ADVERTISEMENT

പാലക്കാട്∙ നിർദിഷ്ട കോയമ്പത്തൂർ – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടിയില്ലെങ്കിൽ വൻ നഷ്ടത്തിലാവാൻ സാധ്യത. കോയമ്പത്തൂർ – ബെംഗളൂരു റൂട്ടിൽ ഇപ്പോൾ ഓടുന്ന ഉദയ് ഡബ്ൾഡക്കർ എക്സ്പ്രസിന്റെ അവസ്ഥ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം, ഏറ്റവും തിരക്കു കുറഞ്ഞ സീസണിൽ പോലും കേരളത്തിൽ നിന്നുള്ള ബെംഗളൂരു ട്രെയിനുകൾ നിറഞ്ഞുതന്നെയാണ് സർവീസ് നടത്തുന്നത്.

Also read: പാപ്പാൻമാരോട് അടുത്ത് ‘ധോണി’, കരിമ്പ് ഏറെയിഷ്ടം; ‘കൂടുജീവിത’ത്തോട് ഇണങ്ങി

എട്ട് എസി ഡബ്ൾഡക്കർ കോച്ചുകളുമായാണ് ഉദയ് എക്സ്പ്രസ് 2018ൽ സർവീസ് ആരംഭിച്ചത്. എന്നാൽ, യാത്രക്കാരുടെ കുറവിനെത്തുടർന്ന് ഇതിലെ മൂന്നു കോച്ചുകൾ പിന്നീട് സാധാരണ കോച്ചുകളാക്കി മാറ്റിയിരുന്നു. എന്നിട്ടും ഈ ട്രെയിനിൽ ഇപ്പോഴും യാത്രക്കാർ കുറവാണ്. നാളെ രാവിലെ കോയമ്പത്തൂരിൽ നിന്നു പുറപ്പെടുന്ന ട്രെയിനിൽ ഇതുവരെ റിസർവ് ചെയ്ത യാത്രക്കാരുടെ എണ്ണം 178 മാത്രമാണ്. 790 സീറ്റുകൾ കാലിയായി കിടക്കുന്നു.

അടുത്ത 15 വരെയുള്ള എല്ലാ ദിവസങ്ങളിലും എഴുനൂറിനു മുകളിൽ സീറ്റുകളിലേക്ക് ഇതുവരെ റിസർവേഷൻ  ആയിട്ടില്ല. അതേസമയം, കോഴിക്കോട്ടു നിന്നുള്ള ഏക ബെംഗളൂരു ട്രെയിനായ യശ്വന്ത്പുർ എക്സ്പ്രസിൽ നാളെ വെയ്റ്റിങ് ലിസ്റ്റ് 75 ആണ്. അടുത്ത ദിവസങ്ങളിൽ വെയ്റ്റിങ് ലിസ്റ്റ് ഇപ്പോൾത്തന്നെ നൂറു കടന്നു.

യാത്രക്കാർ കയ്യൊഴിഞ്ഞ ഉദയ് എക്സ്പ്രസിന്റെ അതേ റൂട്ടിൽ സ്റ്റോപ്പുകൾ കുറച്ച് വന്ദേഭാരത് ഓടിച്ചാലും ലാഭത്തിലാക്കാൻ കഴിയില്ലെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു. കോയമ്പത്തൂർ സ്റ്റേഷനിൽ നിന്നു മാത്രമാണ് ഉദയ് എക്സ്പ്രസിന് കുറച്ചെങ്കിലും യാത്രക്കാർ ഉള്ളത്. എന്നാൽ, ട്രെയിൻ കോഴിക്കോട്ടേക്കു നീട്ടിയാൽ കോഴിക്കോട്, പാലക്കാട് സ്റ്റേഷനുകളിൽ നിന്നുള്ള വരുമാനം കൂടി ലഭിക്കുന്നതോടെ നഷ്ടക്കണക്ക് ഒഴിവാക്കാനാവും. മാത്രമല്ല മിനി വന്ദേഭാരത് എക്സ്പ്രസിൽ 564 സീറ്റുകൾ മാത്രമാണുള്ളത്.

മംഗളൂരു – കോയമ്പത്തൂർ റൂട്ടിൽ സ്വകാര്യ ശതാബ്ദി എക്സ്പ്രസിന് നേരത്തെ റെയിൽവേ ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്. കോയമ്പത്തൂർ – കോഴിക്കോട് റൂട്ടിൽ ശതാബ്ദി ക്ലാസ് ട്രെയിൻ ഓടിക്കാനാവുമെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. ഈ റൂട്ടിൽ വന്ദേഭാരത് ഓടിക്കാൻ തടസ്സമില്ലെന്നതിന്റെ തെളിവായിരുന്നു അത്. എന്നാൽ, സ്വകാര്യ ട്രെയിനുകൾ തുടങ്ങുന്നതിൽ നിന്നു റെയിൽവേ പിന്നാക്കം പോയതോടെയാണ് ഈ നിർദേശം ഇല്ലാതായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com