പറയുന്നു. 

കഴിഞ്ഞ ഓണക്കാലത്തും ജീവനൊടുക്കാൻ ശ്രമം നടത്തിയെങ്കിലും ബന്ധുക്കളുടെ ഇടപെടലിൽ രക്ഷപ്പെടുകയായിരുന്നു. ഓൺലൈൻ ചൂതാട്ടത്തെത്തുടർന്നു കോളജിലെ പലരിൽ നിന്നും കൂട്ടുകാരിൽ നിന്നും മറ്റും പണം കടം വാങ്ങുകയും തിരികെ കൊടുക്കുകയും ചെയ്തിരുന്നു. പലിശയ്ക്കു പണം കടം വാങ്ങുകയും ചെയ്തിരുന്നത്രെ. അങ്ങനെ വന്ന ബാധ്യത ഒരിക്കൽ വീട്ടുകാരും ബന്ധുക്കളും ചേർന്നു തീർത്തിരുന്നതായും പൊലീസിനു മൊഴി ലഭിച്ചിട്ടുണ്ട്. എന്നാൽ, അതിനു ശേഷവും ചൂതാട്ടം തുടർന്നതോടെ കുടുംബപ്രശ്നങ്ങളുണ്ടായി. 

ഇതു സംബന്ധിച്ചു ഭാര്യവീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടെങ്കിലും പിന്നീടതു പറഞ്ഞുതീർക്കുകയായിരുന്നു. ഭാര്യ സ്വന്തം വീട്ടിലേക്കു പോയതോടെ കുറച്ചു ദിവസങ്ങളായി ഗിരീഷ് കോളജിലും പോയിട്ടില്ലെന്നു പറയുന്നു. ഗിരീഷിന്റെ അമ്മ: സരോജിനി. ഭാര്യ: വിശാഖ. മക്കൾ: അവന്തിക, ആദിനാഥ്. സഹോദരങ്ങൾ: സുരേഷ്, രമേഷ്, ഷീജ, പ്രീജ, രതി, ദിനേഷ്. 

അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലങ്കോട് എസ്ഐ എസ്.സുധീറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com